Asianet News MalayalamAsianet News Malayalam

വാക്സീൻ നയം പാളിയോ ? സ്വകാര്യ ആശുപത്രികളിൽ വാക്സീൻ കെട്ടിക്കിടക്കുന്നു, രണ്ടാം ഡോസ് എടുക്കാൻ നെട്ടോട്ടവും

''സ്വകാര്യ ആശുപത്രിയിൽ വാക്സീനുണ്ടായിട്ടും ആരും എന്ത് കൊണ്ടാണ് ആരും അവിടെ പോകാത്തത് എന്ന ചോദ്യത്തിനുള്ള ഉത്തരം ലളിതമാണ്. സർക്കാർ സൗജന്യമായി വാക്സീൻ കൊടുക്കുമ്പോൾ 780 രൂപ നൽകി എന്തിനാണ് സ്വകാര്യ ആശുപത്രിയിൽ പോയി കുത്തിവയ്ക്കുന്നത് ?''

kerala vaccine policy comes under fire as stock in private hospitals remains unused to large extent
Author
Trivandrum, First Published Sep 11, 2021, 11:44 AM IST

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വാക്സീൻ വിതരണത്തിലെ പാളിച്ച മൂലം സ്വകാര്യ ആശുപത്രികളിൽ കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് ഡോസ് കൊവിഷീൽഡ് വാക്സീൻ. നിശ്ചിത സമയപരിധി കഴിഞ്ഞിട്ടും രണ്ടാം ഡോസ് വാക്സീൻ കിട്ടാത്തവർ നിരവധിയാണെന്നിരിക്കെയാണ് സ്വകാര്യ ആശുപത്രികളിൽ വാക്സീൻ കെട്ടിക്കിടക്കുന്നത്. 

ആദ്യ ഡോസ് കോവിഷീൽഡ് വാക്സീൻ എടുത്ത് 84 ദിവസം കഴിയുമ്പോൾ രണ്ടാമത്തെ ഡോസ് എടുക്കണമെന്നാണ് നിലവിലെ കേന്ദ്ര നയം. ആദ്യ ഡോസ് വാക്സീൻ സ്വീകരിച്ച് 14 മുതൽ 16 ആഴ്ച വരെ ആയിട്ടും രണ്ടാം ഡോസ് എടുക്കാത്ത 3,72,912 പേർ സംസ്ഥാനത്തുണ്ടെന്നാണ് കണക്ക്. പതിനാറ് ആഴ്ച കഴിഞ്ഞിട്ടും രണ്ടാം ഡോസ് എടുക്കാത്തവർ 4,97,150 പേരും ആകെ 8,70,062 പേർക്ക് സമയപരിധി ആയിട്ടും രണ്ടാം ഡോസ് എടുക്കാനായിട്ടില്ല. 

ഈ സാഹചര്യം നിലനിൽക്കുമ്പോഴാണ് കേരളത്തിലെ സ്വകാര്യ ആശുപത്രികളിൽ വാക്സീൻ കെട്ടിക്കിടക്കുന്നത്. 

ഇതെങ്ങനെ സംഭവിച്ചു ?

കോവിഷീൽ‍ഡ് നിർമ്മാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ വാക്സീൻ വാങ്ങി വിതരണം ചെയ്യാൻ ശ്രമിച്ചെങ്കിലും കുറഞ്ഞത് 3000 ഡോസ് എങ്കിലും വാങ്ങണമെന്ന നിബന്ധന ഇവർക്ക് തിരിച്ചടിയായി. ഇവിടെ സർക്കാർ ഇടപെട്ടു. 12 കോടി നൽകി സ്വകാര്യ ആശുപത്രികൾക്ക് 20 ലക്ഷം ഡോസ് വാക്സീൻ വാങ്ങി നൽകി. ഡോസിന് 630 രൂപ നിരക്കിലാണ് വാക്സീൻ വാങ്ങിയത്. ഈ തുക സ്വകാര്യ ആശുപത്രികൾ തിരിച്ച് സർക്കാരിന് നൽകണമെന്നായിരുന്നു നിബന്ധന. 150 രൂപ സർവ്വീസ് ചാർജ്ജ് കൂടി ഈടാക്കി 780 രൂപയ്ക്കാണ് ആശുപത്രികൾ വാക്സീൻ കൊടുക്കുന്നത്.

സ്വകാര്യ ആശുപത്രിയിൽ വാക്സീനുണ്ടായിട്ടും ആരും എന്ത് കൊണ്ടാണ് ആരും അവിടെ പോകാത്തത് എന്ന ചോദ്യത്തിനുള്ള ഉത്തരം ലളിതമാണ്. സർക്കാർ സൗജന്യമായി വാക്സീൻ കൊടുക്കുമ്പോൾ 780 രൂപ നൽകി എന്തിനാണ് സ്വകാര്യ ആശുപത്രിയിൽ പോയി കുത്തിവയ്ക്കുന്നത് ?

എന്ത് ചെയ്യും ?

ഈ വാക്സീൻ വിദ്യാർത്ഥികളെക്കൊണ്ട് എടുപ്പിക്കാനാണ് ഇപ്പോഴത്തെ നീക്കം. കോളേജുകൾ തുറക്കുകയാണ്. എല്ലാ വിദ്യാർത്ഥികളോടും വാക്സീനെടുക്കാൻ മുഖ്യമന്ത്രി തന്നെ നിർദ്ദേശിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ കൂടുതൽ വിദ്യാർത്ഥികൾ സ്വകാര്യമേഖലയെ സമീപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 


പരിഹാരം 

സ്വകാര്യ മേഖലയിൽ കൂടി വാക്സീൻ സൗജന്യമാക്കുകയാണ് പ്രശ്നപരിഹാരത്തിനുള്ള എറ്റവും എളുപ്പ മാർഗം. കൂടുതൽ ഇടത്ത് വാക്സീൻ കിട്ടുന്ന സാഹചര്യമുണ്ടായാൽ രണ്ടാം ഡോസ് വാക്സീൻ എടുക്കുന്നവരുടെ എണ്ണം ഉയരും. കൂടുതൽ വിദ്യാർത്ഥികളും വാക്സീൻ എടുക്കാൻ തയ്യാറാകും. 

 

വാക്സീനേഷൻ പുരോഗതി ഇത് വരെ

ഒന്നാം ഡോസും രണ്ടാം ഡോസും ഉള്‍പ്പെടെ സംസ്ഥാനത്ത് ഇത് വരെ 3,14,17,773 ഡോസ് വാക്‌സീനാണ് നല്‍കിയത്. അതില്‍ 2,26,24,309 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 87,93,464 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. ഇതോടെ വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 78.83 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും 30.64 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി. 2021ലെ എസ്റ്റിമേറ്റ് ജനസംഖ്യ പ്രകാരം 63.91 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 24.84 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയെന്നാണ് സംസ്ഥാന സർക്കാർ കണക്ക്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

Follow Us:
Download App:
  • android
  • ios