തിരുവനന്തപുരം: കടലാക്രമണം രൂക്ഷമായ വലിയതുറയിലും ചെല്ലാനത്തും അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. ആർച്ച് ബിഷപ്പ് സൂസപാക്യത്തെ സന്ദർശിച്ചാണ് മന്ത്രി കെ.കൃഷ്ണൻകുട്ടി ഉറപ്പ് നൽകിയത്. കഴിഞ്ഞ ദിവസം വലിയതുറയിൽ മന്ത്രിയെ നാട്ടുകാർ തടഞ്ഞിരുന്നു.

കടലാക്രമണത്തിൽ വലിയതുറയിലുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താനെത്തിയ മന്ത്രി കൃഷ്ണൻകൂട്ടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിച്ച ആർച്ച് ബിഷപ്പ് സൂസപാക്യവും സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് പ്രതിഷേധം തണുപ്പിക്കാനായി മന്ത്രി വെള്ളയമ്പലത്ത് ബിഷപ്പ് ഹൗസിലെത്തി ആ‍ർച്ച് ബിഷപ്പിനെ കണ്ടത്. കടലാക്രമണം തടയാൻ സ്ഥിരം സംവിധാനം വേണമെന്നും വിഴിഞ്ഞം തുറമുഖ നിർമാണത്തിലെ അപാകതകൾ പരിഹരിക്കണമെന്നും ചർച്ചയിൽ ആവശ്യമുയർന്നു. 

കടലാക്രമണം രൂക്ഷമായ വലിയതുറ ,ഒറ്റമ്മശ്ശേരി, ചെല്ലാനം ഭാഗങ്ങളിൽ അടിയന്തര നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി. സർക്കാർ ചർച്ചയ്ക്കെത്തിയതിൽ പ്രതീക്ഷയുണ്ടെന്നായിരുന്നു ആ‍ർച്ച് ബിഷപ്പിന്റെ പ്രതികരണം