ലഖ്‌നൗ: ഉത്തർപ്രദേശിലെ ഗോരഖ്പൂരിലുള്ള ബിആർഡി മെഡിക്കൽ കോളേജിൽ മലയാളി പിജി വിദ്യാർത്ഥി ആത്മഹ്യചെയ്തത് വകുപ്പ് മേധാവിയുടെയും സീനീയർ വിദ്യാർത്ഥികളുടെയും പീഡനത്തെ തുടർന്നെന്ന് ബന്ധുക്കൾ. പത്തനംതിട്ട ഓമല്ലൂർ സ്വദേശി ഡോ. വിനീത് നായരെ നേപ്പാളിലായിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത്.

ഗോരഖ്പൂരിലെ ബി.ആർഡി. മെഡിക്കൽ കോളേജിൽ ഒന്നാം വർഷ എം.എസ് വിദ്യാർത്ഥിയായിരുന്ന ഡോ വിനീത് നായരെ ഈ മാസം ഏഴിനാണ് നേപ്പാളിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജോലിഭാരവും മാനസിക പീഡനവും താങ്ങാനാകാതെയാണ് ഡോ വിനീത് ആത്മഹത്യ ചെയ്തതെന്ന് സഹപാഠികളും ബന്ധുക്കളും പറയുന്നു. സമ്മർദ്ദത്തെ തുടർന്ന് കുറച്ച് നാൾ ക്ലാസിൽ പോയിരുന്നില്ല. തുടർന്ന് കോളേജിൽ എത്തിയപ്പോൾ വകുപ്പ് മേധാവി ആറുമാസം അധികം ക്ലാസിൽ തുടരേണ്ടിവരുമെന്ന് അറിയിച്ചു.

നാട്ടിലെത്തിച്ച വനിതീന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി വേണമെന്നാവാശ്യപ്പെട്ട് ബി.ആർ.ഡി മെഡിക്കൽ കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥികളുടെ പ്രതിഷേധം തുടരുകയാണ്. കോളേജ് അധികൃതർക്കെതിരെ വീട്ടുകാർ ദേശീയ മനുഷ്യാവകാശ കമ്മിഷൻ അടക്കമുള്ളവർക്ക് പരാതി നൽകാനൊരുങ്ങുകയാണ്.