സെനറ്റ് ഹാളിലെ ഭാരതാംബ വിവാദത്തിൽ റജിസ്ട്രാറെ സസ്പെൻഡ് ചെയ്‌ത വിസിയെ വിമർശിച്ച് മന്ത്രിമാരും സിൻഡിക്കേറ്റ് അംഗങ്ങളും വിദ്യാർത്ഥി സംഘടനകളും
തിരുവനന്തപുരം: സെനറ്റ് ഹാളിലെ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്ര വിവാദത്തിൽ സസ്പെൻഷനിലായ റജിസ്ട്രാർക്ക് പിന്തുണയേറുന്നു. സംസ്ഥാനത്തെ മന്ത്രിമാരും കേരള സർവകലാശാല സിൻ്റിക്കേറ്റ് അംഗങ്ങൾക്കും പുറമെ വിദ്യാർത്ഥി സംഘടനകളായ എസ്എഫ്ഐയും കെഎസ്‌യുവും വിസിക്കെതിരെ രംഗത്തെത്തി. എസ്എഫ്ഐ ഇന്ന് രാത്രി രാജ്‌ഭവനിലേക്ക് മാർച്ച് നടത്തും.
സസ്പെൻഷനെതിരെ കോടതിയെ സമീപിക്കുമെന്ന് റജിസ്ട്രാർ കെ.എസ്. അനിൽകുമാർ വ്യക്തമാക്കി. സസ്പെൻഷൻ ഉത്തരവിൽ പറയുന്ന കാരണങ്ങൾ ശരിയല്ലെന്നും താൻ ആറ് മണിക്ക് തന്നെ സെനറ്റ് ഹാളിലെ പരിപാടിക്ക് നൽകിയ അനുമതി റദ്ദാക്കിയതാണ്. ഇതിന്റെ രേഖകൾ തന്റെ കൈവശമുണ്ട്. ഗവർണർ വേദിയിൽ എത്തിയ ശേഷമാണ് അനുമതി റദ്ദാക്കിയതെന്ന വി സിയുടെ കണ്ടെത്തൽ ശരിയല്ല. താൻ ഗവർണറെ അപമാനിച്ചിട്ടില്ലെന്നും അനിൽകുമാർ പറഞ്ഞു.
അമിതാധികാര പ്രയോഗമെന്ന് മന്ത്രി ബിന്ദു
കേരള സർവകലാശാലയിലെ താത്കാലിക വിസിയായ മോഹൻ കുന്നുമ്മലിന് റജിസ്ട്രാറെ സസ്പെൻഡ് ചെയ്യാൻ അധികാരമില്ലെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദു ചൂണ്ടിക്കാട്ടി. വിസിയുടേത് അമിതാധികാര പ്രയോഗമാണ്. സസ്പെൻഷൻ ഉത്തരവ് ചട്ടലംഘനമാണ്. ആർഎസ്എസ് കൂറ് തെളിയിച്ചയാളാണ് വിസി. വേണ്ടി വന്നാൽ സർക്കാർ വിഷയത്തിൽ ഇടപെടുമെന്നും അവർ പറഞ്ഞു. ചാൻസിലർമാരുടെ കാവിവത്കരണ നയം അനുവദിക്കില്ല, ബോധപൂർവം സംഘർഷം ഉണ്ടാക്കാൻ ചാൻസിലർ ഇടപെട്ടു, കാവിവത്കരണത്തിനുള്ള ആസൂത്രിത നീക്കമാണിതെന്നും ബിന്ദു വിമർശിച്ചു.
റജിസ്ട്രാർക്ക് നിരുപാധിക പിന്തുണയെന്ന് എസ്എഫ്ഐ
മതേതരത്ത്വവും യൂണിവേഴ്സിറ്റി നിയമവും ഉയർത്തി പിടിച്ച കേരള സർവ്വകലാശാല റജിസ്ട്രാർക്ക് നിരുപാധിക പിന്തുണയെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എം സഞ്ജീവ് വ്യക്തമാക്കി. രാത്രി ഏഴരയ്ക്ക് രാജ്‌ഭവനിലേക്ക് മാർച്ച് നടത്താനും എസ്എഫ്ഐ തീരുമാനിച്ചു.
