കേരളം കുതിക്കേണ്ടുന്നതിനു പകരം അവനവൻറെ പങ്കു പറ്റുന്നതിനും വീതം വയ്ക്കുന്നതിനും മാത്രം യുഡിഎഫ് മുതിരുമ്പോൾ, കേരളത്തിൻറെ പ്രതിപക്ഷം എന്താണെന്ന് ഈ നാട് ഒരിക്കൽ കൂടി അറിയുമെന്ന് ഡോ പി സരിൻ

തിരുവനന്തപുരം: പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത തീരുമാനത്തെ പുകഴ്ത്തി ഡോ. പി സരിൻ. 3.5 കോടി മലയാളികളുടെ ജനാധിപത്യ ബോധ്യങ്ങൾക്ക് കാവലാളാകാൻ 35 സീറ്റുകളുള്ള ഇടതുപക്ഷം നിയോഗിച്ചിരിക്കുന്നത് സഖാവ് പിണറായി വിജയനെയാണ്. കേരളം കുതിക്കേണ്ടുന്നതിനു പകരം അവനവൻറെ പങ്കു പറ്റുന്നതിനും വീതം വയ്ക്കുന്നതിനും മാത്രം യുഡിഎഫ് മുതിരുമ്പോൾ, കേരളത്തിന്‍റെ പ്രതിപക്ഷം എന്താണെന്ന് ഈ നാട് ഒരിക്കൽ കൂടി അറിയും. 'പ്രതിനായകൻ' എന്ന് നിങ്ങളിൽ പലരും ഇപ്പോൾ വിളിച്ച് ആക്ഷേപിക്കുന്ന അതേ നാവു കൊണ്ട് തന്നെ നിങ്ങളെ ഈ പാർട്ടി തിരുത്തിക്കുമെന്നും പി സരിൻ കുറിച്ചു.

Add Asianetnews as a Preferred SourcegooglePreferred

കുറിപ്പിന്‍റെ പൂർണരൂപം

3.5 കോടി മലയാളികളുടെ ജനാധിപത്യ ബോധ്യങ്ങൾക്ക് കാവലാളാകാൻ 35 സീറ്റുകളുള്ള ഇടതുപക്ഷം നിയോഗിച്ചിരിക്കുന്നത് സഖാവ് പിണറായി വിജയനെയാണ്. ഇന്നലെ കേരളം കണ്ട രണ്ട് തെരഞ്ഞെടുപ്പുകളുടെ സാങ്കേതികത്വം കേവലം ക്ലിഫ് ഹൗസും കന്റോൺമെൻറ് ഹൗസും തമ്മിലുള്ള വെച്ച് മാറലും മാറി താമസിക്കലും അവിടുത്തെ പാലുകാച്ചലും അല്ല. മറിച്ച്, നിയമസഭയിലെ തലയെണ്ണി കണക്കെടുപ്പിൽ '100 പ്ലസ് ' അംഗബലമുള്ള യുഡിഎഫിന് കേരളം അവർക്ക് തീറെഴുതി കിട്ടിയതാണെന്ന് എപ്പോഴെങ്കിലുമൊക്കെ തോന്നൽ ഉണ്ടാകുമ്പോൾ, അവരുടെ തന്നെ പഴയ ശീലങ്ങൾ വെച്ച് ഭരണം എന്നത് 'അവനവൻ ആത്മസുഖത്തിനാചരിക്കുന്ന' എന്തോ ഒന്നു മാത്രമാണെന്ന് യുഡിഎഫ് കേരളത്തിൽ വീണ്ടും തെളിയിക്കുമ്പോൾ, 21-ാം നൂറ്റാണ്ടിൻ്റെ അതിനിർണായകമായ 2026 മുതൽ 2050 വരെയുള്ള കാൽ പങ്കിൽ, കേരളം കുതിക്കേണ്ടുന്നതിനു പകരം അവനവൻറെ പങ്കു പറ്റുന്നതിനും വീതം വയ്ക്കുന്നതിനും മാത്രം യുഡിഎഫ് മുതിരുമ്പോൾ, കേരളത്തിൻറെ പ്രതിപക്ഷം എന്താണെന്ന് ഈ നാട് ഒരിക്കൽ കൂടി അറിയും. 'പ്രതിനായകൻ' എന്ന് നിങ്ങളിൽ പലരും ഇപ്പോൾ വിളിച്ച് ആക്ഷേപിക്കുന്ന അതേ നാവു കൊണ്ട് തന്നെ നിങ്ങളെ ഈ പാർട്ടി തിരുത്തിക്കും.

കാരണം, ഈ നാടിന്റെയും നാട്ടുകാരുടെയും കാവലാളാകാൻ ഒരു കമ്മ്യൂണിസ്റ്റുകാരൻ ശപഥം ചെയ്ത് അധികാരമേൽക്കുന്നത് കസേര വലിച്ചിട്ട് അതിന്മേൽ കയറിയിരിക്കുമ്പോൾ അല്ല; പകരം, പിണറായി വിജയൻ എന്ന അയാളും അയാൾ നയിക്കുന്ന ഇടതുപക്ഷവും ഉത്തമ കമ്മ്യൂണിസ്റ്റ് ബോധ്യങ്ങളുടെ മൂർച്ചയിൽ എന്നോ തീർച്ചപ്പെടുത്തി എടുത്തതാണ് മണ്ണിനും മക്കൾക്കും മതിപ്പോടെ ജീവനുള്ള നാൾ വരെ കാവൽ നിൽക്കും എന്നത് !