കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിനെതിരെ ഉയർന്ന ആരോപണങ്ങൾ തള്ളി സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎ. മെഡിക്കൽ കോളേജിനെതിരെ വാർത്താമാധ്യമങ്ങളിൽ വന്നു കൊണ്ടിരിക്കുന്നത് നിർഭാഗ്യകരമായ വാർത്തകളാണെന്നും ആശുപത്രിയിൽ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സംഭവത്തിലേക്ക് സമഗ്രവും വസ്തുതാപരവുമായ അന്വേഷണം നടത്തണമെന്നും കെജിഎംസിടിഎ ആവശ്യപ്പെട്ടു. 

എറണാകുളം മെഡിക്കൽ കോളേജിനെ തകർക്കാനുള്ള ഗൂഡലക്ഷ്യമാണ് ആരോപണങ്ങൾക്ക് പുറകിൽ. ആത്മാർത്ഥമായി ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന രീതിയിൽ ഇത്തരം സംഭവങ്ങളെ പൊതുവൽക്കരിക്കുകയും അതിലൂടെ എറണാകുളം മെഡിക്കൽ കോളേജിന്റെ പ്രതിച്ഛായ തകർക്കുകയും ചെയ്യുന്ന തരത്തിലുള്ള പ്രതികരണങ്ങളിൽ നിന്നും പൊതുജനസംഘടനകളും വാർത്താമാധ്യമങ്ങളും പിന്മാറണം.

കോവിഡ്-19 ചികിത്സാരംഗത്ത് നാളിതുവരെയും എറണാകുളം മെഡിക്കൽ കോളേജ് സ്തുത്യർഹമായ സേവനമാണ് കാഴ്ചവെച്ചിട്ടുള്ളതെന്ന കാര്യം നാം വിസ്മരിക്കരുതെന്നും കെജിഎംസിടിഎ ഓർമപ്പെടുത്തുന്നു. കോവിഡ് മഹാമാരിക്ക് സ്വന്തം ജീവൻ പോലും പണയം വെച്ച് ജോലി ചെയ്യുന്ന ഡോക്ടർമാരേയും നഴ്സുമാരേയും മറ്റു ജീവനക്കാരുടേയും ആത്മധൈര്യം  തകർക്കാനുള്ള ഗൂഡശ്രമത്തിനെ അപലപിക്കുന്നതായും കെജിഎംസിടിഎ പ്രസ്താവനയിൽ പറഞ്ഞു.