അജ്ഞാത ജീവിയുടെ ആക്രമണത്തെ തുടര്‍ന്ന് പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം നൽകി. പ്രദേശത്തെ മദ്രസകൾ, കുമ്മങ്കോട് ഈസ്റ്റ് എല്‍പി സ്കൂൾ, സൗത്ത് എല്‍പി സ്കൂൾ എന്നിവക്ക് അവധി പ്രഖ്യാപിച്ചു.
കോഴിക്കോട്: അജ്ഞാത ജീവിയുടെ ആക്രമണമുണ്ടായ നാദാപുരം കുമ്മങ്കോട് പ്രദേശം അതീവ ജാഗ്രതയിൽ. നാദാപുരം കുമ്മങ്കോട് അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റ സംഭവത്തിന് പിന്നാലെ പ്രദേശത്ത് കൂട് സ്ഥാപിക്കാനുള്ള നടപടി തുടങ്ങി. നാളെ ആര്‍ആര്‍ടി സംഘത്തിന്റെ നേതൃത്വത്തിൽ പ്രദേശത്ത് തെരച്ചിൽ നടക്കും. ജാഗ്രതയുടെ ഭാഗമായി പ്രദേശത്തെ മദ്രസകൾക്കും കുമ്മങ്കോട് ഈസ്റ്റ്, സൗത്ത് എൽപി സ്കൂളുകൾക്കും നാളെ അവധി പ്രഖ്യപിച്ചു.
വീടിനോട് ചേർന്ന പറമ്പിലെ കാട് തെളിക്കുന്നതിനിടയിൽ വിദ്യാർത്ഥിയെ അജ്ഞാത ജീവി ആക്രമിച്ചത്. പെട്ടെന്ന് ശരീരത്തിലേക്ക് ചാടി കടിക്കുകയായിരുന്നു. എരഞ്ഞിക്കൽ മുഹമ്മദ് സിനാനാണ് പരിക്കേറ്റത്. വനാതിർത്തിയിൽ നിന്നും 20 കിലോമീറ്റർ മാറി ജനവാസമേഖലയിലാണ് സംഭവം. പുലിയാണ് ആക്രമിച്ചതെന്നാണ് സിനാൻ പറയുന്നത്. തലക്കും ചെവിയിലും മുറിവുണ്ട്. നഖം കൊണ്ട് നെഞ്ചിലും മുറിവായിട്ടുണ്ട്. ആദ്യം നാദാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സിനാനെ പിന്നീട് വടകരയിലെ ആശുപത്രിയിലേക്ക് മാറ്റി. നാട്ടുകാർ പ്രദേശത്ത് നടത്തിയ തിരച്ചിലിനിടയിലും പുലിയെപോലുള്ള ജീവിയെ കണ്ടിരുന്നു. വന്യജീവിയുടെ ദൃശ്യങ്ങളും പ്രദേശവാസികൾ മൊബൈലിൽ പകർത്തിയിട്ടുണ്ട്. പുലിയാണെന്നാണ് നാട്ടുകാർ പറയുന്നതെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വനംവകുപ്പ് നൽകിയിട്ടില്ല. പ്രദേശത്ത് കൂട് സ്ഥാപിച്ച് അജ്ഞാതജീവിയെ പിടിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
