Asianet News MalayalamAsianet News Malayalam

കേരളീയം പ്രദര്‍ശന വിവാദം; 'ആദിവാസികളെ ഷോകേയ്സ് ചെയ്തിട്ടില്ല, നടന്നത് അനുഷ്ഠാന കലകളുടെ അവതരണം': മുഖ്യമന്ത്രി

വിവാദത്തില്‍ മന്ത്രി കെ. രാധാകൃഷ്ണന്‍റെ വിമര്‍ശനവും മുഖ്യമന്ത്രി തള്ളികളഞ്ഞു. ഇവിടെ കേരളീയം വന്‍തോതില്‍ ജനശ്രദ്ധ നേടിയപ്പോള്‍ അതിന്‍റെ ശോഭ കെടുത്താനുള്ള ചില ശ്രമങ്ങളാണുണ്ടായതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Keraleeyam 2023  controversy; 'Tribals were not showcased, ritual arts were presented': Chief Minister
Author
First Published Nov 8, 2023, 7:27 PM IST

തിരുവനന്തപുരം:കേരളീയം പരിപാടിയില്‍ ആദിവാസികളെ മനുഷ്യ പ്രദര്‍ശന വസ്തുക്കളാക്കി എന്ന ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ആദിവാസികളെ ഷോകേയ്സ് ചെയ്തിട്ടില്ലെന്നും നടന്നത് അനുഷ്ഠാന കലകളുടെ അവതരണമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നാടോടി ഗോത്ര കലാകാരന്മാര്‍ക്ക് കലാരൂപം അവതരിപ്പിക്കാനുള്ള വേദിയായിരുന്നു കേരളീയം പരിപാടിയുടെ ഭാഗമായി ഒരുക്കിയ ആദിമം. പന്തക്കാളി, കളവും പുള്ളുവന്‍പാട്ടും, പടയണി, തെയ്യം, മുടിയേറ്റ്, പൂതനും തിറയും തുടങ്ങിയ  കലാരൂപങ്ങള്‍ക്ക് ഒപ്പമാണ് പളിയ നൃത്തവും അവതരിപ്പിച്ചത്. ഇടുക്കി ജില്ലയിലെ കുമളിയിലെ പളിയര്‍ എന്ന ആദിവാസി വിഭാഗത്തിന്‍റെ പാരമ്പര്യ നൃത്തരൂപമാണ് പളിയ നൃത്തം. ഊരു മൂപ്പന്‍മാരെ സന്ദര്‍ശിച്ച് നിര്‍മാണ രീതി നേരിട്ട് മനസിലാക്കി അവരുടെ മേല്‍നോട്ടത്തിലാണ് പരമ്പരാഗത കുടിലുകള്‍ നിര്‍മ്മിച്ചത്.  ഈ കുടിലിന്‍റ മുന്‍പില്‍ ഗോത്ര വിഭാഗങ്ങള്‍ അവരുടെ പൂര്‍വികര്‍ അവതരിപ്പിച്ച മാതൃകയില്‍ അനുഷ്ഠാന കല അവതരിപ്പിച്ചതില്‍ എന്താണ് തെറ്റെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചു.

വിവാദത്തില്‍ മന്ത്രി കെ. രാധാകൃഷ്ണന്‍റെ വിമര്‍ശനവും മുഖ്യമന്ത്രി തള്ളികളഞ്ഞു. മന്ത്രി പരിപാടി കണ്ടിട്ടില്ലെന്ന് അല്ലേ പറഞ്ഞതെന്നും പരിപാടിയെ ആകെ മന്ത്രി തള്ളി കളഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആദിവാസികളെ ഷോകേസ് ചെയ്യാൻ പാടില്ല എന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നായിരുന്നു മന്ത്രി കെ. രാധാകൃഷ്ണന്‍റെ പ്രതികരണം. ഷോകേസിൽ വയ്ക്കേണ്ട ഒന്നല്ല ആദിവാസികൾ. തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ ഫോക് ലോർ അക്കാദമി പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞിരുന്നു.

കേരളീയത്തിന്‍റെ ഭാഗമായി പരമ്പരാഗത ഗോത്രവിഭാഗത്തില്‍പ്പെട്ട ഒരു സംഘം കലാകാരന്മാര്‍ക്ക് അവരുടെ കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നതിന് ഫോക് ലോര്‍ അക്കാദമി അവസരമൊരുക്കുകയാണ് ചെയ്തത്. കഥകളിയും ഓട്ടന്‍തുളളലും നങ്ങ്യാര്‍കൂത്തും തിരുവാതിരകളിയും പോലെ ഒരു കലാരൂപം ആണ് പളിയ നൃത്തവും. ആ കലാരൂപത്തിന്‍റെ ഭാഗമായി പരമ്പരാഗത വേഷവിധാനങ്ങളോടെ കുടിലുകള്‍ക്ക് മുന്നില്‍ ഇരുന്ന കലാകാരന്‍മാരെ പ്രദര്‍ശന വസ്തുക്കളാക്കി എന്ന പ്രചാരണം നടത്തിയത് ശരിയായ ഉദ്ദേശത്തോടെയല്ല. കേരളത്തിന് അകത്തും പുറത്തുമായി നടക്കുന്ന വിവിധ പരിപാടികളില്‍ ഫോക് ലോര്‍ അക്കാദമിയുമായി സഹകരിക്കുന്ന കലാകാരന്‍മാരാണ് കേരളീയത്തിലും പങ്കെടുത്തത്. തങ്ങളുടെ കലാപ്രകടനം ഒരുപാട് പേര്‍ കണ്ടതില്‍ അവര്‍ സന്തോഷം രേഖപ്പെടുത്തിയിട്ടുണ്ട്. കലാപ്രകടനത്തിന് ശേഷം അതിനായി തയ്യാറാക്കിയ പരമ്പാരാഗത കുടിലിന് മുന്നില്‍ വിശ്രമിച്ച ചിത്രമാണ് പ്രദര്‍ശനവസ്തു എന്ന പേരില്‍ പ്രചരിച്ചത് എന്ന കാര്യവും അവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 

ആദിവാസികളെ ഷോകേയ്സ് ചെയ്തു എന്ന പ്രചാരണം തെറ്റാണ്. ആദിമ മനുഷ്യരുടെ ജീവിതം എങ്ങനെയായിരുന്നുവെന്ന് ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കപ്പെടുന്നത് പുതിയ കാര്യമല്ല. ലോകത്ത് എല്ലായിടത്തും ആദിമ മനുഷ്യരുടെ ജീവിത രീതികളും അവരുടെ ആചാര അനുഷ്ഠാനങ്ങളും പരിചയപ്പെടുത്തുന്നത് നാം കാണാറുണ്ട്. റിപ്പബ്ലിക്ക് ദിന പരേഡില്‍ രാജ്യത്താകെയുള്ള ജന വിഭാഗങ്ങളുടെ ജീവിതത്തിന്‍റെ പരിച്ഛേദം അടയാളപ്പെടുത്താറുണ്ട്. അതില്‍ ആദിവാസികള്‍ അടക്കമുള്ള ജന സമൂഹത്തിന്‍റെ ജീവിത ശൈലികള്‍ അവതരിപ്പിക്കുന്നത് ജനശ്രദ്ധ നേടാറുമുണ്ട്. 
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് ഗദ്ദിക എന്ന പരിപാടിയിലൂടെ വിവിധ ആദിവാസി വിഭാഗത്തിന്‍റെ ജീവിതവും അവരുടെ സാമൂഹിക-സാംസ്കാരിക ചുറ്റുപാടുകളും പ്രമേയമാക്കി അവതരിപ്പിച്ച പരിപാടി വലിയ ജനശ്രദ്ധ നേടിയിരുന്നു.  അതില്‍ അവതരിപ്പിച്ചതില്‍ കൂടുതലൊന്നും കേരളീയത്തില്‍ ഉണ്ടായിട്ടില്ല. ഇവിടെ കേരളീയം വന്‍തോതില്‍ ജനശ്രദ്ധ നേടിയപ്പോള്‍ അതിന്‍റെ ശോഭ കെടുത്താനുള്ള ചില ശ്രമങ്ങളാണുണ്ടായതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കേന്ദ്രത്തിന്റെ അതിതീവ്ര സാമ്പത്തിക അതിക്രമം; സംസ്ഥാന വരുമാനത്തിൽ 57400 കോടി രൂപ കുറവ്: മുഖ്യമന്ത്രി

കേരളീയം വൻ വിജയം, പ്രതീക്ഷിച്ചതിലും വലിയ ജനപങ്കാളിത്തം; 2-ാം കേരളീയത്തിന് ഒരുക്കം തുടങ്ങിയെന്ന് മുഖ്യമന്ത്രി

Follow Us:
Download App:
  • android
  • ios