ശശികുമാർ കിടപ്പ് തുടങ്ങിയിട്ട് വർഷം രണ്ടുകഴിഞ്ഞു. ഒന്ന് തിരിഞ്ഞു കിടക്കാനോ, എഴുന്നേറ്റിരിക്കാനോ പോലും പറ്റില്ല. ഓടി അടുത്തുവരുന്ന മക്കളെ ഒന്നോമനിക്കനും കഴിയില്ല. ദ്രവരൂപത്തിലുളള ഭക്ഷണം വല്ലപ്പോഴും കഴിച്ചാലായി. 

പാലക്കാട്: ഗുരുതരമായ വൃക്കരോഗം ബാധിച്ച് ചികിത്സയ്ക്ക് വഴിയില്ലാതെ കഴിയുകയാണ് പാലക്കാട് കൊടുവായൂരിലെ ശശികുമാറെന്ന യുവാവ്. ശശികുമാർ കിടപ്പിലായതോടെ, ശസ്ത്രക്രിയക്കും തുടർ ചികിത്സയ്ക്കും എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയാണ് ഭാര്യയും കുഞ്ഞുങ്ങളും. കൊടുവായൂർ ചാന്തുരുത്തി സ്വദേശി ശശികുമാർ കിടപ്പ് തുടങ്ങിയിട്ട് വർഷം രണ്ടുകഴിഞ്ഞു. ഒന്ന് തിരിഞ്ഞു കിടക്കാനോ, എഴുന്നേറ്റിരിക്കാനോ പോലും പറ്റില്ല. 

ഓടി അടുത്തുവരുന്ന മക്കളെ ഒന്നോമനിക്കനും കഴിയില്ല. ദ്രവരൂപത്തിലുളള ഭക്ഷണം വല്ലപ്പോഴും കഴിച്ചാലായി. ജീവൻ നിലനിർത്തുന്നത് മരുന്നുകളുടെ സഹായത്തിലാണ്. കെട്ടിട നിർമ്മാണ തൊഴിലാളിയായ ശശികുമാറിനെ നടുവേദനയുടെ രൂപത്തിലാണ് വൃക്ക രോഗം തളർത്തിയത്. അസുഖത്തിന്‍റെ തീവ്രത മനസിലാകുമ്പോഴേക്കും രണ്ട് വൃക്കയും തകരാറിലായി. 

മിക്ക ദിവസങ്ങളിലും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരിക്കും ശശികുമാര്‍. ശസ്ത്രക്രിയക്കും തുടർ ചികിത്സക്കും വേണ്ടത് ലക്ഷങ്ങളാണ്. അയൽവീടുകളിൽ കൂലിപ്പണി ചെയ്തും പരിചയക്കാരോട് കൈവായ്പ വാങ്ങിയുമൊക്കെയാണ് ഭാര്യ ചന്ദ്രിക മരുന്നിനുളള പണം കണ്ടെത്തുന്നത്. ഭര്‍ത്താവിന്‍റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്തണം, വീട്ട് ജോലികള്‍ നോക്കണം, ഇതിനെല്ലാം പുറമേ ഒന്നിലും നാലിലും പഠിക്കുന്ന മക്കൾ പ്രശാന്തിന്റെയും ശ്രീകാന്തിന്റെയും പഠനച്ചലവും ചന്ദ്രിക കണ്ടെത്തണം. ശശികുമാറിന് കൂടുതൽ പരിചരണം വേണ്ടിവന്നതോടെ കൂലപ്പണിക്ക് പോകുന്നതും അവസാനിപ്പിക്കേണ്ടി വന്നു. ഇപ്പോള്‍ ദിവസം തളളിനീക്കുന്നത് സുമനസ്സുകളുടെ കാരുണ്യത്താലാണ്. 

ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുത്താൽ മാത്രമേ ശശികുമാറിന് ശസ്ത്രക്രിയ നടത്താനാവൂ. ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താനുളള മരുന്നിനും ചികിത്സക്കും വേണ്ടിയുളള പെടാപ്പാടിലാണ് ഈ വീട്ടമ്മ. ഇനി ഈ കുടുംബത്തിന് ആകെ കൈമുതലായുളളത് പ്രതീക്ഷ മാത്രമാണ്. 

അക്കൗണ്ട് വിവരങ്ങള്‍

Sasikumaran K

A/c number : 40295101030877

Kerala grameen bank

Koduvayoor branch

IFSC: KLGB0040295