ബ്രിട്ടനിലെയും അമേരിക്കയിലെയും ഇന്ത്യയുടെ നയതന്ത്ര കാര്യാലയങ്ങൾക്കു നേരെ ഞായറാഴ്ച നടന്ന അതിക്രമങ്ങളിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.
ദില്ലി: ഇന്ത്യയുടെ നയതന്ത്രകാര്യാലയങ്ങൾക്ക് എതിരെ ഖാലിസ്ഥാൻ അനുകൂലികളുടെ പ്രകോപനം തുടരുന്നു. ലണ്ടനിലും സാൻഫ്രാൻസിസ്കോയിലും കോൺസുലേറ്റുകൾക്ക് മുന്നിൽ വീണ്ടും പ്രകോപന പ്രകടനം അരങ്ങേറി. കോൺസുലേറ്റുകൾക്ക് എതിരായ നീക്കങ്ങളെ അപലപിക്കുന്നതായി അമേരിക്കയും ബ്രിട്ടനും ആവർത്തിച്ചു വ്യക്തമാക്കി.
ബ്രിട്ടനിലെയും അമേരിക്കയിലെയും ഇന്ത്യയുടെ നയതന്ത്ര കാര്യാലയങ്ങൾക്കു നേരെ ഞായറാഴ്ച നടന്ന അതിക്രമങ്ങളിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനിടയിലാണ് വീണ്ടും ഖാലിസ്ഥാൻ അനുകൂല സംഘങ്ങളുടെ ആവർത്തിച്ചുള്ള പ്രകോപനം. ലണ്ടനിലെ ഇന്ത്യൻ ഹൈകമ്മീഷനിലേക്ക് വീണ്ടും ഖാലിസ്ഥാൻ വാദികൾ പ്രകടനം നടത്തി. ഇവരെ തടഞ്ഞ പൊലീസിന് നേരെ വെള്ളക്കുപ്പികൾ എറിയുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. നയതന്ത്ര ഓഫീസുകൾ ആക്രമിക്കപ്പെടുന്നതിലുള്ള കടുത്ത അമർഷം കേന്ദ്രസർക്കാർ ബ്രിട്ടനെ അറിയിച്ചിരുന്നു. ഇതിനോട് പ്രതികരിച്ച ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലി, അതിക്രമണങ്ങൾ അംഗീകരിക്കാൻ കഴിയാത്തതാണെന്ന് പ്രതികരിച്ചു.
നയതന്ത്ര കാര്യാലയങ്ങളുടെ സുരക്ഷ അതീവ ഗൗരവത്തോടെയാണ് ബ്രിട്ടൻ കാണുന്നതെന്നും ജെയിംസ് ക്ലെവർലി വ്യക്തമാക്കി. ഇന്ത്യ - ബ്രിട്ടൻ ഉഭയകക്ഷി ബന്ധം ആഴമേറിയതാണെന്നും അദ്ദേഹം വിശദീകരിച്ചു. അമേരിക്കയിൽ സാൻഫ്രാൻസിസ്‌കോയിൽ ഇന്ത്യൻ കോൺസുലേറ്റിന് മുന്നിൽ വീണ്ടും ഖലിസ്ഥാൻ അനുകൂലികളുടെ പ്രതിഷേധം അരങ്ങേറി. ഇരുന്നൂറോളം പേരാണ് പ്രതിഷേധ റാലിയിൽ പങ്കെടുത്തത്. ഇതോടെ അമേരിക്കൻ നഗരങ്ങളിലേ എല്ലാ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളുടെ സുരക്ഷയും വർദ്ധിപ്പിച്ചു. ഞായറാഴ്ച ഇന്ത്യൻ ഹൈക്കമ്മഷീന് നേരെ നടന്ന ആക്രമണത്തെ അപലപിക്കുന്നതായി അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവന് പറഞ്ഞു. നയതന്ത്ര ഓഫീസുകളുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷ ഉറപ്പാക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
