Asianet News MalayalamAsianet News Malayalam

കൊയിലാണ്ടിയിൽ നിന്നു തട്ടിക്കൊണ്ടു പോയ ആളെ കാൽ തല്ലിയൊടിച്ച ശേഷം ഉപേക്ഷിച്ചു: പിന്നിൽ സ്വർണക്കടത്ത് സംഘം

ഇന്നലെ രാവിലെ തട്ടിക്കൊണ്ടു പോയ ഇയാളെ ഇന്ന് പുലർച്ചെയോടെയാണ്  കോഴിക്കോട് കുന്ദമംഗലത്ത് ഉപേക്ഷിക്കുകയായിരുന്നു. ഇയാളുടെ ശരീരത്തിൽ ബ്ലേഡ് കൊണ്ട് മുറിവേൽപ്പിച്ച പാടുകളുണ്ട്.

kidnapping of smuggled gold carrier
Author
Koyilandy, First Published Jul 14, 2021, 12:52 PM IST

കോഴിക്കോട്: സ്വർണക്കടത്ത് സംഘം ചൊവ്വാഴ്ച കൊയിലാണ്ടിയിൽ നിന്നും തോക്ക് ചൂണ്ടി തട്ടിക്കൊണ്ടു പോയ ആളെ കണ്ടെത്തി.  ഊരള്ളൂര്‍ സ്വദേശി അഷ്റഫിനെയാണ് കാലൊടിഞ്ഞ നിലയിൽ കണ്ടെത്തിയത്. കൊടുവള്ളിയിലെ സ്വർണക്കടത്ത് സംഘമാണ് അഷ്റഫിനെ തട്ടിക്കൊണ്ടു പോയതെന്നാണ് പൊലീസ് നൽകുന്ന സൂചന. 

ഇന്നലെ രാവിലെ തട്ടിക്കൊണ്ടു പോയ ഇയാളെ ഇന്ന് പുലർച്ചെയോടെയാണ്  കോഴിക്കോട് കുന്ദമംഗലത്ത് ഉപേക്ഷിക്കുകയായിരുന്നു. ഇയാളുടെ ശരീരത്തിൽ ബ്ലേഡ് കൊണ്ട് മുറിവേൽപ്പിച്ച പാടുകളുണ്ട്. തട്ടിക്കൊണ്ടു പോയവർ അഷ്റഫിനെ മാവൂരിലെ ഒരു തടി മില്ലിൽ എത്തിച്ച് മർദ്ദിച്ചെന്നാണ് സൂചന. അഷ്റഫിനെ കസ്റ്റഡിയിലെടുത്ത പൊലീസ് കോഴിക്കോട് മെഡി.കോളേജിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അഷ്റഫിനെ ചോദ്യം ചെയ്യുകയാണ്. 

അഷ്റഫിനെ തട്ടിക്കൊണ്ടു പോയവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി റൂറൽ എസ്.പി. ഡോ.ശ്രീനിവാസ് അറിയിച്ചു. ഇതിൽ ചിലരെ ഇപ്പോൾ ചോദ്യം ചെയ്യുന്നുണ്ട്. കൂടുതൽ വിവരം കിട്ടിയാൽ വൈകുന്നേരത്തോടെ പ്രതികളെ കസ്റ്റഡിയിലെടുക്കാനാവുമെന്നും എസ്.പി പറഞ്ഞു. ഫോൺ കോളുകളുടെയും സിസിടിവി ഫൂട്ടേജുകളുടെയും അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത് 

