ഡി ലിറ്റ് സാങ്കേതിക പ്രശ്നങ്ങളും പ്രോട്ടോകോൾ പ്രശ്നങ്ങളും ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗം ചർച്ച ചെയ്തു.
തിരുവനന്തപുരം: ചാൻസലറുമായി തർക്കത്തിനില്ലെന്നും ചാൻസലറും വിസിയും ഒരുമിച്ച് പോകണമെന്നും കേരള സർവ്വകലാശാലാ സിന്‍ഡിക്കറ്റ് (Kerala University Syndicate) ആവശ്യപ്പെട്ടു. ഡി ലിറ്റ് വിവാദത്തിൽ (D. Litt Controversy) ചാൻസലറും സർവ്വകലാശാലയും തമ്മില്‍ രൂക്ഷമായ തർക്കം നിലനിൽക്കുമ്പോഴാണ് അടിയന്തര സിൻഡിക്കറ്റ് യോഗം സര്‍വ്വകലാശാല വിളിച്ചത്. ഇടത് അംഗങ്ങളുടെ ആവശ്യപ്രകാരമായിരുന്നു യോഗം. ഗവർണര്‍ക്കെതിരെ പ്രമേയം പാസാക്കുമെന്ന് വരെ സൂചനകളുയർന്നെങ്കിലും ഒടുവിലെത്തിയത് സമവായത്തിലാണ്. വിവാദം വേണ്ടെന്ന് വിസി ആവശ്യപ്പെട്ടതോടെയാണ് അടിയന്തിര സിന്‍ഡിക്കറ്റ് യോഗം സമവായ നിലപാടിലേക്ക് മാറിയത്.
രാഷ്ട്രപതിക്ക് ഡിലിറ്റ് നൽകണമെന്ന ഗവർണറുടെ നിർദ്ദേശം അംഗീകരിക്കാൻ കഴിയാത്തതിന്‍റെ സാഹചര്യം വൈസ് ചാൻസലർ യോഗത്തിൽ വിശദീകരിച്ചു. പ്രോട്ടോക്കോളും നിയമവശവും ആലോചിച്ചു. ഇക്കാര്യങ്ങളാണ് ഗവർണറെ ധരിപ്പിച്ചത്. വൈസ് ചാൻസലർ നൽകിയ കത്ത് ഗവർണർ പുറത്ത് വിട്ടിതിനെ യോഗത്തിൽ ചില അംഗങ്ങൾ വിമർശിച്ചു. എന്നാൽ തർക്കത്തിനില്ലെന്നും വിവാദത്തിലേക്ക് കടക്കരുതെന്നും വിസി നിർദ്ദേശിക്കുകയായിരുന്നു.
ഇതിനിടെ കേരള വിസിയെ താൻ വിമർശിച്ചിട്ടില്ലെന്ന വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തി. കത്തിലെ ഭാഷയാണ് താൻ പരാമർശിച്ചത്. ചാൻസലര്‍ സ്ഥാനത്ത് തുടരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി നൽകിയ മൂന്ന് കത്തിൽ തൃപ്‍തനാണെന്ന സൂചന ഇന്നും ഗവർണര്‍ നൽകി. അയയുന്നുവെന്ന സൂചന നൽകുമ്പോഴും കണ്ണൂർ വിസി കേസിൽ ഗവർണര്‍ ഹൈക്കോടതിയിൽ സ്വീകരിക്കുന്ന നിലപാട് സുപ്രധാനമാണ്. ചാൻസലര്‍ സ്ഥാനത്ത് തുടർന്നാൽ കടുത്ത നടപടികളുണ്ടാകുമെന്നാണ് ഗവർണർ ആവർത്തിക്കുന്നത്. കണ്ണൂർ വിസിയുടേയും എജിയുടേയും കാര്യത്തിൽ ഗവർണറുടെ അടുത്ത നടപടികളും പ്രധാനമാണ്.
