തിരുവനന്തപുരം: സിഎജി സർക്കാരിന് നൽകിയത് സമ്പൂർണ്ണറിപ്പോർട്ടെന്ന് സിഎജിയുടെ വാർത്താക്കുറിപ്പ് കിഫ്ബി വിവാദത്തിൽ സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. കരട് റിപ്പോർട്ടെന്ന വാദത്തിലൂന്നിയാണ് ധനമന്ത്രി നവംബർ 14 മുതൽ സർക്കാരിനെ പ്രതിരോധിച്ചത്. എന്നാൽ സിഎജി സമർപ്പിച്ചത് അന്തിമ റിപ്പോർട്ടാണെന്ന സത്യം പുറത്തുവന്നതോടെ പ്രതിപക്ഷം ഇത് ആയുധമാക്കും. ഇന്ന് ധനമന്ത്രി തോമസ് ഐസക് ഈ വിഷയത്തിൽ വിശദീകരണം നൽകുമെന്നാണ് കരുതുന്നത്.

നവംബർ 14 ശനിയാഴ്ചാണ് സിഎജി റിപ്പോർട്ടിനെതിരെ കടുത്ത വിമർശനവുമായി ധനമന്ത്രി വാർത്താസമ്മേളനം നടത്തിയത്. സിഎജി രാഷ്ട്രീയം കളിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ധനമന്ത്രിയുടെ വിമർശനം. കരട് റിപ്പോർട്ടല്ല ഇത് സമ്പൂർണ്ണ റിപ്പോർട്ടാണെന്ന് ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവറിൽ രാഷ്ട്രീയ നിരീക്ഷകൻ ജോസഫ് സി മാത്യ അന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇക്കാര്യം ധനമന്ത്രി ആവർത്തിച്ച് നിഷേധിച്ചു. 

നവംബർ 11ന് സിഎജി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ, ആറാം തീയതി റിപ്പോർട്ട് നൽകിയെന്നും നിയമസഭയിൽ സമർപ്പിക്കാനുള്ള റിപ്പോർട്ടാണെന്നും വിശദീകരിക്കുന്നു. ഇതോടെ കരട് റിപ്പോർട്ടാണ് സിഎജി നൽകിയതെന്ന ധനമന്ത്രിയുടെ വാദം പൂർണ്ണമായും പൊളിയുകയാണ്. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് നിയമസഭയിൽ വെക്കുന്നതിന് മുൻപ് സിഎജി റിപ്പോർട്ടിന്റെ ഉള്ളടക്കം വാർത്താസമ്മേളനം വിളിച്ച് ധനമന്ത്രി തന്നെ വിമർശിക്കുന്നത്. ഇത് ചട്ട ലംഘനമാണെന്നാണ് പ്രതിപക്ഷ ആരോപണം. എന്നാൽ കരട് റിപ്പോർട്ടാണെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ധനമന്ത്രി. ഇക്കാര്യത്തിൽ ഇന്ന് വിശദമായി പ്രതികരിക്കുമെന്നും ഡോ ടി എംതോമസ് ഐസക്ക് വ്യക്തമാക്കി.