തിരുവനന്തപുരം:  ചരിത്ര നേട്ടവുമായി കിഫ്ബി . മസാല ബോണ്ട് വഴി 2150 കോടി സമാഹരിച്ചു. ലണ്ടന്‍, സിങ്കപ്പൂര്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ നിന്നാണ് പണം സമാഹരിച്ചത്. 2024ലാണ് തുക മടക്കി നല്‍കേണ്ടത്. 9.25 ശതമാനമാണ് പലിശ നിരക്ക്, രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ അടിസ്ഥാന സൗകര്യത്തിനായി മസാല ബോണ്ട് വഴി പണം സമാഹരിക്കുന്നതെന്ന് കിഫ്ബി സിഇഓ കെ.എം എബ്രഹാം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

2016 മുതല്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ നിരന്തര ശ്രമങ്ങള്‍ക്കൊടുവില്‍ മസാല ബോണ്ട് വഴി വിദേശ വിപണിയില്‍ നിന്നും കിഫ്ബിക്ക് മികച്ച നേട്ടം. വിദേശ വിപണിയില്‍ ഇന്ത്യന്‍ കറന്‍സിയില്‍ ഇറക്കുന്ന കടപ്പത്രങ്ങളാണ് മസാല ബോണ്ടുകള്‍. ബാങ്കിംഗ്, ഇന്‍ഷൂറന്‍സ് മേഖലയിലെ വന്പന്‍ കാന്പനികളാണ് കിഫ്ബിയില്‍ നിക്ഷേപം നടത്താന്‍ തയ്യാറായത്. ആക്സിസ് ബാങ്ക് വഴി 2150 കോടി രൂപ കിഫ്ബി അക്കൗണ്ടിലെത്തി. 9.25 ശതമാന പലിശനിരക്കില്‍ 2024ല്‍ ഈ തുക തിരിച്ചടയ്ക്കണം. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സര്‍ക്കാര്‍ മസാല ബോണ്ട് വഴി വിദേശ വിപണിയില്‍ നിന്ന് ധനസമാഹരണം നടത്തുന്നത്. 

ഇതോടെ കിഫ്ബിയിലെ നിക്ഷേപം 9927 കോടിയായി ഉയര്‍ന്നു. സംസ്ഥാനത്തിന്‍റെ അടിസ്ഥാന സൗകര്യമേഖലയ്ക്ക് ഇത് വന്‍ കുതിപ്പ് പകരും. മികച്ച റേറ്റിംഗോടെ ആഗോള വിപണിയില്‍ നിന്ന് ഇത്രയും തുക സമാഹരിക്കാനായത് നവകേരള നിര്‍മാണത്തിനുളള ധനസമാഹരണത്തിനും ശക്തിപകരുമെന്നാണ് പ്രതീക്ഷ.