Asianet News MalayalamAsianet News Malayalam

എല്ലാവർക്കും കൊവിഡ് വാക്സീൻ, സംസ്ഥാന സർക്കാരിന്റെ രജിസ്‌ട്രേഷൻ ദൗത്യം ആരംഭിച്ചു

സ്വന്തമായി രജിസ്റ്റര്‍ ചെയ്യാന്‍ അറിയാത്തവരും സൗകര്യമില്ലാത്തവരുമായ ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ടവരെ വാക്‌സിനേഷന്റെ ഭാഗമാക്കി മാറ്റാനാണ് പദ്ധതിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 

kerala vaccine registration campaign WAVE  Work Along for Vaccine Equity
Author
Thiruvananthapuram, First Published Jul 7, 2021, 9:55 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ വാക്‌സിനേഷന്‍ രജിസ്‌ട്രേഷനായി രജിസ്‌ട്രേഷന്‍ ക്യാമ്പയിൻ. വേവ്: 'വാക്‌സിന്‍ സമത്വത്തിനായി മുന്നേറാം' എന്ന പേരിലാണ് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ ക്യാമ്പയിൻ ആരംഭിക്കുന്നത്. സ്വന്തമായി രജിസ്റ്റര്‍ ചെയ്യാന്‍ അറിയാത്തവരും സൗകര്യമില്ലാത്തവരുമായ ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ടവരെ വാക്‌സിനേഷന്റെ ഭാഗമാക്കി മാറ്റാനാണ് പദ്ധതിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 

ഇതിന് ആശാവര്‍ക്കര്‍മാരുടെ സേവനം ഉപയോഗിക്കും. ചെലവുകള്‍ കൊവിഡ് ഫണ്ടുകളില്‍ നിന്ന് എന്‍എച്ച്എം വഴി നികത്തും. വാര്‍ഡ് തലത്തിലായിരിക്കും രജിസ്‌ട്രേഷന്‍ പ്രക്രിയ. ജൂലൈ 31നകം ഇത്തരക്കാരുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതാണ്. ഓരോ പഞ്ചായത്തിലും ഓരോ ആശാവര്‍ക്കര്‍മാര്‍ ഉള്ളതിനാല്‍ ആ പ്രദേശത്ത് വാക്‌സിന്‍ കിട്ടാതെ പോയ ആള്‍ക്കാരെ കണ്ടെത്തിയാണ് രജിസ്‌ട്രേഷന്‍ നടത്തുക. കോവിനില്‍ എങ്ങനെ രജിസ്റ്റര്‍ ചെയ്യാമെന്ന് കാണിക്കുന്ന വീഡിയോ തയ്യാറാക്കി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കും. 

പ്രദേശത്തെ ആരോഗ്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണ് രജിസ്‌ട്രേഷന്‍ പ്രക്രിയ സുഗമമാക്കുന്നത്. ആവശ്യമെങ്കില്‍ ദിശ കോള്‍ സെന്ററില്‍നിന്ന് കൂടുതല്‍ സഹായം സ്വീകരിക്കാം. ജില്ലാ, ബ്ലോക്ക് ടാസ്‌ക് ഫോഴ്‌സും രജിസ്‌ട്രേഷന്റെ പുരോഗതി നിരീക്ഷിക്കും. വാക്‌സിന്‍ സ്‌റ്റോക്കിന്റെ ലഭ്യത അടിസ്ഥാനമാക്കി ഇവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതാണ്. ജില്ലയില്‍ നിന്നോ പെരിഫറല്‍ തലത്തില്‍ നിന്നോ വാക്‌സിനേഷന്റെ ഷെഡ്യൂളിംഗ് നടത്തുകയും വ്യക്തികളെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്താന്‍ അറിയിക്കുകയും ചെയ്യും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios