Asianet News MalayalamAsianet News Malayalam

വാക്സീനായി കാത്തിരിക്കുന്നത് ഒരു കോടി പേർ, കിട്ടുക 30 ലക്ഷം ഡോസ്, ഇതിൽ 22 ലക്ഷം രണ്ടാം ഡോസിന്

സംസ്ഥാനത്തെ വാക്സീൻ ക്ഷാമത്തിന്‍റെ കണക്കുകൾ നിയമസഭയിൽ മന്ത്രി വീണാ ജോർജ് അവതരിപ്പിച്ചു. ലഭിക്കാൻ പോകുന്നത് 30 ലക്ഷം ഡോസ് വാക്സീനാണെന്നും, ഇതിൽ 22 ലക്ഷം രണ്ടാം ഡോസ് ലഭിക്കേണ്ടവർക്ക് തന്നെ കൊടുക്കേണ്ടതുണ്ടെന്നും വീണാ ജോർജ് നിയമസഭയിൽ.

kerala vaccine distribution statistics in assembly
Author
Thiruvananthapuram, First Published Jul 26, 2021, 12:34 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സീനായി കാത്തിരിക്കുന്നത് ഒരു കോടിയിലധികം പേരാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കേന്ദ്രസർക്കാരിൽ നിന്ന് ലഭിക്കാൻ പോകുന്നത്30 ലക്ഷം ഡോസ് വാക്സീനാണെന്നും, ഇതിൽ 22 ലക്ഷം രണ്ടാം ഡോസ് ലഭിക്കേണ്ടവർക്ക് തന്നെ കൊടുക്കേണ്ടതുണ്ടെന്നും വീണാ ജോർജ് നിയമസഭയിൽ പറഞ്ഞു. സംസ്ഥാനത്തെ വാക്സീൻ ക്ഷാമത്തിന്‍റെ കണക്കുകൾ നിയമസഭയിൽ മന്ത്രി വീണാ ജോർജ് അവതരിപ്പിച്ചു. 

സംസ്ഥാനത്ത് ഒന്നാം ഡോസ് വാക്സീൻ ലഭിച്ചത് 36.95 ശതമാനവും രണ്ടാം ഡോസ് കിട്ടിയവർ 16.01 ശതമാനവുമാണെന്ന് വീണാജോർജ് വ്യക്തമാക്കി. ദേശീയ ശരാശരിയേക്കാൾ ഇരട്ടിയാണ് ഈ കണക്ക്. എന്നാൽ കേന്ദ്രസർക്കാർ ഈ കണക്കനുസരിച്ചാണ് വാക്സീൻ നൽകി മുന്നോട്ട് പോകുന്നതെങ്കിൽ, ഓഗസ്റ്റ് മാസത്തിൽ ഫലത്തിൽ എട്ട് ലക്ഷം പേർക്ക് മാത്രമേ ഒന്നാം ഡോസ് നൽകാൻ സാധിക്കൂ എന്നും വീണാ ജോർജ് വ്യക്തമാക്കി. വാക്സീൻ ക്ഷാമം പരിഹരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. 

നാമമാത്രമായി ലഭിക്കുന്ന വാക്സിൻ വീതംവെച്ചു നൽകേണ്ടി വരുന്നതോടെ സംസ്ഥാനത്ത് സംഘർഷത്തിൽ കലാശിക്കുകയാണ് സംസ്ഥാനത്തെ വാക്സീൻ സ്പോട്ട് റജിസ്ട്രേഷൻ. കൃത്യമായ മാർഗരേഖയില്ലാത്തതിനാൽ പലയിടത്തും തോന്നും പടിയാണ് വിതരണമെന്ന സംശയമാണ് സംഘർഷങ്ങൾക്കിടയാക്കുന്നത്. വാക്സിൻ വിഭജിച്ച് നൽകേണ്ട  ജനപ്രതിനിധികളും ആരോഗ്യപ്രവർത്തകരും ആണ് ഇതോടെ തമ്മിലടിക്കേണ്ടി വരുന്നത്. 

മിച്ചം വന്ന വാക്സിൻ വിതരണം ചെയ്യുന്നതിലെ തർക്കമാണ് ആലപ്പുഴയിൽ ഡോക്ടറെ ആക്രമിച്ചതിലേക്കും സിപിഎം നേതാക്കൾക്കെതിരെ കേസിലേക്കും എത്തിച്ചത്. സമ്പൂർണമായി ഓൺലൈനായിരുന്ന വാക്സിനേഷൻ ഇടക്കാലത്ത് വെച്ചാണ് വീണ്ടും സ്പോട്ട് രജിസ്ട്രേഷൻ ആക്കിയത്.  ഉള്ളത് പോലെ പങ്കിട്ട് എടുക്കണം. താഴേത്തട്ടിൽ ജനപ്രതിനിധികളും മെഡിക്കൽ ഓഫീസർമാരും ഒരുമിച്ച് നിന്നാണ് ഇത് ആളുകൾക്ക് വീതിച്ച് നൽകേണ്ടത്.

പലപ്പോഴും ഒരു വാർഡിലേക്ക് പത്ത് ഡോസ് പോലും കൊടുക്കാൻ പറ്റാതാവുന്നതോടെ പിടിവലിയും അടിയുമാകുന്നു. കേന്ദ്രം നൽകിയിരിക്കുന്ന നിർദേശമൊഴിച്ചാൽ, കൃത്യമായൊരു മാർഗരേഖ സർക്കാർ ഇക്കാര്യത്തിൽ ഇതുവരെ നൽകിയിട്ടില്ലെന്നതാണ് പ്രധാന പ്രശ്നം. ഫലം ആരോഗ്യ പ്രവർത്തകരടക്കം ആക്രമിക്കപ്പെടുകയാണ്. രാഷ്ട്രീയ സമ്മർദവും ഇഷ്ടക്കാർക്ക് നൽകുന്നുവെന്ന ആരോപണവും ഇതിന് പുറമേ ശക്തമാകുന്നു.

Read More : സംസ്ഥാനത്തെ വാക്സീൻ കേന്ദ്രങ്ങളിൽ വൻ തിരക്ക്, വിതരണം അശാസ്ത്രീയം, പ്രതിഷേധം ശക്തം

Follow Us:
Download App:
  • android
  • ios