എയർ ഇന്ത്യ വിമാനങ്ങൾ തകർക്കുമെന്ന് ഭീഷണി; 'നവംബർ 1 മുതൽ 19വരെ സര്‍വീസ് അനുവദിക്കില്ലെന്ന് ഖാലിസ്ഥാൻ ഭീകരൻ
എയര്‍ ഇന്ത്യ വിമാനങ്ങള്‍ തകര്‍ക്കുമെന്ന് ഭീഷണിയുമായി ഖാലിസ്ഥാൻ വിഘടനവാദി നേതാവ്. ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഗുര്‍പഥ്വന്ത് സിങ് പന്നുവാണ് ഭീഷണി സന്ദേശവുമായി രംഗത്തെത്തിയത്
ദില്ലി: രാജ്യത്തെ വിമാനങ്ങള്‍ക്കുനേരെയുള്ള ബോംബ് ഭീഷണി സന്ദേശങ്ങള്‍ക്ക് പിന്നാലെ എയര്‍ ഇന്ത്യ വിമാനങ്ങള്‍ തകര്‍ക്കുമെന്ന് ഭീഷണിയുമായി ഖാലിസ്ഥാൻ വിഘടനവാദി നേതാവ്.
അടുത്ത മാസം ഒന്ന് മുതൽ 19വരെ എയര്‍ ഇന്ത്യ അന്തരാഷ്ട്ര സര്‍വീസ് നടത്തരുതെന്നും നടത്തിയാൽ തകര്‍ക്കുമെന്നുമാണ് ഭീഷണി. ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഗുര്‍പഥ്വന്ത് സിങ് പന്നുവാണ് ഭീഷണി സന്ദേശവുമായി രംഗത്തെത്തിയത്. ഈ ദിവസങ്ങളിൽ എയര്‍ ഇന്ത്യയിൽ യാത്ര ചെയ്യരുതെന്നാണ് യാത്രക്കാര്‍ക്ക് വിഘടനവാദി നേതാവിന്‍റെ മുന്നറിയിപ്പ്.
സിഖ് വിരുദ്ധ കലാപത്തിന്‍റെ നാല്‍പതാം വാര്‍ഷികം അടുക്കുന്നതിനിടെയാണ് ഭീഷണി സന്ദേശം.ഇന്ത്യയിലെ വിവിധ എയര്‍ലൈൻ കമ്പനികള്‍ക്ക് ബോംബ് ഭീഷണി സന്ദേശം ലഭിക്കുന്നതിനിടെയാണ് ഇപ്പോള്‍ പുതിയ ഭീഷണി. ഇതുവരെ മറ്റ് എയര്‍ലൈനുകള്‍ക്ക് ലഭിച്ച ഭീഷണി സന്ദേശമെല്ലാം വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ-കാനഡ ബന്ധം ഉലഞ്ഞിരിക്കുന്ന സാഹചര്യത്തിലാണിപ്പോള്‍ ഭീഷണിയുമായി വിഘടനവാദി നേതാവ് രംഗത്തെത്തിയിരിക്കുന്നത്.
നേരത്തെയും ഗുര്‍പത്വന്ത് സിങ് സമാനഭീഷണികള്‍ മുഴക്കിയിട്ടുണ്ട്. ഡിസംബര്‍ 13ന് മുമ്പ് പാര്‍ലമെന്‍റിന് നേര്‍ക്ക് ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കിയിരുന്നു. തുടര്‍ന്ന് സുരക്ഷാ ഏജന്‍സികള്‍ സുരക്ഷ ശക്തമാക്കിയിരുന്നു. ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പേര് മാറ്റണമെന്നും നവംബര്‍ 19ന് അടച്ചിടണമെന്നുമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഭീഷണി. കാനഡയുടെയും യുഎസിന്‍റെയും പൗരത്വമുള്ള ഗുര്‍പഥ്വന്ത് സിങ് സിഖ്സ് ഫോര്‍ ജസ്റ്റിസ് സംഘടനയുടെ സ്ഥാപകനാണ്.