നിയമവിരുദ്ധമായ സസ്പെൻഷനെന്ന് മന്ത്രി ബാലഗോപാൽ
സംസ്ഥാനത്തിൻ്റെ പൊതു താൽപര്യം സംരക്ഷിക്കേണ്ടയാളാണ് ഗവർണറെന്ന് ഓർമ്മിപ്പിച്ചാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ വിഷയത്തിൽ പ്രതികരിച്ചത്. വിദ്യാഭ്യാസ രംഗത്തെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഉള്ളയാളാണ് ഗവർണർ. നിയമ വിരുദ്ധമായ കാര്യങ്ങളാണ് ഇപ്പോൾ നടന്നത് എന്നാണ് മനസിലാക്കുന്നത്. ഉന്നത വിദ്യാഭസ മേഖലയെ തകർക്കുന്ന നിലപാടാണ് നിരന്തരം ഗവർണർ സ്വീകരിക്കുന്നത്. അനാവശ്യമായ വിവാദങ്ങളും പ്രശ്നങ്ങളും ഉണ്ടാകുന്നത് നല്ലതല്ല. നിയമപരമായ കാര്യങ്ങളുമായി ഗവൺമെൻ്റും മുന്നോട്ട് പോകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
വിസിയുടെ ഉത്തരവ് കീറക്കടലാസെന്ന് സിൻഡിക്കേറ്റ്
റജിസ്ട്രാറെ സസ്പെൻഡ് ചെയ്ത താത്കാലിക വിസി മോഹൻ കുന്നുമ്മലിൻ്റെ നടപടി തള്ളിക്കളയുന്നുവെന്ന് സിൻഡിക്കേറ്റിലെ ഇടത് അംഗം ജി മുരളീധരൻ പ്രതികരിച്ചു. റജിസ്ട്രാറെ സസ്പെൻഡ് ചെയ്യാൻ വിസിക്ക് അധികാരമില്ല. റജിസ്ട്രാർക്കെതിരെ നടപടിയെടുക്കാൻ അധികാരം സിൻഡിക്കേറ്റിനാണ്. അത് ലംഘിച്ചു. വി സിയുടെ ഉത്തരവിന് കീറക്കടലാസിന്റെ വില മാത്രമാണ്. റജിസ്ട്രാർ കെ എസ് അനിൽകുമാർ റജിസ്ട്രാറായി തുടരും. അദ്ദേഹം നാളെ രാവിലെ പതിവ് പോലെ ജോലിക്ക് എത്തുമെന്നും സിൻഡിക്കേറ്റ് അംഗം വ്യക്തമാക്കി.
സസ്പെൻഷൻ ആർ.എസ്.എസ് താത്പര്യമെന്ന് കെഎസ്‌യു
റജിസ്ട്രാറെ സസ്പെൻഡ് ചെയ്‌ത വൈസ് ചാൻസലറുടെ നടപടി ഗവർണ്ണറുടെ ആർ.എസ്.എസ് താത്പര്യങ്ങൾ സംരക്ഷിക്കുന്നതിൻ്റെ ഭാഗമാണെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പ്രതികരിച്ചു. രാജ്ഭവനെ ആർ.എസ്.എസ് ആസ്ഥാനവും, സർവ്വകലാശാലകളെ ആർഎസ്എസ് ശാഖകളുമാക്കാനാണ് ഗവർണ്ണറുടെ അജണ്ട. ഇതിനെ ശക്തമായി പ്രതിരോധിക്കും. ർവ്വകലാശാലകളെ രാഷ്ട്രീയ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള വേദിയാക്കുന്നത് അംഗീകരിക്കാനാവില്ല. വിദ്യാഭ്യാസ മേഖലയെ കാവി വത്കരിച്ച് പുതിയ ചരിത്രമുണ്ടാക്കാനുള്ള സംഘപരിവാർ അജണ്ടയ്ക്ക് വഴിവെട്ടുകയാണ് ഗവർണറെന്നും കെഎസ്‌യു അധ്യക്ഷൻ ചൂണ്ടിക്കാട്ടി.

