വാഹന പരിശോധനക്കിടയിൽ സംശയാസ്പദമായ സാഹചര്യത്തിൽ പ്രതികളെ കണ്ടിരുന്നു. തുടര്‍ന്ന് മൊബൈൽ നമ്പർ കുറിച്ചെടുത്തു...
കോട്ടയം: കെവിൻ കേസിൽ മുഖ്യ സാക്ഷി അനീഷിന്‍റെ ജീവൻ രക്ഷിക്കാനായത് തന്‍റെ ഇടപെടൽ മൂലമെന്ന് ഗാന്ധി നഗർ മുൻ എ എസ് ഐ ബിജുവിന്‍റെ മൊഴി. വാഹന പരിശോധനക്കിടയിൽ സംശയാസ്പദമായ സാഹചര്യത്തിൽ പ്രതികളെ കണ്ടിരുന്നു. തുടര്‍ന്ന് മൊബൈൽ നമ്പർ കുറിച്ചെടുത്തു. പിന്നീട് കെവിനെ തട്ടിക്കൊണ്ടു പോയപ്പോൾ ഈ നമ്പറിൽ വിളിച്ചാണ് വിട്ടയക്കാൻ ആവശ്യപ്പെട്ടതെന്നും ബിജു പറഞ്ഞു.
അതേസമയം കെവിനെ തട്ടിക്കൊണ്ട് പോയത് തനിക്ക് മുൻപേ മേലുദ്യോഗസ്ഥർ അറിഞ്ഞിരുന്നുവെന്ന് സസ്പെൻഷനിലുള്ള മുൻ എസ്ഐ ഷിബു മൊഴി നൽകി. സംഭവ ദിവസം രാവിലെ താൻ വിവരം അറിയിക്കും മുൻപേ തന്നെ ഡിവൈഎസ്‍പി വിവരം അറിഞ്ഞിരുന്നു. അന്വേഷണത്തിന് മൂന്ന് മണിക്കൂർ മാത്രമാണ് ലഭിച്ചതെന്നും ഷിബു മൊഴി നൽകി.
കേസിൽ കൃത്യ വിലോപത്തിന് ഇപ്പോഴും സസ്പെൻഷനിലുള്ള ആളാണ് ഷിബു. ഷിബു കൃത്യമായി നടപടി എടുത്തിരുന്നുവെങ്കിൽ കെവിന്‍റെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നാണ് ഭാര്യ നീനു മൊഴി നൽകിയിരുന്നത്.
