Asianet News MalayalamAsianet News Malayalam

ലോക്ക് ഡൗൺ കടുപ്പിക്കാൻ കേരളം; ലംഘിക്കുന്നവ‍ർക്കെതിരെ ക‍ർശന നടപടി, ഇന്ന് മന്ത്രിസഭായോഗം ചേരും

ലോക്ക് ഡൗൺ സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്‍റെ ഉത്തരവ് പരിശോധിച്ച ശേഷം കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമോയെന്ന കാര്യത്തില്‍ മന്ത്രിസഭായോ​ഗത്തിൽ തീരുമാനമുണ്ടാകും. 

Keralam to harden Lock down
Author
Thiruvananthapuram, First Published Mar 25, 2020, 6:52 AM IST

തിരുവനന്തപുരം: രാജ്യം 21 ദിവസത്തേക്ക് അടച്ചിടുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിലെ തുടര്‍ നടപടികള്‍ ഇന്നു ചേരുന്ന സംസ്ഥാന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. നിലവില്‍ ഈമാസം 31 വരെ സംസ്ഥാനം പൂര്‍ണമായി അടച്ചിടാനാണ് തീരുമാനിച്ചിരുന്നത്. ഇതിനിടെയാണ് ഏപ്രിൽ 14 വരെ കേന്ദ്രസർക്കർ രാജ്യവ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. 

ലോക്ക് ഡൗൺ സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്‍റെ ഉത്തരവ് പരിശോധിച്ച ശേഷം കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമോയെന്ന കാര്യത്തില്‍ മന്ത്രിസഭായോ​ഗത്തിൽ തീരുമാനമുണ്ടാകും. അവശ്യസര്‍വ്വീസുകളായ ഭക്ഷണം ,മരുന്ന് എന്നിവക്ക് മുടക്കമുണ്ടാകില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. 

അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കച്ചവട സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം പുനക്രമീകരിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമുണ്ടാകും. ലോക്ക് ഡൗൺ നിർദേശങ്ങൾ വിലക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് സർക്കാരിന്റെ നിലപാട്. 

കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 109 ആയി. ഒരു ആരോഗ്യപ്രവർത്തക അടക്കം 14 പേർക്കു കൂടി ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ നിലവിൽ 105 പേരാണ് ചികിത്സയിലുളളത്. 72,460 പേരാണ് നിരീക്ഷണത്തിലുള്ളത്. ലോക്ഡൗണിൽ അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശനമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. സ്വകാര്യ വാഹനങ്ങളിലെ യാത്രകൾക്കും നിയന്ത്രണം ഏർപ്പെടുത്തി.

അടിയന്തര ആവശ്യങ്ങൾക്കായി പുറത്തിറങ്ങുന്നത് എന്തിനെന്ന് വിശദീകരിക്കുന്ന സത്യവാങ്മൂലം എല്ലാവരും കയ്യിൽ കരുതണം. അവശ്യ സേവനമായി പ്രഖ്യാപിച്ച വിഭാഗത്തിലുള്ളവർ പുറത്തിറങ്ങുമ്പോൾ പാസ് കരുതണം.ജില്ലാപൊലീസ് മേധാവിമാർക്ക് അപേക്ഷ നൽകിയാൽ പാസ് അനുവദിക്കും. തെറ്റായ വിവരങ്ങൾ നൽകുന്നവർക്കെതിരെയും നടപടിയുണ്ടാകും. കാസര്‍കോഡിനും കോഴിക്കോടിനും പിന്നാലെ തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട,ആലപ്പുഴ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios