ആരോഗ്യവകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി തിരുവനന്തപുരത്തെ ഒരു സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ വനിതാ സിവിൽ സർജനോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപണം.
തിരുവനന്തപുരം: ഐരാണിമുട്ടം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വ്യാഴാഴ്ച ആരോഗ്യവകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നടത്തിയ സന്ദർശനത്തിനിടെ സ്ഥാപനത്തിലെ സീനിയർ ലേഡി സിവിൽ സർജനോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രതിഷേധമറിയിച്ചു.
പ്രാഥമിക / സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനസമയം രാവിലെ 9 മണിക്കാണ് ആരംഭിക്കേണ്ടതെന്നിരിക്കെ രാവിലെ 8 മണിക്ക് പ്രവർത്തനം ആരംഭിച്ചില്ലെന്നാരോപിച്ച്, വർഷങ്ങളുടെ സേവനപരിചയമുള്ള ഒരു വനിതാ മെഡിക്കൽ ഓഫീസറെ പൊതുവേദിയിൽ അവഹേളിക്കുന്ന തരത്തിൽ സംസാരിച്ചത് തീർത്തും പ്രതിഷേധാർഹമാണെന്നും സംസ്ഥാനത്തെ പൊതുജനാരോഗ്യരംഗത്ത് ആത്മാർഥമായി പ്രവർത്തിക്കുന്ന ഡോക്ടർമാരെ അവഹേളിക്കുന്നതിനും അവരുടെ മനോവീര്യം തകർക്കുന്നതിനു ഉള്ള ഇത്തരം ഇടപെടലുകൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും സംഘടന പറഞ്ഞു.
ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് സർക്കാർ ആരോഗ്യസ്ഥാപനങ്ങളിൽ ഔദ്യോഗിക പരിശോധന നടത്താനോ അവിടുത്തെ ഭരണപരമായ സംവിധാനങ്ങളിൽ നേരിട്ട് ഇടപെടാനോ അധികാരമില്ല. ആരോഗ്യസ്ഥാപനങ്ങളിലും പരിശോധന എന്ന പേരിൽ സന്ദർശനം നടത്തി ഡോക്ടർമാരോടും മറ്റ് ആരോഗ്യപ്രവർത്തകരോടും അപമര്യാദയായി പെരുമാറുന്ന സംഭവങ്ങൾ ആവർത്തിക്കപ്പെടുകയാണെന്നും ഇത്തരം നടപടി സർക്കാർ ആരോഗ്യസംവിധാനത്തിന്റെ സുഗമമായ പ്രവർത്തനത്തെയും ആരോഗ്യപ്രവർത്തകരുടെ ആത്മവിശ്വാസത്തെയും പ്രതികൂലമായി ബാധിക്കുമെന്നും വാർത്താകുറിപ്പിൽ പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ അടിയന്തരമായി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അല്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് കടക്കേണ്ടിവരുമെന്ന് കെ.ജി.എം.ഒ.എ തിരുവനന്തപുരം ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നൽകി.
