Asianet News MalayalamAsianet News Malayalam

കെവിൻ കേസ് പ്രതിയെ മർദ്ദിച്ച സംഭവം; സിറ്റി പൊലീസ് കമ്മീഷണറോട് ഹാജരാകാൻ കോടതി നിർദ്ദേശം

കെവിൻ വധക്കേസ് പ്രതി ടിറ്റു ജെറോമിനെ പൂജപ്പുര സെൻട്രൽ ജയിലിൽ മർദിച്ചത് ജയിൽ ജീവനക്കാരെന്ന് ജില്ലാ ജഡ്ജിയുടെ റിപ്പോ‍ർട്ടിൽ പറയുന്നുണ്ട്. ചില തടവുകാരുടെ മദ്യപാനവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് പിന്നാലെയാണ് സംഭവം

Kevin Case Tittu Jerome beaten Court asked tvm city police commissioner to present before court
Author
Thiruvananthapuram, First Published Jan 11, 2021, 2:56 PM IST

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന കെവിൻ വധക്കേസ് പ്രതി ടിറ്റു ജെറോമിനെ മർദിച്ച സംഭവവുമായി ബന്ധപ്പെട്ട്, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ഒരു മണിക്കൂറിനുള്ളിൽ ഓൺലൈനായി ഹാജരാകണമെന്ന് ഹൈക്കോടതി നിർദ്ദേശം. ടിറ്റു ജെറോമിനെ കാണാൻ മാതാപിതാക്കളെ അനുവദിക്കണമെന്ന ഉത്തരവ് നടപ്പാക്കാതിരുന്ന സാഹചര്യത്തിലാണിത്.

കെവിൻ വധക്കേസ് പ്രതി ടിറ്റു ജെറോമിനെ പൂജപ്പുര സെൻട്രൽ ജയിലിൽ മർദിച്ചത് ജയിൽ ജീവനക്കാരെന്ന് ജില്ലാ ജഡ്ജിയുടെ റിപ്പോ‍ർട്ടിൽ പറയുന്നുണ്ട്. ചില തടവുകാരുടെ മദ്യപാനവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് പിന്നാലെയാണ് സംഭവം. പുറത്ത് ചവി‍ട്ടിയെന്നും ചൂരൽ കൊണ്ട് അടിച്ചെന്നും ടിറ്റു ജെറോം പറഞ്ഞതായി റിപ്പോർട്ടിലുണ്ട്. തിരുവനന്തപുരം ജില്ലാ ജ‍ഡ്ജിയുടെ റിപ്പോർ‍ട്ട് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

ഹൈക്കോടതി രജിസ്ട്രാർക്ക് സമർപ്പിച്ച റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്. തന്നെ മർദ്ദിച്ചത് ചില ജയിലുദ്യോഗസ്ഥരാണെന്ന് ടിറ്റോ ജെറോം പറ‍ഞ്ഞതായാണ് ജഡ്ജിയുടെ റിപ്പോർട്ട്. ഇക്കഴിഞ്ഞ ജനുവരി ഒന്നിനാണ് ടിറ്റോ ജെറോമിന് ജയിലിൽ വച്ച് മ‍ർദ്ദനമേറ്റത്. ഡിസംബർ 24ന് ചില തടവുകാർ ജയിലിൽ വച്ച് മദ്യപിച്ചിരുന്നു ഇതെ ചൊല്ലി ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതിന്റെ പേരിലാണ് ഉദ്യോഗസ്ഥർ മർദ്ദിച്ചതെന്നാണ് ടിറ്റോ ജഡ്ജിക്ക് നൽകിയ മൊഴി. ഉദ്യോഗസ്ഥർ പുറത്ത് ചവിട്ടിയെന്നും ചൂരൽ കൊണ്ട് അടിച്ചെന്നുമാണ് മൊഴി. മർദ്ദനമേറ്റതിന്റെ പാടുകൾ ശരീരത്തിലുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. വൃക്കയോട് ചേർന്ന ഭാഗത്താണ് മർദ്ദനമേറ്റതെന്ന് ഡോക്ടർമാരുടെ പരിശോധനയിൽ സ്ഥിരീകരിച്ചതായും ജ‍ഡ്ജിയുടെ റിപ്പോർട്ടിലുണ്ട്.

ടിറ്റുവിനെ ജയിലധികൃതർ മർദിച്ചതായി സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി പിതാവ് ജെറോം ഹൈക്കോടതിയിൽ  ഹേബിയസ് കോർപ്പസ് ഹർജി നൽകിതിനെ തുടർന്നാണ് ഹൈക്കോടതി തിരുവനന്തപുരം ജില്ലാ ജ‍‍ഡ്ജിയോട് ജയിലിലെത്തി പരിശോധന നടത്താൻ നി‍ർദേശിച്ചത്. ഡിഎംഒയോടും ജയിൽ ഐജിയോടും തൽസ്ഥിതി അറിയാനും ആവശ്യപ്പെട്ടിരുന്നു. മൂവരും നടത്തിയ പരിശോധനയിലാണ് ടിറ്റു ജെറോമിന് മർദനമേറ്റെന്നും ആന്തരിക പരിക്കുണ്ടെന്നും കണ്ടെത്തിയത്. ജില്ലാ ജഡ്ജിയുടെ നിർദേശപ്രകാരമാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ടിറ്റു ജെറോമിനെ മാറ്റിയത്.

പൂജപ്പുര സെൻട്രൽ ജയിലിൽ ജീവപരന്ത്യം തടവിൽ കഴിയുന്നതിനിടെയാണ് കെവിൻ വധക്കേസിലെ ഒൻപതാം പ്രതിയായ ടിറ്റു ജെറോമിന് മർദ്ദനമേറ്റത്. സംഭവത്തിൽ മൂന്ന് പ്രിസൺ ഓഫീസർമാരെ അന്വേഷണവിധേയമായി സ്ഥലംമാറ്റിയിരുന്നു.  പ്രിസൺ ഓഫീസർമാരായ ബിജുകുമാർ, സനൽ എന്നിവരെ നെട്ടുകാൽത്തേരി തുറന്ന ജയിലിലേക്കാണാണ് മാറ്റിയത്. ബിജു കുമാർ എന്ന പ്രിസൺ ഓഫീസറെ നെയ്യാറ്റിൻകര സ്പെഷ്യൽ സബ് ജയിലിലേക്കും മാറ്റി.

Follow Us:
Download App:
  • android
  • ios