കൊല്ലം: സംസ്ഥാനത്ത് മദ്യം കിട്ടാത്തതിനെത്തുടർന്ന് കടുത്ത ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഡോക്ടറുടെ കുറിപ്പടിയോടെ മദ്യം വാങ്ങാമെന്ന സർക്കാർ നിലപാടിനെതിരെ പ്രതിഷേത്തിനൊരുങ്ങി സർക്കാർ ഡോക്ടർമാരുടെ സംഘടന. മദ്യ കുറിപ്പടിയുമായി ബന്ധപ്പെട്ട വിഷയത്തിൽ നാളെ സംസ്ഥാനതലത്തിൽ  പ്രതിഷേധസൂചകമായി കരിദിനം ആചരിക്കുമെന്നും എല്ലാ ഡോക്ടർമാരും കറുത്ത ബാഡ്ജ് ധരിച്ച് ആയിരിക്കും നാളെ ജോലിക്ക് ഹാജരാകുകയെന്നും കെജിഎംഒഎ  വ്യക്തമാക്കി. ഇതോടൊപ്പം ഉത്തരവിലെ അശാസ്‌ത്രീയത തുറന്നു കാണിക്കാൻ പൊതുജന ബോധവൽക്കരണ പരിപാടികൾ നടത്തും. മദ്യം ലഭ്യതയ്ക്കുള്ള ഉപകരണമായി ആശുപത്രികളെ മാറ്റരുതെന്ന് കെജിഎംഒഎ ആവശ്യപ്പെട്ടു. 

ഡോക്ടറുടെ കുറിപ്പടിയുമായി വന്നാൽ മദ്യമെന്ന് സർക്കാർ; ഉത്തരവ് പാലിക്കില്ലെന്നും കുറിപ്പ് നൽകില്ല

വിഡ്രോവല്‍ സിന്‍ഡ്രോം ഉള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കില്‍ മദ്യം വാങ്ങാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. മദ്യം ലഭ്യമാകാനായി ഡോക്ടറുടെ കുറിപ്പ് രോഗിയോ രോഗി സാക്ഷ്യപ്പെടുത്തുന്ന ആളോ എക്സൈസ് റേഞ്ച് ഓഫീസില്‍ ഹാജരാക്കണം. എക്സൈസ് പാസ് അനുവദിക്കുന്നവര്‍ക്ക് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം അനുവദിക്കും. ഒരാൾക്കു ഒന്നിലധികം പാസ്സ് അനുവദിക്കില്ലെന്നതാണ് നിർദ്ദേശം.