Asianet News MalayalamAsianet News Malayalam

ആരാധനാലയങ്ങൾ തുറക്കുമോ? ഹോട്ടൽ സമയം നീട്ടുമോ? തിയറ്റർ, മാൾ തുറക്കൽ വൈകും

ആരാധനാലയങ്ങൾ തുറക്കാൻ മത-സാമുദായിക സംഘടനകളും പ്രതിപക്ഷവും ശക്തമായ സമ്മർദ്ദമാണ് ഉയർത്തുന്നത്. ബാറുകളും ബിവറേജുകളും തുറന്നിട്ടും ആരാധനാലയങ്ങൾ അടഞ്ഞുകിടക്കുന്നതുയർത്തിയാണ് വിമർശനങ്ങളധികവും.  

key decisions on relaxations in covid restrictions today in high level meet called by cm
Author
Thiruvananthapuram, First Published Jun 22, 2021, 1:02 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കുന്നതടക്കം ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ ഇന്ന് പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന അവലോകനയോഗത്തിൽ  തീരുമാനമുണ്ടാകും. അതേസമയം, തിയേറ്ററുകളും മാളുകളും തുറക്കുന്നത് ഇനിയും നീളും.  

ആരാധനാലയങ്ങൾ തുറക്കാൻ മത-സാമുദായിക സംഘടനകളും പ്രതിപക്ഷവും ശക്തമായ സമ്മർദമാണ് ഉയർത്തുന്നത്. ബാറുകളും ബിവറേജുകളും തുറന്നിട്ടും ആരാധനാലയങ്ങൾ അടഞ്ഞുകിടക്കുന്നതുയർത്തിയാണ് വിമർശനങ്ങളധികവും. ശക്തമായ കോവിഡ് പ്രോട്ടോക്കോൾ നിശ്ചയിച്ച്  നിശ്ചിത ആളുകളെ മാത്രം പ്രവേശിപ്പിക്കുന്ന രീതിയിൽ  ഇളവുകൾ നൽകുന്നത് സർക്കാർ പരിഗണനയിലുണ്ട്. ആരാധനാലയങ്ങൾ തുറക്കുന്നതിൽ വിദഗ്ധർക്കിടയിൽ രണ്ടഭിപ്രായമുണ്ട്. മുഖ്യമന്ത്രി ഇക്കാര്യത്തിൽ നയപരമായ തീരുമാനം എടുക്കും.  

ആളുകൾ കൂടുന്ന തിയേറ്ററുകളും മാളുകളും തുറക്കുന്നത് നീളും. ജിമ്മുകളും പാർക്കുകളും ബീച്ചുകളും തൽസ്ഥിതി തുടരാനാണ് സാധ്യത. എന്നാൽ ആഭ്യന്തര ടൂറിസം, ജിമ്മുകൾ എന്നിവ തുറക്കണമെന്ന ആവശ്യം ശക്തമാണ്. ബസ് സർവീസടക്കം അന്തർജില്ലാ യാത്രകൾക്ക് പുതിയ സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ  നൽകിയേക്കും.  

കടകൾ തുറക്കുന്നതിന് സമയം നീട്ടി നൽകാനിടയുണ്ട്. നിലവിൽ 7 മണി വരെ മാത്രം പ്രവർത്തിക്കാനനുമതി നൽകുന്നത് ഹോട്ടലുകളടക്കം കടയുടമകൾക്ക് വലിയ നഷ്ടമുണ്ടാക്കുന്നുണ്ട്. ഇത് നീട്ടി നൽകണമെന്ന ആവശ്യം ശക്തമാണ്. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകുമോയെന്നതും നിർണായകം. തട്ടുകളുടെ അനുമതിയും പ്രധാനം.  

സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് താഴെയെത്തിയ സാഹചര്യത്തിലാണ് കൂടുതൽ ഇളവുകൾ വരുന്നത്. സംസ്ഥാനവ്യാപക ലോക്ക്ഡൗൺ പിൻവലിച്ച് പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ശേഷം അതിതീവ്ര വ്യാപനമുള്ള സ്ഥലങ്ങൾ കുറഞ്ഞതും ഭാഗിക നിയന്ത്രണങ്ങളുള്ളിടത്ത് വ്യാപനം കുറയുന്നതും ഗുണകരമായി. ഇളവുകളിൽ   മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ഇന്ന് തീരുമാനമെടുക്കും.

അതേസമയം, സംസ്ഥാനത്ത് വ്യാപനശേഷി കൂടിയ ഡെൽറ്റ പ്ലസ് വൈറസ് വകഭേദം ആശങ്കയുണ്ടാക്കുന്നുണ്ട്. മൂന്നാം തരംഗ മുന്നറിയിപ്പും ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിൽ കരുതലോടെ മാത്രമേ തീരുമാനമുണ്ടാകൂ. 

 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios