Asianet News MalayalamAsianet News Malayalam

കേരളത്തിലെ ആദ്യ ചെറുകുടല്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ അമൃത ആശുപത്രിയില്‍ വിജയകരം; പുതു ജീവിതവുമായി ദീപിക


പാലക്കാട് കാഞ്ഞിരത്തില്‍ സ്വദേശിയായ 37 കാരി ദീപികയ്ക്കാണ്  ചെറുകുടല്‍ മാറ്റിവെച്ചത്

keralas first small bowel transplant
Author
Kochi, First Published Dec 28, 2020, 7:54 PM IST

കൊച്ചി: കേരളത്തിലെ ആദ്യ ചെറുകൂടല്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും കൂടാതെ കൈകള്‍മാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയയും വിജയകരമായി പൂര്‍ത്തിയാക്കി അമൃത ഹോസ്പിറ്റല്‍ ചരിത്രം സൃഷ്ടിച്ചു. റോഡപകടത്തില്‍ മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം ഏഴുകോണ്‍ സ്വദേശി അനുജിത്തിന്‍റെ അവയവങ്ങളാണ് അമൃത ഹോസ്പിറ്റലില്‍ നടത്തിയ ശസ്ത്രക്രിയകളിലൂടെ രണ്ട് പേര്‍ക്ക് മാറ്റി വച്ചത്. അനുജിത്തിന്‍റെ ചെറുകുടല്‍, രണ്ട് കൈകള്‍ എന്നിവയ്ക്ക് പുറമെ  ഹൃദയം, രണ്ട് വൃക്കകള്‍, നേത്രപടലങ്ങള്‍ എന്നിവയും മറ്റ് 5 പേര്‍ക്ക് പുതുജീവനേകി.
പാലക്കാട് കാഞ്ഞിരത്തില്‍ സ്വദേശിയായ 37 കാരി ദീപികയ്ക്കാണ്  ചെറുകുടല്‍ മാറ്റിവെച്ചത്. മറ്റ് ശാസ്ത്രക്രിയകളില്‍  നിന്നും വ്യത്യസ്തമായി ചെറുകുടല്‍ മാറ്റിവയ്ക്കല്‍ സങ്കീര്‍ണ്ണവും, വിജയസാധ്യത കുറവുള്ളതുമാണ് . കേരളത്തിലെ ആദ്യത്തെയും ഇന്ത്യയിലെ മൂന്നാമത്തെയും വിജയകരമായ ചെറുകുടല്‍ മാറ്റ ശസ്ത്രക്രിയയാണ് അമൃത ഹോസ്പിറ്റലില്‍ നടന്നത് . 2019 ഒക്ടോബറിലാണ് കേരള സര്‍ക്കാരിന്‍റെ  അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയില്‍ ദീപികയുടെ പേരു ചേര്‍ക്കുന്നത്. സംസ്ഥാനത്ത് എവിടെ നിന്നും ചെറുകുടല്‍ ദാനം ചെയ്താല്‍ അത് അമൃത ഹോസ്പിറ്റലില്‍ എത്തിക്കുവാന്‍ മുഖ്യമന്ത്രി ഇടപെട്ട് പ്രത്യേക അനുമതി നല്‍കുകയുണ്ടായി. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ദീപികയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയാണുണ്ടായത്. 24 മണിക്കൂറിനുള്ളില്‍ തന്നെ ചെറുകുടല്‍ ലഭിച്ചതിനാല്‍ മാത്രമാണ് ജീവന്‍ രക്ഷിക്കാനായതെന്ന്  അമൃത ഹോസ്പിറ്റല്‍ ഗ്യാസ്ട്രോളജി വിഭാഗം ഡോക്ടര്‍ രാമചന്ദ്രന്‍ പറഞ്ഞു. സര്‍ക്കാറിന്‍റെയും മറ്റ് ഉദ്യോഗസ്ഥരുടെയും അവസരോചിതമായ ഇടപെടല്‍ ഈ അവസരത്തില്‍ നിര്‍ണായകമായി.

യമന്‍ സ്വദേശിയായ ഇസ്ലാം അഹമ്മദ് എന്ന 24 കാരനാണ് അനുജിത്തിന്‍റെ കൈകള്‍ വച്ചുപിടിപ്പിച്ചത്. ആകാശമാര്‍ഗം തിരുവനന്തപുരത്തുനിന്നും അമൃതാ ഹോസ്പിറ്റലില്‍ എത്തിച്ച കൈകള്‍ 20 മണിക്കൂര്‍ നീണ്ട നാല്‍പത് പേരടങ്ങുന്ന മെഡിക്കല്‍ സംഘം ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തു. ഇരു കൈകളും നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതായി അമൃത ഹോസ്പിറ്റല്‍ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം മേധാവി ഡോക്ടര്‍ സുബ്രഹ്മണ്യം അയ്യര്‍ പറഞ്ഞു.യമനിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ കയ്യും, കണ്ണും നഷ്ടപ്പെട്ട ഇസ്ലാമിന് ഒരു വര്‍ഷം മുന്‍പ് അമൃത ഹോസ്പിറ്റലില്‍ നടത്തിയ കോര്‍ണിയ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ കാഴ്ച തിരിച്ചുകിട്ടിയിരുന്നു.

പത്ത് വര്‍ഷം മുന്‍പ് റെയില്‍വെ പാലത്തിലെ വിള്ളല്‍ കണ്ട് പുസ്തകസഞ്ചി വീശി ട്രെയിന്‍ നിര്‍ത്തിച്ച് വലിയ അപകടം ഒഴിവാക്കി വാര്‍ത്തകളില്‍ ഇടംനേടിയ വ്യക്തിയാണ് അനുജിത്ത്. ലോക്ഡൗണിനെ തുടര്‍ന്ന് കൊട്ടാരക്കരയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ സെയില്‍സ് മാനായി ജോലിനോക്കുമ്പോഴാണ് ബൈക്ക് അപകടത്തില്‍പ്പെട്ടത്. മസ്തിഷ്ക്ക മരണം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് അനുജിത്തിന്‍റെ ഭാര്യ പ്രിന്‍സി രാജുവും, സഹോദരി അജല്യയും അവയവദാനത്തിന് തയ്യാറാകുകയായിരുന്നു. ഈ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് നിറഞ്ഞ മനസോടെ അനുമതി നല്‍കിയ അനുജിത്തിന്‍റെ കുടുംബം മലയാളികള്‍ക്കാകെ അഭിമാനവും, മാതൃകയുമാണെന്ന് അമൃത ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍ അഭിപ്രായപ്പെട്ടു. ആരോഗ്യമന്ത്രി കെ.കെ. ശൈലജടീച്ചര്‍, ആരോഗ്യവകുപ്പ് സെക്രട്ടറി, പോലീസ് അധികാരികള്‍, മൃതസഞ്ജീവനി നോഡല്‍ ഓഫീസര്‍ എന്നിവരുടെ ഇടപെടലുകള്‍ ഈ ശസ്ത്രക്രിയകള്‍ വിജയകരമാക്കുവാന്‍ ഏറെ സഹായകമായതായും അദ്ദേഹം പറഞ്ഞു.

ലോകത്തെ മൊത്തം സഹായിക്കുന്ന ഭാരതത്തിന്‍റെ മഹത്തായ പൈതൃകം വിളിച്ചോതുന്ന വളരെയധികം കാലിക പ്രസക്തിയുള്ള ഒരു പ്രവൃത്തിയാണ് ഇതെന്നും അമൃത ആശുപത്രി ഈ മേഖലയില്‍ രാജ്യത്തിന് തന്നെ മാതൃകയാണെന്നും  കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ അഭിപ്രായപ്പെട്ടു.  അനുജിത്തിനെയും കുടുംബത്തെയും പോലുള്ള സുമനസുകളുടെ  നന്‍മയാണ് ലോകത്തെ മുന്നോട്ട് നയിക്കുന്നത് എന്ന് ആരോഗ്യ മന്ത്രി ശ്രീമതി ശൈലജടീച്ചര്‍ അഭിപ്രായപ്പെട്ടു.  ഹൈബി ഈഡന്‍ എം പി  ഈ ശസ്ത്രക്രിയകള്‍ ചെയ്ത സംഘത്തിലെ എല്ലാവര്‍ക്കും ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കുകയുണ്ടായി. അനുജിത്തിന്‍റെ കുടുംബത്തെ ആദരിക്കാന്‍ സംഘടിപ്പിച്ച ചടങ്ങില്‍ കേന്ദ്രമന്തി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, ആരോഗ്യമന്ത്രി കെ.കെ. ശൈലജടീച്ചര്‍, ഹൈബി ഈഡന്‍ എം പി എന്നിവര്‍ക്ക് പുറമെ നോട്ടോ ഡോക്ടര്‍ ഡയറക്ടര്‍ വാസന്തി രമേശ്,  കെ. എന്‍. ഒ. എസ്. നോഡല്‍ ഓഫീസര്‍ ഡോക്ടര്‍ നോബിള്‍ ഗ്രേഷ്യസ് എന്നിവര്‍ സംബന്ധിച്ചു.

 

 

Follow Us:
Download App:
  • android
  • ios