Asianet News MalayalamAsianet News Malayalam

'ശമ്പളത്തിലെ അപാകത പരിഹരിക്കണം,വൃക്തമായ ജോലിസമയം നിര്‍വചിക്കണം'മെഡിക്കൽ കോളേജ്‌ അദ്ധ്യാപക സംഘടന

2016 ജനുവരി ഒന്നുമുതൽ 5 വർഷത്തെ ശമ്പളകുടിശ്ശിക ഇതുവരെ നല്കിയിട്ടില്ല.മെഡിക്കൽ കോളേജ്‌ അദ്ധ്യാപകരോടുള്ള  കേരള ഗവണ്മെന്‍റിന്‍റെ  വഞ്ചനക്കും അവഗണനക്കും എതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് കെജിഎംസിടിഎ

KGMCTA demands salary hike and well defined duty pattern
Author
First Published Jan 27, 2023, 5:43 PM IST

തിരുവനന്തപുരം:മെഡിക്കൽ കോളേജ്‌ അദ്ധ്യാപകരോട്  കേരള ഗവണ്‍മെന്‍റിന്‍റെ  വഞ്ചനയും അവഗണനയും അവസാനിപ്പിക്കണമെന്ന് കെജിഎംസിടിഎ ആവശ്യപ്പെട്ടു.          മെഡിക്കൽ കോളേജ്‌ അദ്ധ്യാപകര്‍ക്ക്  2016ല്‍ ലഭിക്കേണ്ട ശമ്പളപരിഷ്കരണം വളരെവൈകി 2020 സെപ്റ്റംബറിൽ മാത്രമാണ്‌ നൽകിയത്. എന്നാൽ 01-01-2021 മുതലുള്ള പരിഷ്കരിച്ച ശമ്പളം മാത്രമേ നൽകിയിട്ടുള്ളൂ. 2016 ജനുവരി ഒന്നുമുതൽ 5 വർഷത്തെ ശമ്പളകുടിശ്ശിക ഇതുവരെയും നല്കിയിട്ടുമില്ല. 2021 ഫെബ്രുവരിയിൽ 2023 മുതൽ നാലുഗഡുക്കളായി നൽകാമെന്നു ഉത്തരവിറക്കിയതാണെന്നും സംഘടന പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു

മെഡിക്കൽ കോളേജ്‌ അദ്ധ്യാപകര്‍ക്ക് യുജിസി ഒരുവിധത്തിലുമുള്ള ഗ്രാന്‍റോ  ശമ്പളകുടിശ്ശികക്ക് കേന്ദ്രവിഹിതമോ നൽകുന്നില്ല. ഗവണ്‍മെന്‍റിന്‍റെ  കെടുകാര്യസ്ഥതകൊണ്ട് യുജിസി അദ്ധ്യാപകരുടെ കേന്ദ്രവിഹിതം നഷ്ടപെട്ട കാരണം പറഞ്ഞു മെഡിക്കൽ കോളേജ്‌ അദ്ധ്യാപകര്‍ക്ക് അർഹമായ 5 വർഷത്തെ ശമ്പളകുടിശ്ശിക നിഷേധിക്കുന്ന വഞ്ചനാപരമായ ഉത്തരവ്‌ ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുകയാണ്. അതേസമയം എൻട്രി കേഡറിലുള്ള മെഡിക്കൽ കോളേജ്‌ അദ്ധ്യാപകര്‍ക്ക് ആര്‍സിസി, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് പോലുളള സ്ഥാപനങ്ങളിൽ ലഭിക്കുന്നതിനേക്കാള്‍ വളരെക്കുറവ് ശമ്പളമാണ് നൽകുന്നത്. ആര്‍സിസിയില്‍ ശമ്പളം നിശ്ചയിക്കുന്നത് കേരളഗവണ്‍മെന്‍റാ്.അത് പരിഹരിക്കാൻ ഇതുവരെയും നടപടികൾ ഉണ്ടായിട്ടില്ല.

 സംസ്ഥാന നിരക്കിൽ ശമ്പളം ലഭിക്കുന്ന ജീവനക്കാർക്ക് 01/07/2020 വരെയുള്ള ക്ഷാമബത്തയും കേന്ദ്രനിരക്കിൽ ശമ്പളം ലഭിക്കുന്ന ജീവനക്കാർക് 01/07/2022 വരെയുള്ള ക്ഷാമബത്തയും (38%) ലഭിക്കുമ്പോൾ മെഡിക്കല്‍ കോളേജ് അധ്യാപകര്‍ക്ക് 01/07/2019 വരെയുള്ള ക്ഷാമബത്ത (17 %) മാത്രമാണ് നൽകുന്നത്. (ഇപ്പോൾത്തന്നെ 21% ക്ഷാമബത്ത കുടിശ്ശികയായിട്ടുണ്ട്.) കേന്ദ്രനിരക്കിലുള്ള ശമ്പളമെന്നുപറഞ്ഞു ക്ഷാമബത്ത മരവിപ്പിക്കുകയുമുണ്ടായി, എന്നാൽ കേന്ദ്രനിരക്കിലുള്ള ക്ഷാമബത്ത നൽകുന്നുമില്ല.            അടിയന്തിരമായി മെഡിക്കൽ കോളേജ്‌ അദ്ധ്യാപകര്‍ക്ക് അർഹമായ ശമ്പളകുടിശ്ശികയും ക്ഷാമബത്തയും നല്‍കണമെന്നും എൻട്രി കേഡറിലുള്ള ശമ്പളത്തിലെ അപാകതകളും പരിഹരിക്കണമെന്നും വൃക്തമായ ജോലിസമയം നിര്‍വചിക്കണമെന്നും കെജിഎംസിടിഎ  ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ നടപ്പാക്കിയില്ലെങ്കിൽ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടുപോകുവാൻ സംഘടന നിർബന്ധിതമാകുമെന്നും മുന്നറിയിപ്പ് നല്‍കി

Follow Us:
Download App:
  • android
  • ios