നേരിയ ആശ്വാസം, ഒരു മാസത്തെ ക്ഷേമ പെൻഷൻ കുടിശ്ശിക ഇന്ന് മുതൽ വിതരണം ചെയ്യും, ഉത്തരവിറക്കി
നാല് മാസത്തെ പെൻഷനാണ് നിലവിൽ കുടിശ്ശികയുള്ളത്. ഇതിൽ ഒരു മാസത്തെ പണമാണ് തിരിച്ചടക്കുന്നത്.

തിരുവനന്തപുരം : സംസ്ഥാനത്ത് നേരത്തെ പ്രഖ്യാപിച്ച ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണത്തിന് ഉത്തരവിറങ്ങി. ഇന്ന് തന്നെ വിതരണം തുടങ്ങണമെന്നും നവംബർ 26 നകം പൂർത്തിയാക്കണമെന്നുമാണ് നിർദ്ദേശം. ഒരുമാസത്തെ ക്ഷേമ പെൻഷൻ ഉടൻ അനുവദിക്കുമെന്ന് പ്രഖ്യാപിച്ച് ഒരാഴ്ചയായിട്ടും പണം അനുവദിച്ചുള്ള ഉത്തരവ് പുറത്ത് വന്നിരുന്നില്ല. പെൻഷൻ വിതരണത്തിനുള്ള 900 കോടി സമാഹരിച്ചെടുക്കുന്നതിലെ കാല താമസമാണ് അനിശ്ചിതത്വത്തിന് ഇടയാക്കിയതെന്നാണ് വിവരം. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നവകേരള സദസ് മണ്ഡല പര്യടനത്തിന് നാളെ തുടക്കം കുറിക്കാനിരിക്കെയാണ് ഇന്ന് പെൻഷൻ വിതരണത്തിന് ഉത്തരവിറക്കിയത്.
നാല് മാസത്തെ പെൻഷനാണ് നിലവിൽ കുടിശ്ശികയുള്ളത്. ഇടതു സര്‍ക്കാര്‍ അധികാരത്തിൽ വന്ന ശേഷം ഇത്ര വലിയ കുടിശ്ശിക ക്ഷേമ പെൻഷനിലുണ്ടാകുന്നത് ആദ്യമാണ്. പ്രതിസന്ധി കാലത്തെ സര്‍ക്കാര്‍ മുൻഗണനകളെ കുറിച്ച് വലിയ വിമര്‍ശനങ്ങൾ ഉയരുന്നതിനിടയാണ് ഒരു മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ചെന്ന് ധനവകുപ്പ് അറിയിച്ചത്. 5090390 പേരാണ് നിലവിൽ ലിസ്റ്റിലുള്ളതെന്നാണ് തദ്ദേശ വകുപ്പ് കണക്ക്. പെൻഷൻ കിട്ടുന്ന ഓരോരുത്തർക്കും 6400 രൂപ വീതമാണ് ഇപ്പോൾ കിട്ടാനുള്ളത്. പെൻഷൻകാർ അടക്കം അടിസ്ഥാന ജനവിഭാഗങ്ങളിൽ അസംതൃപ്തിയുണ്ടാക്കുന്നത് വലിയ തിരിച്ചടിയാണെന്ന് സിപിഎം നേതൃയോഗത്തിലും വിമർശനം ഉയർന്നിരുന്നു.
ജൂലൈയിലെ പെൻഷനാണ് വിതരണത്തിന് തയ്യാറായത്. അനുവദിച്ചത് 667 കോടി രൂപയാണ്. അഞ്ചിനം സാമൂഹ്യ സുരക്ഷാ പെൻഷനുകൾ വിതരണം ചെയ്യാനാണ് ഇത്ര തുകയെന്നും ക്ഷേമ നിധി പെൻഷനുകളുടെ വിതരണത്തിന് പ്രത്യേകം ഉത്തരവിറക്കുമെന്നുമാണ് ധനവകുപ്പ് പറയുന്നത്. ഇന്ന് മുതൽ തുടങ്ങി 26 നകം വിതരണം പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം. മുഖ്യമന്ത്രിയും മന്ത്രിസഭയും നവകേരള സദസ്സിന് ഇറങ്ങും മുൻപ് പെൻഷൻ നൽകാനായിരുന്നു ധനവകുപ്പിന്‍റെ തിരക്കിട്ട നീക്കം. മസ്റ്ററിംഗ് പൂര്‍ത്തിയാക്കാത്തവരെ ഒഴിവാക്കി ഗുണഭോക്താക്കളുടെ പട്ടിക കിട്ടാൻ കാത്തെന്നാണ് ധനവകുപ്പ് വിശദീകരണം.