Asianet News MalayalamAsianet News Malayalam

കെവിന്‍റെ ദുരഭിമാനക്കൊല; അന്വേഷണ ഉദ്യോഗസ്ഥനും പ്രോസിക്യൂഷനും കോടതിയുടെ അഭിനന്ദനം

കെവിന്‍ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനേയും പ്രോസിക്യൂഷനേയും അഭിനന്ദിച്ച് കോടതി. പ്രതികൾ കുറ്റക്കാരാണെന്ന് വിധിക്കുന്നതിനിടെയാണ് കോട്ടയം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അഭിനന്ദനം അറിയിച്ചത്.

kevin murder case court appreciate investigation officer and prosecution
Author
Kottayam, First Published Aug 22, 2019, 12:26 PM IST

കോട്ടയം: കെവിന്‍ വധക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനും പ്രോസിക്യൂഷനും കോടതിയുടെ അഭിനന്ദനം. കേസില്‍ നീനുവിന്‍റെ സഹോദരനടക്കം 10 പ്രതികൾ കുറ്റക്കാരാണെന്ന് വിധിക്കുന്നതിനിടെയാണ് കോട്ടയം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അന്വേഷണ സംഘത്തേയും പ്രോസിക്യൂഷനേയും അഭിനന്ദിച്ചത്.

ഏറെ സന്തോഷമുള്ള വിധിയാണെന്ന് കെവിന്‍ വധക്കേസിന്‍റേതെന്ന് അന്വേക്ഷണ ഉദ്യോഗസ്ഥന്‍ എസ്പി ഹരിശങ്കര്‍ പറഞ്ഞു. കേസില്‍ ഒരുപാട് പ്രതികളുള്ളതിനാല്‍ ഗൂഢാലോചന തെളിയിക്കാന്‍ ബുദ്ധിമുട്ടായിരുന്നുവെന്നും വേഗത്തിലുള്ള വിചാരണയാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് തെളിയിക്കാന്‍ സഹായിച്ചതെന്നും ഹരിശങ്കര്‍ പ്രതികരിച്ചു. 

കേസന്വേഷണത്തിന്‍റെ അവസാന ഘട്ടത്തില്‍ ഇരയും പ്രതികളും മാത്രമാണ് ഉണ്ടായിരുന്നത്, മറ്റ് സാഹചര്യത്തെളിവുകള്‍ ഉപയോഗിച്ചാണ് പഴുതുകള്‍ അടച്ചത്. ദുരഭിമാനക്കൊലയാണെന്ന് തരത്തില്‍ തന്നെയാണ് ആദ്യം മുതല്‍ കേസന്വേഷിച്ചതെന്നും ഹരിശങ്കര്‍ പറഞ്ഞു. കുറ്റകൃത്യത്തിൽ ചാക്കോയ്ക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തലെന്ന് എസ്പി ഹരിശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, കെവിന്‍റേത് ദുരഭിമാനക്കൊല തന്നെയാണെന്ന് കോടതി കണ്ടെത്തി. സാനു ചാക്കോ, നിയാസ് മോരൻ, ഇഷാൻ ഇസ്മയിൽ, റിയാസ്, മനു, ഷിഫിൻ, നിഷാദ്, ഫസിൽ, എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ ശിക്ഷാ വിധി മറ്റന്നാള്‍ പ്രഖ്യാപിക്കും. നിയാസ് തന്നെ ഫോണില്‍ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി കെവിന്‍ പറഞ്ഞിരുന്നുവെന്ന നീനുവിന്റെ മൊഴിയാണ് കേസില്‍ നിര്‍ണ്ണായകമായത്.

കെവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തുന്നതിൽ 10 പ്രതികളും നേരിട്ട് പങ്കുവഹിച്ചെന്ന് കോടതി കണ്ടെത്തി. ചാക്കോ ജോൺ അടക്കം നാല് പ്രതികളെ കോടതി വെറുതേ വിട്ടു. നീനുവിന്‍റെ അച്ഛൻ ചാക്കോ ജോൺ, പത്താം പ്രതി അപ്പുണിയെന്ന വിഷ്ണു, പതിമൂന്നാം പ്രതി ഷിനു ഷാജഹാൻ, പതിനാലാം പ്രതി റനീസ് ഷെരീഫ് എന്നീ നാല് പ്രതികളെയാണ് വെറുതെ വിട്ടത്. നീനുവിന്റെ അച്ഛനെതിരെ ഗൂഢാലോചന കുറ്റമായിരുന്നു ചുമത്തിയിരുന്നത്. ഇത് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നാണ് കോടതി അറിയിച്ചത്. 10 പ്രതികള്‍ക്കെതിരെയും ദുരഭിമാനക്കൊല പ്രകാരമുള്ള കുറ്റം ചുമത്തും.

Also Read: കെവിൻ്റേത് ദുരഭിമാനക്കൊല തന്നെ: നീനുവിന്‍റെ സഹോദരനടക്കം 10 പ്രതികൾ കുറ്റക്കാർ

Follow Us:
Download App:
  • android
  • ios