കൊച്ചി: കൊവിഡ് ഭീതിക്കൊപ്പം സംസ്ഥാനത്തെ ആശങ്കപ്പെടുത്തുകയാണ് വരാനിരിക്കുന്ന കാലവര്‍ഷവും. അതിവര്‍ഷമായ ഇത്തവണ പ്രളയമുണ്ടായാല്‍ ആളുകളെ എങ്ങനെ മാറ്റിപ്പാര്‍പ്പിക്കുമെന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇപ്പോഴും വ്യക്തതയില്ല. കൊവിഡ് പശ്ചാത്തലത്തില്‍ സാമൂഹിക അകലം ഉള്‍പ്പെടെ പാലിക്കണമെന്നതാണ് പ്രതിസന്ധി.

കഴിഞ്ഞ രണ്ട് വര്‍ഷവും സംസ്ഥാനത്ത് പ്രളയം ഉണ്ടായപ്പോള്‍ ആദ്യം വെള്ളത്തിനടിയിലായ സ്ഥലമായിരുന്നു എറണാകുളം പറവൂരിലെ പുത്തൻവേലിക്കര. പ്രളയത്തില്‍ തകര്‍ന്ന വീട്ടില്‍ നിന്ന് കുഞ്ഞുഷെഡ്ഡിലേക്ക് താമസം മാറേണ്ടിവന്ന പുത്തൻവേലിക്കര സ്വദേശി സുജാത ഇത്തവണത്തെ കാലവർഷത്തെയും ആശങ്കയോടെയാണ് കാണുന്നത്. പുത്തൻവേലിക്കരയിലെ തിനപ്പുറത്ത് താമസിക്കുന്ന സുജാതയ്ക്കും അയല്‍വാസി ആണ്ടവനുമൊക്കെ ഇത്തവണ ആശങ്ക ആകാശത്തോളമാണ്.

പുത്തൻവേലിക്കര പഞ്ചായത്തില്‍ മാത്രം, 2018 ല്‍ 20000 പേരെയും 2019 ല്‍ 5500 പേരെയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റേണ്ടിവന്നിരുന്നു. സാമൂഹിക അകലം പാലിച്ചുള്ള കിടപ്പും പ്രത്യേക ശുചിമുറിയുമൊക്കെ വേണ്ട ഈ കൊവിഡ് കാലത്ത് ഇത്രയേറെ ആളുകളെ എങ്ങനെ മാറ്റുമെന്ന ആശങ്കയാണ് പഞ്ചായത്ത് ഭരണ സമിതിക്ക്. സര്‍ക്കാരില്‍ നിന്ന് പ്രത്യേക നിര്‍ദ്ദേശമൊന്നും ഇതുവരെ കിട്ടിയിട്ടില്ലെന്ന പരാതിയുമുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് എത്രയും വേഗം വ്യക്തമായ പദ്ധതി രേഖ നല്‍കുമെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ മറുപടി.