Asianet News MalayalamAsianet News Malayalam

കെവിനെ ബോധത്തോടെ പുഴയിൽ മുക്കിക്കൊല്ലുകയായിരുന്നെന്ന് ഫോറൻസിക് വിദഗ്‍ധർ കോടതിയിൽ

മുങ്ങുന്ന സമയത്ത് കെവിന് ബോധമുണ്ടായിരുന്നുവെന്നും ഫോറൻസിക് വിദഗ്‍ധർ വിചാരണക്കോടതിയിൽ മൊഴി നൽകി.

kevin was forcibly drowned to death says forensic expert
Author
Kottayam, First Published Jun 3, 2019, 2:14 PM IST

കോട്ടയം: കെവിനെ പുഴയിൽ മുക്കി കൊല്ലുകയായിരുന്നുവെന്ന് ഫോറൻസിക് വിദഗ്ധർ. മുങ്ങുന്ന സമയത്ത് കെവിന് ബോധമുണ്ടായിരുന്നുവെന്നും ഫോറൻസിക് വിദഗ്ധർ വിചാരണക്കോടതിയിൽ മൊഴി നൽകി. ശ്വാസകോശത്തിലെ വെള്ളത്തിന്‍റെ അളവ് ചൂണ്ടിക്കാട്ടിയാണ് മൊഴി. 

കെവിന്‍റെ പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണം എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് വിശദീകരിച്ചുകൊണ്ടാണ് ഫോറൻസിക് വിദഗ്ധർ ഇന്ന് കോടതിയിൽ മൊഴി നൽകിയത്. രണ്ട് കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കെവിനെ മുക്കിക്കൊന്നത് തന്നെയാണെന്ന് ഫോറൻസിക് സംഘം പറയുന്നത്. കെവിന്‍റെ ശ്വാസകോശത്തിൽ കണ്ടെത്തിയ വെള്ളത്തിന്‍റെ അളവാണ് ഒരു കാരണം. ബോധത്തോടെ ഒരാളെ മുക്കിയാൽ മാത്രമേ ഇത്രയും വെള്ളം ഒരാളുടെ ശ്വാസകോശത്തിൽ കയറൂ എന്ന് ഫോറൻസിക് സംഘം വിശദീകരിച്ചു.

അരക്കൊപ്പം വെള്ളം മാത്രമേ സ്ഥലത്തുള്ളൂ എന്നും ഇത്രയും വെള്ളത്തിൽ ബോധത്തോടെ ഒരാൾ വീണാൽ ഇത്രയും വെള്ളം ശ്വാസകോശത്തിൽ കയറില്ലെന്ന് സ്ഥലം സന്ദ‌ർശിച്ച ഫോറൻസിക് സംഘം മൊഴി നൽകി. കേസിൽ ഈ മൊഴി ഏറെ നിർണ്ണായകമാണ്.

കെവിനെയും ബന്ധുവിനെയും തട്ടിക്കൊണ്ട് പോയെന്നത് സത്യമാണെങ്കിലും ഇവർ രക്ഷപ്പെട്ടുവെന്നും പിന്നീട് എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്നുമായിരുന്നു പ്രതികളുടെ വാദം. ഫോറൻസിക് വിദഗ്ധരുടെ മൊഴിയോട് കൂടി മുക്കി കൊന്നത് ‍ഞങ്ങളല്ല എന്ന പ്രതികളുടെ വാദം കൂടിയാണ് അസാധുവാകുന്നത്. 

കഴിഞ്ഞ വർഷം മെയ് 27-നാണ് കോട്ടയം നട്ടാശ്ശേരി സ്വദേശി കെവിനെ മാന്നാനത്ത് നിന്നും ഷാനുവും സംഘവും തട്ടിക്കൊണ്ട് പോകുന്നത്. ഷാനുവിന്‍റെ സഹോദരി നീനുവിനെ കെവിൻ രജിസ്റ്റർ വിവാഹം ചെയ്തതിന്‍റെ തൊട്ടടുത്ത ദിവസമായിരുന്നു ഈ തട്ടിക്കൊണ്ട് പോകൽ. 28-ന് പുലർച്ചെ തെന്മലയിൽ നിന്ന് കെവിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ദുരഭിമാനക്കൊലയാണെന്ന് പ്രോസിക്യൂഷൻ വാദിച്ച കേസിൽ അതിവേഗവിചാരണ കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നടക്കുകയാണ്.

Follow Us:
Download App:
  • android
  • ios