തിരുവനന്തപുരം: മദ്യം കിട്ടാത്തതിനെ തുടർന്ന് കടുത്ത ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഡോക്ടറുടെ കുറിപ്പടിയോടെ മദ്യം വാങ്ങാമെന്ന ഉത്തരവിനെതിരെ സർക്കാർ ഡോക്ടർമാരുടെ സംഘടന. മദ്യത്തിന് കുറിപ്പ് നൽകില്ലെന്ന് കെജിഎംഒഎ വ്യക്തമാക്കി. കുറിപ്പ് എഴുതാത്തത്തിന്റെ പേരിൽ നടപടി ഉണ്ടായാൽ നേരിടും. നടപടി എടുത്താൽ ജോലിയിൽ നിന്നും വിട്ടു നിൽക്കുമെന്നും സംസ്ഥാന പ്രസിഡന്റ് ഡോ ജോസെഫ് ചാക്കോ ഏഷ്യാനെറ് ന്യൂസിനോട് പറഞ്ഞു.

വിത്ഡ്രോവൽ സിന്‍ഡ്രോം ഉള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കില്‍ മദ്യം വാങ്ങാമെന്ന് സര്‍ക്കാര്‍ ഉത്തരവ് ഇന്ന് വൈകിട്ടാണ് പുറത്തുവന്നത്. മദ്യം ലഭ്യമാകാനായി ഡോക്ടറുടെ കുറിപ്പ് രോഗിയോ രോഗി സാക്ഷ്യപ്പെടുത്തുന്ന ആളോ എക്സൈസ് റേഞ്ച് ഓഫീസില്‍ ഹാജരാക്കണം. എക്സൈസ് പാസ് അനുവദിക്കുന്നവര്‍ക്ക് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം അനുവദിക്കും. ഒരാൾക്കു ഒന്നിലധികം പാസ്സ് അനുവദിക്കില്ല. രാജ്യം മുഴുവൻ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബാറുകളും ബെവ്ക്കോ ഔട്ട് ലെറ്റുകളും അടച്ചത്.

മദ്യം കിട്ടാത്തതിന്‍റെ പ്രയാസങ്ങൾ മൂലം സംസ്ഥാനത്ത് ഇന്നും രണ്ട് പേർ കൂടി ജീവനൊടുക്കിയിരുന്നു. ആലപ്പുഴ ഗോവിന്ദമുട്ടം, തൃശൂർ വെങ്ങിണിശേരി എന്നിവടങ്ങളിലാണ് മരണം.  തൃശൂർ വെങ്ങിണിശേരിയിൽ കെട്ടിടനിർമാണതൊഴിലാളിയായ ഷൈബുവാണ് ബണ്ട് ചാലിൽ ചാടി ആത്മഹത്യ ചെയ്തത്. മദ്യം കിട്ടാത്തതിന്‍റെ അസ്വസ്തഥകൾ ഇയാൾ പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. തൃശൂർ ജില്ലയിലെ മൂന്നാമത്തെ മരണാണിത്. 

കായംകുളം ഗോവിന്ദമുട്ടത്ത് രമേശൻ എന്നായാളാണ് ജീവനൊടുക്കിയത്. ദിവസക്കൂലിക്ക് തൊഴിലെടുത്തിരുന്ന ഇയാൾ മദ്യ കിട്ടാത്തതിനെ തുടർന്ന് മാനസിക പ്രയാത്തിലായിരുന്നു. സമീപത്തെ വിമുക്തഭടന്മാരോടക്കം മദ്യം ആവശ്യപ്പെട്ടു. കിട്ടാതെ വന്നതോടെ ഇന്ന് ഉച്ചയ്ക്ക് വീട്ടിൽ തൂങ്ങിമരിച്ചു. മൃതദേഹം പോസ്റ്റമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ആലപ്പുഴ ജില്ലയിലും മദ്യകിട്ടാതെയുള്ള മരണം മൂന്നായി.