തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി വിഷ്ണു സോമസുന്ദരത്തിന്റെ വീട്ടിൽ നിന്നും കേരള സർവ്വകലാശാലയുടെ മാർക്ക് ലിസ്റ്റ് കണ്ടെത്തി. സർവ്വകലാശാല സീലോടു കൂടിയ ആറ് മാർക്ക് ലിസ്റ്റാണ് ഡിആര്‍ഐക്ക് ലഭിച്ചത്. ലിസ്റ്റിൽ മാർക്കുകൾ എഴുതാനുളള കോളങ്ങള്‍ ഒഴിച്ചിട്ടിരിക്കുകയാണ്. എന്നാല്‍ സീലോടുകൂടിയ മാര്‍ക്ക് ലിസ്റ്റുകളാണ് കണ്ടെത്തിയത്.  കഴിഞ്ഞ മെയ് മാസത്തിലായിരുന്നു വിഷ്ണു സോമസുന്ദരത്തിന്റെ വീട്ടില്‍ ഡിആര്‍ഐ  റെയ്ഡ് നടത്തിയത്. 

താന്‍ ബിബിഎയ്ക്ക് കേരളസര്‍വകലാശാലയിലാണ് പഠിച്ചതെന്നും ആ സമയത്ത് പാളയത്തെ സര്‍വകലാശാലയുടെ ചവറ്റുകുട്ടയില്‍ നിന്നാണ് മാര്‍ക്ക് ലിസ്റ്റ് ലഭിച്ചതെന്നാണ് ഇതേക്കുറിച്ചുള്ള ചോദ്യം ചെയ്യലില്‍ വിഷ്ണു സോമസുന്ദരം പറഞ്ഞത്. 

വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത്; വിഷ്ണു സോമസുന്ദരത്തിന് ജാമ്യം...

മാര്‍ക്ക് ലിസ്റ്റ് കണ്ടെത്തിയത് ഡിആര്‍ഐ അന്വേഷണ പരിധിയില്‍ വരാത്തതായിരുന്നതിനാല്‍ ഡിആര്‍ഐ തുടരന്വേഷണം നടത്തിയിരുന്നില്ല. എന്നാല്‍ മാര്‍ക്ക് ലിസ്റ്റ് കണ്ടെത്തിയതായും ഇതിനെക്കുറിച്ച് തുടരന്വേഷണം നടത്താമെന്നും കാണിച്ച് ഡിആര്‍ഐ ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അടുത്ത ദിവസം കത്ത് നല്‍കിയേക്കുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.