Asianet News MalayalamAsianet News Malayalam

നിയമന വിവാദത്തിൽ വിശദീകരണവുമായി കേരള സ‌ർവ്വകലാശാല; പൂർണിമയുടെ നിയമനം ഡെപ്യൂട്ടേഷനിൽ എന്ന് ന്യായീകരണം

തൻ്റെ യോഗ്യത ബോധ്യപ്പെടുത്തേണ്ടത് സമരക്കാരെയല്ലെന്ന് പറഞ്ഞ ഡോ പൂർണിമ നിയമനത്തിലെ ഉത്തരവാദിത്വം സർവ്വകലാശാലയുടെ തലയിലേക്കിട്ടു. വിവാദം ശക്തമാകുമ്പോൾ പരാതിയിൽ ഗവർണർ വിസിയോട് ഉടൻ വിശദീകരണം ചോദിക്കാൻ ഇടയുണ്ട്. 

kerala university comes up with more explanations justifying poornima mohan appointment
Author
Trivandrum, First Published Jul 12, 2021, 7:55 PM IST

തിരുവനന്തപുരം: ലെക്സിക്കൺ എഡിറ്റർ നിയമന വിവാദത്തിൽ വിശദീകരണവുമായി കേരള സ‌ർവ്വകലാശാല. പൂ‌ർണിമയുടെ നിയമനം ഡെപ്യൂട്ടേഷനിൽ ആണെന്നാണ് വിശദീകരണം. വിദ​ഗ്ധ‌ർ അടങ്ങുന്നു സെലക്ഷൻ കമ്മിറ്റിയാണ് വിജ്ഞാപനം ഇറക്കിയതെന്ന് വിശദീകരിക്കുമ്പോഴും ഓർഡിനൻസ് വ്യവസ്ഥ മറി കടന്നതിനെ പറ്റിയുള്ള ചോദ്യങ്ങൾക്ക് വിശദീകരണം ഇല്ല. 

പൂ‌‌‌ർണിമ പദവിക്ക് യോ​ഗ്യയാണെന്ന് സർവകലാശാല ആവ‌ർത്തിക്കുന്നു. ഡോക്ടറേറ് സംസ്‌കൃതത്തിലാണെങ്കിലും മലയാളത്തിലും തമിഴിലും പൂ‌‍ർണിമയ്ക്ക് പാണ്ഡിത്യം ഉണ്ടെന്നും സർവകലാശാലയുടെ വിശദീകരണക്കുറിപ്പിൽ പറയുന്നു. 

മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറിയും നിലവിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയുമായ ആർ മോഹനൻ്റെ ഭാര്യ ഡോ പൂർണിമ മോഹനനെ നിയമിക്കാൻ മാത്രമായി സർവ്വകലാശാല ചട്ടങ്ങൾ വളച്ചൊടിച്ചെന്നാണ് ആരോപണം. ലെക്സിക്കൻ എഡിറ്റർ തസ്തികക്ക് വേണ്ട അടിസ്ഥാന യോഗ്യത മലയാള ഭാഷയിൽ ഫസ്റ്റ് ക്ലാസ് അല്ലെങ്കിൽ സെക്കൻ‍ഡ് ക്ലാസോടുകൂടിയുള്ള ബിരുദമാണെന്ന് സർവ്വകലാശാല ഓർഡിനൻസിൽ കൃത്യമായി പറയുന്നുണ്ട്. ഓർഡിനൻസിനെ മറികടന്ന് നിയമനത്തിനുള്ള വിജ്ഞാപനത്തിൽ പക്ഷെ ചേർത്തത് പിഎച്ച്ഡി മലയാളം അല്ലെങ്കിൽ സംസ്കൃതം. സംസ്കൃത ഭാഷാ പ്രൊഫസർ ആയ പൂർണിമ മാത്രം അപേക്ഷിച്ചു, നിയമനവും നൽകി. 

വിസി നിയമിച്ച സെലക്ഷൻ ബോർഡാണ് യോഗ്യത നിശ്ചയിച്ചതെന്നും അഭിമുഖം നടത്തിയതും ഭാഷാ വിദഗ്ധരാണെന്നുമാണ് സർവ്വകലാശാല വിശദീകരണം. പക്ഷെ ഓർഡിനൻസ് വ്യവസ്ഥ മറികടന്നതിനെകുറിച്ചുള്ള പ്രധാന ചോദ്യത്തിന് സർവ്വകലാശാല നടത്തുന്നത് ഒളിച്ചുകളി. 

ഡോ പൂർണിമയ്ക്ക് മലയാളം അറിയില്ലെന്നാണ് നിയമനത്തിനെതിരെ ഗവർണ്ണർക്ക് പരാതി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ ആക്ഷേപം. മലയാളത്തിൽ രണ്ട് വരി എഴുതിയാൽ സമരം നിർത്താമെന്നാണ് പൂർണ്ണിമയെ ഘെരാവോ ചെയ്ത് കെഎസ്‍യു പ്രവർത്തകർ മുന്നോട്ട് വെച്ചത്.

നിയമനം വിശദീകരിക്കേണ്ട ബാധ്യത തനിക്കില്ലെന്നാണ് ഡോ പൂർണിമ മോഹ​ൻ്റെ നിലപാട്. തൻ്റെ യോഗ്യത ബോധ്യപ്പെടുത്തേണ്ടത് സമരക്കാരെയല്ലെന്ന് പറഞ്ഞ ഡോ പൂർണിമ നിയമനത്തിലെ ഉത്തരവാദിത്വം സർവ്വകലാശാലയുടെ തലയിലേക്കിട്ടു. വിവാദം ശക്തമാകുമ്പോൾ പരാതിയിൽ ഗവർണർ വിസിയോട് ഉടൻ വിശദീകരണം ചോദിക്കാൻ ഇടയുണ്ട്. 

അതിനിടെ പൂർണിമയെ ഉപരോധിച്ച് കെഎസ്‍യു പ്രവർത്തകർ നിയമന വിവാദത്തിൽ പ്രതിഷേധം ശക്തമാക്കി.

Follow Us:
Download App:
  • android
  • ios