കോഴിക്കോട് റൂറൽ എസ്.പി ഡോ.എ.ശ്രീനിവാസ്, സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി സുനിൽ കുമാർ, അഷ്റഫിൻ്റെ തിരോധാനം അന്വേഷിക്കുന്ന സംഘത്തലവൻ ഡിവൈഎസ്പി മുഹമ്മദ് ഷെരീഫ് എന്നിവരാണ് അഷ്റഫിൻ്റെ മൊഴിയെടുത്തത്. കസ്റ്റംസ് സംഘവും കൊയിലാണ്ടി സ്റ്റേഷനിലെത്തി അഷ്റഫിൽ നിന്നും വിവരം ശേഖരിച്ചു. അഷ്റഫിൻ്റെ സഹോദരൻ സിദ്ദിഖിനെയും പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. താൻ സ്വർണക്കടത്ത് കാരിയറാണെന്ന് അഷ്റഫ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. രാമനാട്ടുകര സംഭവത്തിന് ശേഷവും  കോഴിക്കോട്  മേഖലയില്‍ സ്വര്‍ണ്ണക്കടത്ത് സംഘം സജ്ജീവമാണെന്ന സൂചനയാണ് കൊയിലാണ്ടിയിലെ തട്ടികൊണ്ട് പോകല്‍ വ്യക്തമാക്കുന്നത്.

അഷ്റഫിനെ തട്ടിക്കൊണ്ടു പോയെന്ന് പരാതി ലഭിച്ചതിന് പിന്നാലെ കോഴിക്കോട് റൂറൽ എസ്.പി പ്രത്യേക അന്വേഷണസംഘത്തിന് രൂപം നൽകിയിരുന്നു. ഇന്നലെ രാവിലെ ആറരയോടെയാണ് കൊയിലാണ്ടി ഊരള്ളൂരിലെ വീട്ടില്‍ കാറിലെത്തിയ സംഘം മാതോത്ത്മീത്തല്‍ അഷ്റഫിനെ തട്ടിക്കൊണ്ട് പോയത്. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിക്കൊണ്ട് പോകല്‍. അതിരാവിലെ ആയതുകൊണ്ട് അയര്‍ക്കാരൊന്നും വിവരം അറിഞ്ഞില്ല. പിന്നീട് അഷ്റഫിന്‍റെ വീട്ടില്‍ നിന്ന് നിലവിളി കേട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.

അഷ്റഫിനെതിരെ കൊച്ചി വഴി സ്വര്‍ണ്ണം കടത്തിയതിന് നേരത്തെ കേസുണ്ട്. റിയാദില്‍ നിന്ന് മെയ് അവസാനമാണ് ഇയാള്‍ നാട്ടിലെത്തിയത്. കാരിയറായ അഷറഫ് റിയാദില്‍ നിന്ന്  രണ്ട് കിലോയോളം സ്വര്‍ണ്ണം കൊണ്ടുവന്നതായാണ് പൊലീസിന് കിട്ടിയ വിവരം. ഈ സ്വര്‍ണ്ണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിന്പിന്നിലെന്നാണ് കരുതുന്നത്. കൊടുവള്ളി സ്വദേശിയായ നൗഷാദ് എന്നയാള്‍ സ്വര്‍ണ്ണം  വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നതായി സഹോദരന്‍ സിദ്ദീഖ് നേരത്തെ പറഞ്ഞിരുന്നു. 

തട്ടിക്കൊണ്ടു പോയ സംഘം നേരത്തേയും അഷ്റഫിനെ തേടി എത്തിയിരുന്നു. കള്ളക്കടത്ത് സ്വര്‍ണ്ണം തന്‍റെ പക്കല്‍ നിന്നും ക്വട്ടേഷന്‍ സംഘം തട്ടിയെടുത്തെന്നാണ് അഷ്റഫ് ഇവരോട് പറഞ്ഞിരുന്നത്. സുഹൃത്തുക്കളോടും ഇക്കാര്യം തന്നെയാണ് ആവര്‍ത്തിച്ചിരുന്നത്.തട്ടിക്കൊണ്ട് പോകാനായി സംഘം എത്തിയ വാഹനത്തിന്‍റെ നമ്പര്‍ പ്ലേറ്റ് വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു ലോറിയുടെ നമ്പറാണിത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios