Asianet News MalayalamAsianet News Malayalam

ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾക്ക് പാസ് വൈകും, കിട്ടിയവർക്ക് വരാൻ ചെലവേറെ

ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികളുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ പുനരാരംഭിക്കുന്നത്, ഇന്ന് മുഖ്യമന്ത്രിയുടെ അവലോകന യോഗം ചർച്ച ചെയ്യും

Keralites stranded in other states worried about return
Author
Thiruvananthapuram, First Published May 8, 2020, 2:09 PM IST

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിൽ മടങ്ങിവരാൻ ആഗ്രഹിക്കുന്നവർക്ക് വീണ്ടും പാസ് നൽകുന്നത് വൈകും. അതേസമയം പാസ് ലഭിച്ചവർക്ക് തിരികെ വരാനുള്ള യാത്രാച്ചിലവ് പ്രതിസന്ധിയാവുകയാണ്. ഈ സാഹചര്യത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ കഴിയുന്ന മലയാളികൾ ആശങ്കയിലാണ്.

ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികളുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ പുനരാരംഭിക്കുന്നത്, ഇന്ന് മുഖ്യമന്ത്രിയുടെ അവലോകന യോഗം ചർച്ച ചെയ്യും. തിരിച്ച് വരുന്നവരെ ക്വാറന്റൈൻ ചെയ്യുന്നതിലെ ആശയകുഴപ്പമാണ് പാസ് നിർത്തിവയ്ക്കാൻ കാരണം.  ആദ്യ ദിവസങ്ങളിൽ നാട്ടിലേക്ക് വന്നവരുടെ കണക്കുകൾ വീണ്ടുമെടുത്ത് റെഡ് സോണുകളിൽ നിന്ന് വന്നവരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചു.

ഇതുവരെ പാസ് വാങ്ങിയ 44000 പേരിൽ നാല് ദിവസം കൊണ്ട് വെറും 13000 പേരാണ് നാട്ടിലേക്ക് മടങ്ങിയത്. കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. പ്രത്യേക ട്രെയിൻ ഏർപ്പെടുത്താനാണ് ശ്രമം.

അതേസമയം മഹാരാഷ്ട്രയിലടക്കം മലയാളികൾ കടുത്ത ആശങ്കയിലാണ്. പാസ് ലഭിച്ചവർക്ക് പോലും നാട്ടിലേക്ക് മടങ്ങാൻ വാഹനങ്ങൾ വാടകയ്ക്ക് എടുക്കാൻ സാധിക്കുന്നില്ല. ഭീമമായ തുകയാണ് ടൂറിസ്റ്റ് വാഹനങ്ങൾക്ക് അടക്കം നൽകേണ്ടത്. പ്രത്യേക ട്രെയിൻ സർവീസോ ബസുകളോ ഏർപ്പെടുത്തണമെന്നാണ് ആവശ്യം.

സ്വന്തമായി വാഹനമുള്ള പലരും നാട്ടിലെത്തി. എന്നാൽ വിവിധ ആവശ്യങ്ങൾക്കായി മഹാരാഷ്ട്രയിലെത്തിയവരും സ്വന്തം വാഹനമില്ലാത്ത സാധാരണക്കാരും കുടുങ്ങി. മുംബൈയിൽ നിന്ന് തെക്കൻ കേരളത്തിലേക്ക് ഒരു കാറിന് 60,000 മുതൽ ഒരു ലക്ഷം വരെയാണ് ട്രാവൽ ഏജൻസികൾ ചോദിക്കുന്നത്.

മുംബൈയിലടക്കം ആശുപത്രികൾ കൊവിഡ് രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. ചികിത്സ കിട്ടാതെ രണ്ട് മലയാളികളാണ് മുംബൈയിൽ മരിച്ചത്. രോഗബാധിത മേഖലകളിൽ ഭീതിയോടെയാണ് മലയാളികൾ കഴിയുന്നത്. വേഗത്തിലുള്ള തീരുമാനങ്ങളാണ് ഈ ദുരിതകാലത്ത് മഹാരാഷ്ട്രയിലെ മലയാളികൾ ആവശ്യപ്പെടുന്നത്. അതേസമയം ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾക്ക് പാസ്സ് വിതരണം പുനരാരംഭിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios