എ കെ ജി പഠന കേന്ദ്രമോ, ഇ എം എസ് അക്കാഡമിയോ പാർട്ടിയ്ക്കു വേണ്ടി ചെയ്യേണ്ട കാര്യമാണ് ഭരണ സ്വാധീനം ഉപയോഗിച്ച് കേരള സർവകലാശാലയെ കൊണ്ട് നിർവഹിപ്പിക്കുന്നതെന്ന് കെ പി സി സി രാഷ്ട്രീയ പഠന കേന്ദ്രം 

തിരുവനന്തപുരം:കേരള സർവകലാശാല മാർക്സിയൻ പഠന കേന്ദ്രം നടപ്പാക്കുന്ന പത്തു കോടി രൂപയുടെ, കേരളത്തിലെ ഒരു നൂറ്റാണ്ടുകാലത്തെ മാർക്സിയൻ വിജ്ഞാനകോശ പദ്ധതി സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനപ്രകാരമാണെന്ന് കെ പി സി സി രാഷ്ട്രീയ പഠന കേന്ദ്രം ഡയറക്ടർ ചെറിയാൻ ഫിലിപ്പ് കുറ്റപ്പെടുത്തി.കാലഹരണപ്പെട്ട മാർക്സിയൻ പ്രത്യയ ശാസ്ത്രത്തേയും കേരളത്തിലെ പരാജയപ്പെട്ട രക്തരൂക്ഷിത വിപ്ലവ സമരങ്ങളെയും നായകരെയും കമ്മ്യൂണിസ്റ്റ് ഭരണാധികാരികളെയും മഹത്വവൽക്കരിക്കരിക്കുകയെന്നതാണ് സി പി എം അജണ്ട. ശ്രീ നാരായണ ഗുരുവിന്റെയും അയ്യൻകാളിയുടെയും ചട്ടമ്പിസ്വാമികളുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും നേതൃത്വത്തിൽ രൂപമെടുത്ത കേരള നവോത്ഥാനത്തെ വ്യാജചരിത്ര നിർമിതിയിലൂടെ ഹൈജാക്ക് ചെയ്യാനാണ് സി പി എം ഉദ്ദേശിക്കുന്നത്.

എ കെ ജി പഠന കേന്ദ്രമോ, ഇ എം എസ് അക്കാഡമിയോ പാർട്ടിയ്ക്കു വേണ്ടി ചെയ്യേണ്ട കാര്യമാണ് ഭരണ സ്വാധീനം ഉപയോഗിച്ച് കേരള സർവകലാശാലയെ കൊണ്ട് നിർവഹിപ്പിക്കുന്നത്. ഇപ്പോൾ തന്നെ എ കെ ജി സെന്ററിന്റെ ഔട്ട് ഹൗസുകളായി മാറിയിരിക്കുന്ന സർവകലാശാലകളെ ചുവപ്പു വൽക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്.അഞ്ചു വാല്യങ്ങൾ അടങ്ങിയ മാർക്സിയൻ വിജ്‌ഞാനകോശത്തിന്റെ പ്രാരംഭ ചിലവുകൾക്കായി 30 ലക്ഷം രൂപ ഇതിനകം അനുവദിച്ചിട്ടുണ്ട്. 20 ലക്ഷം രൂപ ഒരു ജനറൽ എഡിറ്ററെയും അഞ്ചു അസിസ്റ്റന്റുമാരുടെയും ശമ്പളത്തിനാണ്. ഇവരുടെ നിയമനത്തിനുള്ള അണിയറ നീക്കങ്ങൾ നടന്നു വരുന്നു. 10 ലക്ഷം രൂപ പുസ്തകം വാങ്ങാനാണ്.

ഒന്നാം വാല്യത്തിൽ അഞ്ഞൂറോളം കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ജീവചരിത്രമാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട ചരിത്ര സംഭവങ്ങളാണ് രണ്ടാം വാല്യം. രാഷ്ട്രീയം സമൂഹം, വികസനം, കല, സാഹിത്യം, സംസ്ക്കാരം മാദ്ധ്യമ രംഗം എന്നീ മേഖലകളിലെ മാർക്സിയൻ ചിന്താധാരയുടെ സ്വാധീനമാണ് മറ്റു വാല്യങ്ങളിൽ .