തിരുവനന്തപുരം: കെവിൻ കേസ് പ്രതികൾക്ക് നേരെയുണ്ടായിരുന്ന അക്രമം അന്വേഷിക്കുമെന്ന് ജയിൽ മേധാവി ഋഷിരാജ് സിംഗ്. ജയിൽ ഡിഐജിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി ഉണ്ടാകുമെന്നും ഋഷിരാജ് സിംഗ് പറഞ്ഞു. 

പൂജപ്പുര സെൻട്രൽ ജയിലിൽ വച്ചാണ് കെവിൻ കേസ് പ്രതി ടിറ്റു ജെറോം മർദ്ദനത്തിനിരയായത്. പരിക്കേറ്റ ടിറ്റുവിനെ ഇന്നലെ തിരുവനന്തപുരം മെഡിക്കൽ കോളജാശുപത്രിയിലേക്ക് മാറ്റിയിരുന്നു. കെവിൻ വധക്കേസിലെ ഒൻപതാം പ്രതിയായ ടിറ്റു ജെറോം പൂജപ്പുര സെൻട്രൽ ജയിലിൽ ജീവപരന്ത്യം തടവുശിക്ഷ അനുഭവിച്ച് വരുന്നതിനിടെയാണ് സംഭവം. ജയിലിൽക്കഴിയുന്ന മകനെക്കുറിച്ച് ദിവസങ്ങളായി യാതൊരു വിവരവുമില്ലെന്ന പിതാവിന്‍റെ  ഹേബിയസ് കോർപ്പസ് ഹർജിയെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മർദ്ദന വിവരം പുറത്ത് വന്നത്.