തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ മോഡറേഷൻ വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ വൈസ് ചാൻസിലറെ വിളിച്ച് വരുത്തി ഗവര്‍ണര്‍. സര്‍വകലാശാല ചാൻസിലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് വൈസ് ചാൻസിലര്‍ ഡോക്ടര്‍ മഹാദേവൻ പിള്ളയെ രാജ്ഭവനിലേക്ക് വിളിപ്പിച്ച് വിവാദത്തിൽ വിശദീകരണം തേടിയത്. മാര്‍ക്ക് ദാന വിഷയത്തിൽ സമഗ്ര അന്വേഷണം നടക്കുകയാണെന്ന് വൈസ് ചാൻസിലര്‍ ഗവര്‍ണറെ അറിയിച്ചതായാണ് വിവരം. 

2016 മുതൽ 2019 വരെയുള്ള ബിരുദ പരീക്ഷകളുടെ മാർക്കിലാണ് ക്രമക്കേട് കണ്ടെത്തിയത്. എത്ര വിദ്യാർത്ഥികളുടെ മാർക്ക് തിരുത്തി എന്ന കൃത്യമായ കണക്ക് ഇതുവരെ കണ്ടെത്താനും ആയിട്ടില്ല. പല വർഷങ്ങളിലായി 12 ലേറെ വിഷയങ്ങളുടെ പരീക്ഷകളുടെ മാർക്കിലാണ് തിരിമറി ഉണ്ടായത്. തട്ടിപ്പിന് പിന്നിൽ പണമിടപാട് നടക്കാനുള്ള സാധ്യതയും ശക്തമാണ്. വിവാദത്തിന്‍റെ ഗൗരവം കണക്കിലെടുത്താണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ വിസിയെ വിളിച്ച് വരുത്തി കാര്യങ്ങൾ അന്വേഷിച്ചത്. 

സര്‍വകലാശാല സമിതിയും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തുമെന്ന് വിസി അറിയിച്ചതായാണ് വിവരം, കുറ്റക്കാര്‍ ആരായാലും അവരെ സംരക്ഷിക്കില്ലെന്ന് സര്‍ക്കാരും ഉന്നത വിദ്യാഭ്യാസ മന്ത്രിയും പ്രഖ്യാപിച്ചിട്ടുമുണ്ട് . അതേസമയം സര്‍വകലാശാല കേന്ദ്രീകരിച്ച് മാര്‍ക്ക് ദാന മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണവുമായി പ്രക്ഷോഭം ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രതിപക്ഷം