അതീവ ഗുരുതര സാഹചര്യമാണ് നിലവിലുള്ളത്. രോഗികളുടെ എണ്ണം കൂടിയത് അപായ സൂചനയാണ്. ഈ സാഹചര്യത്തില്‍ രണ്ടാഴ്ച ലോക്ക്ഡൗണ്‍ വേണമെന്നും കൂടുതൽ ആരോഗ്യപ്രവർത്തകരെ നിയമിക്കണമെന്നുമാണ് കെജിഎംഒഎ നല്‍കുന്ന നിര്‍ദ്ദേശം. 

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാഴ്ച ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ. സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരമാണ്. ആരോഗ്യമേഖലയില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും ചികിത്സ സംവിധാനങ്ങളിലെ പരിമിതിയും തിരിച്ചടിയാകുമെന്നും കെ ജിഎംഒഎ സര്‍ക്കാരിന് നൽകിയ കത്തില്‍ പറയുന്നു.

സമ്പൂര്‍ണ അടച്ചിടൽ വേണ്ടെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴാണ് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന ഭിന്ന അഭിപ്രായം പരസ്യമാക്കുന്നത്. ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് വ്യാപനം 75 ശതമാനത്തിനും മുകളിലാണ്. 35000 ൽ അധികം പേര്‍ക്കാണ് ഇന്നലെ പുതിയതായി രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25ന് മേലാണ്. പരിശോധിക്കുന്ന നാല് പേരില്‍ ഒരാൾക്ക് രോഗം സ്ഥിരീകരിക്കുന്നു എന്നാണ് കണക്ക്. ജനിതക വ്യതിയാനം വന്ന വൈറസ് വായുവിലൂടേയും പകരാം. ഈ സാഹചര്യത്തില്‍ പൊതു ഇടങ്ങളില്‍ ആളുകളെത്തുന്നത് നിയന്ത്രിച്ചേ മതിയാകൂ. രോഗ വ്യാപനത്തിന്‍റെ കണ്ണി മുറിയ്ക്കാൻ ലോക്ക് ഡൗണ്‍ അനിവാര്യമാണെന്നാണ് കെജിഎംഒഎ വ്യക്തമാക്കുന്നത്.

രോഗവ്യാപനം തീവ്രമാകുന്ന ഈ സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍, നഴ്സുമാരടക്കം ജീവനക്കാരുടെ കുറവ്, ആശുപത്രികളിലെ സൗകര്യക്കുറവ്, ആശുപത്രികളിലെ കിടക്കകകളും ഐസിയു വെന്‍റിലേറ്ററുകളും നിറയുന്ന സാഹചര്യം ഇതെല്ലാം തിരിച്ചടിയാണ്. പിപിഇ കിറ്റുകള്‍ ഗുണനിലവാരമില്ല, ആന്‍റിജൻ കിറ്റുകള്‍ക്ക് ക്ഷാമം തുടങ്ങിയ പ്രശ്നങ്ങളും കെജിഎംഒഎ ഉന്നയിക്കുന്നുണ്ട്. ലോക്ക്ഡൗണിന് സമാന കര്‍ശന നിയന്ത്രണം വേണമെന്ന് നേരത്തെ ഐഎംഎയും ആവശ്യപ്പെട്ടിരുന്നു. സമ്പൂര്‍ണ അടച്ചിടലിനോട് സര്‍ക്കാരിനും പ്രതിപക്ഷത്തിനും യോജിപ്പില്ല. ഇതറിഞ്ഞുതന്നെ വിദഗ്ധ സമിതി അംഗങ്ങള്‍ ഉൾപ്പെടെ പലരും രോഗ വ്യാപന നിയന്ത്രണത്തിന് ഏറ്റവും കുറഞ്ഞ സമയത്തേക്കെങ്കിലും ലോക്ക്ഡൗണ്‍ അനിവാര്യമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona