വ്യാജ സ്വർണ്ണക്കട്ടി കാണിച്ച് പണം തട്ടുന്ന കെ ജി എഫ് സ്വാമി അറസ്റ്റിൽ. പത്തനംതിട്ട സ്വദേശിയായ ഷാജിയാണ് പിടിയിലായത്.
തൃശ്ശൂർ: സ്വർണ ഖനിയിൽ നിന്ന് നേരിട്ട് എത്തിക്കുന്ന സ്വർണ കട്ടികൾ നൽകാമെന്ന് പറഞ്ഞ് വ്യാജ സ്വർണ കട്ടികൾ വിൽപ്പന നടത്തി ലക്ഷക്കണക്കിന് രൂപ തട്ടിപ്പ് നടത്തിയ കേസിൽ ഒരാള്‍ പിടിയില്‍. കെ ജി എഫ് സ്വാമി എന്ന് വിളിക്കുന്ന പത്തനംതിട്ട മാധവ മംഗലത്ത് മനാഴിയിൽ വീട്ടിൽ 61 വയസുള്ള ഷാജിയാണ് പിടിയിലായത്.
ഖനിയില്‍ നിന്ന് നേരിട്ട് സ്വര്‍ണം കൊണ്ടു വന്നു നല്‍കും. ഇടനിലക്കാരില്ല, തനിത്തങ്കം. സാമ്പിളായി വെട്ടിത്തിളങ്ങുന്ന സ്വര്‍ണക്കട്ടിയും കാണിക്കും. ഇങ്ങനെയാണ് പത്തനംതിട്ട സ്വദേശി ഷാജി എന്ന കെജിഎഫ് സ്വാമി തട്ടിപ്പ് നടത്തിയിരുന്നത്. സ്വര്‍ണ്ണാഭരണ നിര്‍മാണത്തിന്‍റെ കേരളത്തിലെ പ്രധാന കേന്ദ്രമായ തൃശൂരാണ് ഷാജി തട്ടിപ്പിന് തെരഞ്ഞെടുത്ത കേന്ദ്രം. അഡ്വാന്‍സായി ലക്ഷങ്ങള്‍ തട്ടിയെടുത്ത് മുങ്ങുന്നതാണ് രീതി. കൊടുങ്ങല്ലൂരിലായിരുന്നു ഷാജി ഏറെ നാളായി താമസിച്ചിരുന്നത്.
മാടവന സ്വദേശി ഷബീര്‍ എന്നയാളില്‍ നിന്ന് അഞ്ച് ലക്ഷത്തി അയ്യായിരം രൂപ തട്ടിയെടുത്ത കേസിലാണ് കെജിഎഫ് സ്വാമിക്ക് പൂട്ടു വീണത്. പരാതി അന്വേഷിച്ച കൊടുങ്ങല്ലൂര്‍ പൊലീസ് കെജിഎഫ് സ്വാമിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കഴിഞ്ഞ മാസം 25 മുതലാണ് ഷബീര്‍ പണം നല്‍കി തുടങ്ങിയത്. ഷമീര്‍ എന്ന സുഹൃത്താണ് കെജിഎഫ് സ്വാമിയെ പരിചയപ്പെടുത്തുന്നത്. നേരിട്ട് സ്വര്‍ണമെടുത്ത് നേരിട്ടു കച്ചവടം നടത്തുയാളെന്നായിരുന്നു വിവരണം. നേരിട്ടും അക്കൗണ്ട് വഴിയായും പല തവണയായി അഞ്ച് ലക്ഷം രൂപ നല്‍കി. പണം പോകുന്നതല്ലാതെ സ്വര്‍ണം വരവില്ലെന്ന് ബോധ്യമായപ്പോഴാണ് ഷബീര്‍ പൊലീസിനെ സമീപിച്ചത്. പ്രതിയുടെ പക്കലുണ്ടായിരുന്ന സ്വര്‍ണ്ണക്കട്ടി കണ്ട് പൊലീസ് തന്നെ അമ്പരന്നു. ഒര്‍ജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ്. വിവിധ കല്ലുകള്‍ പതിച്ച ആഭരണങ്ങളും കണ്ടെത്തിയിട്ടുണ്ട്.
വിവിധ മേല്‍വിലാസങ്ങളിലായുള്ള ഐഡി കാര്‍ഡുകളും കണ്ടെത്തിയിട്ടുണ്ട്. പാറവട്ടിയില്‍ വ്യാജ സ്വർണ ഗണപതി വിഗ്രഹം ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ കേസിൽ പ്രതിയാണ് ഷാജി. കൊടുങ്ങല്ലൂർ ഡിവൈഎസ്പി പി പ്രമോദിന്റെ നേതൃത്വത്തിൽ ഷാജിയെപ്പറ്റിയുള്ള വിപുലമായ അന്വേഷണവും തുടങ്ങിയിട്ടുണ്ട്.

