കേരള സര്‍വകലാശാലയിലെ രജിസ്ട്രാര്‍ പദവി തര്‍ക്കത്തിൽ സസ്പെന്‍ഷൻ നടപടിയെ ചോദ്യം ചെയ്ത് ഡോ. കെഎസ് അനിൽകുമാര്‍ നൽകിയ ഹര്‍ജി ഹൈക്കോടതി തള്ളി. സസ്പെന്‍ഷൻ തുടരണമോയെന്ന് സിന്‍ഡിക്കേറ്റിന് തീരുമാനിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി

കൊച്ചി: കേരള സർവ്വകലാശാലയിലെ രജിസ്ട്രാർ പദവി തർക്കത്തിൽ ഡോ.കെ എസ് അനിൽകുമാറിന്റെ സസ്പെൻഷൻ തുടരും. സസ്പെൻഡ് ചെയ്ത വൈസ് ചാൻസിലറുടെ നടപടി നിലനിൽക്കുമെന്ന് വ്യക്തമാക്കിയ കോടതി സിൻഡിക്കേറ്റ് യോഗം ചേർന്ന് ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കാൻ ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവിന് പിന്നാലെ അടിയന്തര സിൻഡിക്കേറ്റ് യോഗം ചേരണം എന്ന ആവശ്യവുമായി ഇടത് അംഗങ്ങൾ രംഗത്തെത്തി.

കേരള സർവ്വകലാശാലയിൽ സർക്കാർ ഗവർണർ നോമിനികൾ നടത്തുന്ന കസേരകളിയിൽ വീണ്ടും കോടതി ഇടപെടൽ. ഗവർണർ രാജേന്ദ്ര ആർലേക്കർ പങ്കെടുത്ത ഭാരതാംബ ചടങ്ങിൽ തുടങ്ങിയ വിവാദം. രജിസ്ട്രാർക്ക് വീഴ്ച ചൂണ്ടിക്കാട്ടി വിസി മോഹൻ കുന്നുമ്മലാണ് ഡോ.കെ എസ് അനിൽകുമാറിനെ സസ്പെൻഡ് ചെയ്തത്. തന്നെ നിയമിച്ചത് സിൻഡിക്കേറ്റാണ്, പിന്നെങ്ങനെ വിസിക്ക് സസ്പെൻഡ് ചെയ്യാൻ കഴിയും? ഈ ചോദ്യവുമായാണ് അനിൽകുമാർ ഹൈക്കോടതിയെ സമീപിച്ചത്. ജോയിന്റ് രജിസ്ട്രാര്‍ക്ക്, രജിസ്ട്രാറുടെ ചുമതല കൂടി കൈമാറിയ വിസിയുടെ നടപടി നിയമ വിരുദ്ധമാണെന്നും ഹർജിയിൽ അനിൽകുമാർ ചൂണ്ടിക്കാട്ടി. 

ഹർജി തള്ളിയ കോടതി സസ്പെൻഡ് ചെയ്യാനുള്ള വിസി യുടെ അധികാരത്തെ ശരിവെച്ചു.എന്നാൽ സസ്പെൻഷൻ നിലനിൽക്കുമോ എന്നതിൽ സിൻഡിക്കേറ്റിന് യോഗം ചേർന്ന് തീരുമാനമെടുക്കാമെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. കോടതി ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെ അടിയന്തര സിൻഡിക്കേറ്റ് യോഗം ചേരണമെന്ന ആവശ്യവുമായി ഇടത് അംഗങ്ങൾ രംഗത്തെത്തി.ഉത്തരവ് തിരിച്ചടിയല്ലെന്നും സിൻഡിക്കേറ്റിന്റെ അധികാരത്തെ കോടതി ശരിവെച്ചു എന്നുമാണ് വിശദീകരണം.

എന്നാൽ തന്റെ തീരുമാനം തിരുത്താനുള്ള യോഗം ചേരാൻ വിസി ഉടൻ അനുമതി നൽകാൻ സാധ്യത ഇല്ല. കേരള സർവ്വകലാശാല സിൻഡിക്കേറ്റ് മിനിറ്റ്സിൽ തിരിമറി നടത്തിയെന്ന് ആരോപിച്ച് ഇടത് സിൻഡിക്കേറ്റ് അംഗം വിസിക്കും ജോയിന്റ് രജിസ്ട്രാർക്കും എതിരെ കന്റോൺമെന്റ പൊലീസിൽ പരാതി നൽകിയിരുന്നു. വഞ്ചന, ഗൂഢാലോചന, രേഖകളിൽ കൃത്രിമം നടത്തുക എന്നീ കുറ്റങ്ങൾ ആരോപിച്ചാണ് പരാതി. പരസ്യമായ തർക്കം നടക്കുന്നതിനിടയിലെ പരാതിയോടെ വിസി സിൻഡിക്കേറ്റ് ഭിന്നത അതിരൂക്ഷമാണ്. സാധാരണ വിസി യുടെ ഔചിത്യം അനുസരിച്ച് മൂന്ന് മാസത്തിൽ സിൻഡിക്കേറ്റ് യോഗം ചേരാം. എന്നാൽ ഇടത് അംഗങ്ങളുടെ ആവശ്യത്തിൽ ഡോ.കെ എസ് അനിൽകുമാറിന്റെ സസ്പെൻഷൻ പിൻവലിക്കാൻ വിസി വഴിയൊരുക്കുമോ എന്നതാണ് ആകാംക്ഷ. യോഗം വിളിക്കാൻ ഇനിയും കാലതാമസമുണ്ടായാൽ വീണ്ടും വിഷയം കോടതി കയറും.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming