Asianet News MalayalamAsianet News Malayalam

തോമസ് ഐസക്കിന് നിർണായകം; ഇഡി സമൻസ് ചോദ്യം ചെയ്തുള്ള ഹർജി കോടതിയിൽ, ചെയ്ത കുറ്റമെന്ത്? ചോദ്യവുമായി മുൻ മന്ത്രി

ഫെമ നിയമ ലംഘനം നടത്തിയെന്ന് പറയുന്ന ഇ ഡി, ചെയ്ത കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ലെന്നാണ് ഐസക്കിന്റെ പ്രധാന വാദം. എന്ത് സാഹചര്യത്തിലാണ് ഹാജരാകാൻ നോട്ടീസ് അയച്ചതെന്നു രേഖകൾ സഹിതം വിശദീകരിക്കാൻ ഇഡിയോടെ കോടതി ആവശ്യപ്പെട്ടിരുന്നു.

kiifb ed notice to thomas isaac petition in highcourt today
Author
Kochi, First Published Aug 17, 2022, 1:41 AM IST

കൊച്ചി: കിഫ്‌ബിയ്ക്ക് എതിരായ അന്വേഷണത്തിന്റെ ഭാഗമായി ഇ ഡി നൽകിയ സമൻസിലെ തുടർന്നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട്  തോമസ് ഐസക്ക് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. താൻ ഫെമ നിയമ ലംഘനം നടത്തിയെന്ന് പറയുന്ന ഇ ഡി, ചെയ്ത കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ലെന്നാണ് തോമസ് ഐസക്കിന്റെ പ്രധാന വാദം. എന്ത് സാഹചര്യത്തിലാണ് ഐസക്കിന് ഹാജരാകാൻ നോട്ടീസ് അയച്ചതെന്നു രേഖകൾ സഹിതം വിശദീകരിക്കാൻ ഇഡിയോടെ കോടതി ആവശ്യപ്പെട്ടിരുന്നു.

സംശയകരമായ ഇടപാടുകൾ കണ്ടെത്തിയ സാഹചര്യത്തിൽ  വിവരങ്ങൾ തേടാനാണ് സമൻസ് അയച്ചതെന്നും പ്രതിയായിട്ടല്ലാ തോമസ് ഐസക്കിനെ വിളിപ്പിച്ചതെന്നുമാണ് കഴിഞ്ഞ തവണ ഹർജി പരിഗണിക്കവേ ഇഡി കോടതിയെ അറിയിച്ചത്. കൂടാതെ ഇന്ന് വരെ ഐസക്ക് ഹാജരാകേണ്ടതില്ലെന്നും ഇഡി അഭിഭാഷകൻ വാക്കാൽ പറഞ്ഞിരുന്നു. വലിയ വാദ പ്രതിവാദങ്ങളാണ് കഴിഞ്ഞ തവണ ഹർജി പരി​ഗണിച്ചപ്പോൾ ഹൈക്കോടതിയില്‍ അരങ്ങേറിയത്.

കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് ഇഡി നൽകിയ സമൻസുകളിലെ വൈരുദ്ധ്യം ചൂണ്ടിക്കാണിച്ചായിരുന്നു സിംഗിൾ ബെഞ്ചിൽ തോമസ് ഐസക്കിന്‍റെ വരവ്. ആദ്യത്തെ സമൻസിൽ  ഹാജരാകണമെന്നാവശ്യപ്പെടുന്നു, രണ്ടാമത്തേതിൽ തന്‍റെയും കുടുംബംഗങ്ങളുടെയും വ്യക്തിവിവരങ്ങൾ തേടുന്നു. ഇത് ഉദ്ദേശം വേറെയാണെന്ന് തോമസ് ഐസക്ക് ഉന്നയിച്ചു. ഫെമ ലംഘനമെന്ന പേരിൽ ഇഡിയുടെ നടപടി ചട്ടവിരുദ്ധമാണെന്നും ഐസക്ക് വാദിച്ചു.

എന്നാല്‍, അന്വേഷണ ഏജൻസിക്ക് സംശയം തോന്നിയാൽ ആരെയും വിളിപ്പിച്ചുകൂടേയെന്നായിരുന്നു ജസ്റ്റിസ് വി ജി അരുണിന്‍റെ മറുചോദ്യം. മൊഴിയെടുക്കാനുളള അന്വേഷണ ഏജൻസിയുടെ തീരുമാനത്തിൽ എന്താണ് കുഴപ്പമെന്നും സിംഗിൾ ബെഞ്ച് തോമസ് ഐസക്കിനോട് ചോദ്യം ഉന്നയിച്ചു. താൻ എന്ത് നിയമലംഘനമാണ് നടത്തിയതെന്ന് ആദ്യം എൻഫോഴ്സ്മെന്‍റ്  വ്യക്തമാക്കട്ടെയെന്നായിരുന്നു തോമസ് ഐസക്കിനായി ഹാജരായ സുപ്രീം കോടതയിലെ മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ദവേയുടെ മറുപടി.

തോമസ് ഐസക് പ്രതിയാണെന്ന് തങ്ങൾ എങ്ങും പറഞ്ഞിട്ടില്ലെന്ന് കോടതിയെ അറിയിച്ച ഇഡി, സാക്ഷിയായി തോമസ് ഐസക്കിന് സഹകരിച്ച് കൂടേയെന്നും ചോദിച്ചു. സാക്ഷിയായിട്ടാണെങ്കിