കൊല്ലം: കൊവിഡ് വ്യാപനം ശക്തമായി തുടരുന്നതിനിടെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎയും കൊല്ലം ജില്ലാ ഭരണകൂടവും തമ്മിലുളള ശീതസമരം രൂക്ഷമാകുന്നു. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ പൊതുജനമധ്യത്തില്‍ ജില്ലാ കലക്ടര്‍ അവഹേളിച്ചെന്നാരോപിച്ച് വനിതാ ഡോക്ടര്‍മാര്‍ അഞ്ചു ദിവസമായി സമരത്തിലാണ്. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഡോക്ടര്‍മാര്‍ ഉയര്‍ത്തുന്നതെന്ന നിലപാടിലാണ് ജില്ലാ കലക്ടര്‍.

കൊല്ലം കലക്ടറേറ്റിനു മുന്നിലാണ് ജില്ലയിലെ വനിതാ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നില്‍പ്പ് സമരം നടത്തുന്നത്. ആശുപത്രി ഡ്യൂട്ടി കഴിഞ്ഞാണ് വൈകുന്നേരം ഒരു മണിക്കൂര്‍ പ്രതിഷേധ പ്ലക്കാര്‍ഡും ഉയര്‍ത്തിയുളള നില്‍പ്പ്. കരുവാളൂരിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലുണ്ടായ സംഭവമാണ് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധത്തിന് വഴിവച്ചത്. ഒരു ശുചിമുറി മാത്രമുളള വീട്ടില്‍ കൊവിഡ് രോഗിയെ പാര്‍പ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ആരോഗ്യകേന്ദ്രത്തിന്‍റെ ചുമതലയുളള ഡോക്ടറെ ജില്ലാ കലക്ടര്‍ രോഷമറിയിച്ചത്. ഗൃഹചികില്‍സ പ്രോത്സാഹിപ്പിക്കണമെന്ന സര്‍ക്കാര്‍ നയം പോലും കണക്കിലെടുക്കാതെ ഡോക്ടറെ പൊതുജനമധ്യത്തില്‍ അവഹേളിച്ചെന്നാണ് കെജിഎംഒഎയുടെ പരാതി.

പ്രശ്നപരിഹാരമുണ്ടായില്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് കെജിഎംഒഎ പറയുന്നു. എന്നാല്‍ ഒരു ഡോക്ടറെയും താന്‍ ശകാരിച്ചിട്ടില്ലെന്നും കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയാല്‍ അത് ഇനിയും ചോദ്യം ചെയ്യുമെന്നുമുളള നിലപാടിലാണ് ജില്ലാ കലക്ടര്‍ ബി.അബ്ദുല്‍ നാസര്‍. ജില്ലയിലെ മന്ത്രിമാരുടെയടക്കം മുന്നില്‍ പരാതി എത്തിയെങ്കിലും പ്രശ്നപരിഹാരത്തിനുളള ഇടപെടല്‍ ഉണ്ടായിട്ടില്ല.