വഖഫ് ബോർഡ് പ്രവർത്തനങ്ങൾക്ക് സർക്കാർ നിയമിച്ച ജോയിന്റ് സെക്രട്ടറിയുടെ മേൽനോട്ടം വേണമെന്ന ഹൈക്കോടതി നിർദേശം സുപ്രീം കോടതി നീക്കി. വഖഫ് ബോർഡിനെ കേൾക്കാതെയായിരുന്നു ഹൈക്കോടതിയുടെ നടപടിയെന്ന് ചെയർമാൻ കെ എസ് ഹംസ പ്രതികരിച്ചു. കേസിൽ എല്ലാവരുടെയും വാദം കേട്ട് ഉടൻ തീർപ്പ് കൽപ്പിക്കാൻ ഹൈക്കോടതിയോട് സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്.

കൊച്ചി : സർക്കാർ നിയമിച്ച ജോയിന്റ് സെക്രട്ടറിയുടെ മേൽനോട്ടത്തിലായിരിക്കണം വഖഫ് ബോർഡ് പ്രവർത്തിക്കേണ്ടതെന്ന ഹൈക്കോടതി നിർദേശം നീക്കിയ സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് വഖഫ് ബോർഡ്. വഖഫ് നിയമത്തിന് വിരുദ്ധമായാണ് ജോയിന്റ് സെക്രട്ടറിക്ക് ഹൈക്കോടതി അധികാരം നൽകിയിരുന്നതെന്നും ഇത് തിരുത്തിയ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുകയാണെന്നും വഖഫ് ബോർഡ് ചെയർമാൻ കെ എസ് ഹംസ പ്രതികരിച്ചു. വഖഫ് ബോർഡിനെ കേൾക്കാതെയായിരുന്നു ഹൈക്കോടതിയുടെ നടപടി. എല്ലാവരെയും കേട്ട് നീതിയോടെ തീരുമാനം എടുക്കാൻ സുപ്രിംകോടതി നിർദേശിച്ചു.

സർക്കാർ കോടതിയിൽ ഒരു നിലപാടും, പുറത്ത് മറ്റൊരു നിലപാടും എടുക്കുന്നു. കേസുകൾ തള്ളണം എന്നാണ് എജി ആവശ്യപെട്ടതെന്ന സർക്കാർ വാദം തെറ്റാണ്. മന്ത്രിമാർ വരേ കള്ളം പറയുകയാണെന്നും വഖഫ് ബോർഡ്‌ ചെയർമാൻ കെ എസ് ഹംസ കുറ്റപ്പെടുത്തി. 

കേരള വഖഫ് ബോർഡ് പ്രവർത്തനങ്ങൾ താൽക്കാലികമായി മരവിപ്പിച്ച ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ വഖഫ് ബോർഡ് സമർപ്പിച്ച അപ്പീലിലാണ് സുപ്രീം കോടതിയുടെ നടപടി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ജോയിന്റ്സെക്രട്ടറിയെ അഡ്മിനിസ്‌ട്രേറ്റര്‍ ആയി നിയോഗിച്ച നടപടി കോടതി റദ്ദാക്കി. നയപരമായതോ പ്രധാനപ്പെട്ടതോ ആയ തീരുമാനങ്ങൾ എടുക്കാൻ ബോർഡിന് ഹൈക്കോടതിയുടെ മുൻ‌കൂർ അനുമതി വേണമെന്ന നിർദേശം നിലനിൽക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. വഖഫ് ബോർഡ് കേസിൽ എല്ലാവരുടെയും വാദം കേട്ട് ഉടൻ തീർപ്പ് കൽപ്പിക്കാൻ കേരള ഹൈക്കോടതിയോട് സുപ്രീം കോടതി നിർദേശിച്ചു.