'എക്സൈസ് സംഘം വീട്ടിലെത്തി അടിവസ്ത്രത്തിൽ നിർത്തി മർദിച്ചു'; യുവാവിന്‍റെ മരണത്തിൽ ഗുരുതര ആരോപണവുമായി കുടുംബം
എക്സൈസ് ജീവനക്കാർ മർദ്ദിച്ചതിൽ മനംനൊന്ത് യുവാവ് തൂങ്ങി മരിച്ചുവെന്ന് പരാതി. പത്തനംതിട്ട പഴകുളം സ്വദേശി വിഷ്ണു 27 ആണ് മരിച്ചത്. സംഭവത്തിൽ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.
പത്തനംതിട്ട: എക്സൈസ് ജീവനക്കാർ മർദ്ദിച്ചതിൽ മനംനൊന്ത് യുവാവ് തൂങ്ങി മരിച്ചുവെന്ന് പരാതി. പത്തനംതിട്ട പഴകുളം സ്വദേശി വിഷ്ണു 27 ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിയ എക്സൈസ് സംഘം അടിവസ്ത്രം മാത്രം ധരിപ്പിച്ച് മർദ്ദിച്ചു എന്നാണ് ബന്ധുക്കളുടെ പരാതി. ഇന്നലെ ഉച്ചയോടെയാണ് 27കാരൻ വിഷ്ണുവിനെ പഴകുളത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്.
വ്യാഴാഴ്ച പറക്കോട് നിന്നുള്ള എക്സൈസ് സംഘം വിഷ്ണുവിൻറെ അയൽപക്കത്തെ വീട്ടിലെത്തിയിരുന്നു. അവിടെനിന്ന് കഞ്ചാവ് കണ്ടെടുക്കുകയും ചെയ്തു. തുടർ അന്വേഷണത്തിന് എന്ന പേരിൽ വീട്ടുമുറ്റത്ത് നിന്ന വിഷ്ണുവിനെ ചോദ്യം ചെയ്തശേഷം അകാരണമായി മർദ്ദിച്ചു എന്നാണ് പരാതി. കഞ്ചാവ് കേസിലൊന്നും താനില്ലെന്നും ആത്മഹത്യ ചെയ്യുമെന്നും അമ്മയോട് മകൻ പറഞ്ഞിരുന്നുവെന്നും പൊലീസിന്‍റെ ഭാഗത്തുനിന്നും എക്സൈസിൽ നിന്നും മോശമായ അനുഭവമാണ് ഉണ്ടായതെന്നും അയല്‍വാസി പറഞ്ഞു. മകനെ എക്സൈസുകാര്‍ കുറെ ഉപദ്രവിച്ചെന്ന് മാതാവ് പറഞ്ഞു.
കിടക്കയിൽ കിടന്ന് ഉറങ്ങുകയായിരുന്ന അവനെ പിടിച്ച് എഴുന്നേല്‍പ്പിച്ച് അടിവസ്ത്രത്തിൽ നിര്‍ത്തിയാണ് മര്‍ദ്ദിച്ചത്. എന്തിനാണ് തന്നെ അടിക്കുന്നതെന്നും അവൻ ചോദിച്ചെന്നും ബന്ധു പുഷ്പ പറഞ്ഞു. വല്യമ്മേ ഇനി എനിക്ക് നാണക്കേട് കൊണ്ട് ജീവിക്കാൻ പറ്റുമോയെന്നും തൂങ്ങി ചാവുമെന്നാണ് തന്നോട് വിഷ്ണു പറഞ്ഞിരുന്നതെന്ന് പുഷ്പ പറഞ്ഞു.
സംഭവത്തിൽ പറക്കോട് എക്സൈസ് സിഐയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.അതേസമയം, വിഷ്ണുവിനെ കസ്റ്റഡിയിൽ എടുക്കുകയോ വീടിനുള്ളിൽ പ്രവേശിക്കുകയോ ചെയ്തിട്ടില്ലെന്ന് എക്സൈസ് അധികൃതര്‍ പറയുന്നത്. വിഷ്ണുവിന്‍റെ അയൽവാസിയുടെ പക്കൽ നിന്നും കഞ്ചാവ് കണ്ടെടുത്തിരുന്നു. അതിന്‍റെ ഭാഗമായി കാര്യങ്ങൾ ചോദിക്കാനാണ് വിഷ്ണുവിന്‍റെ അടുത്തെത്തിയതെന്നും മർദ്ദിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)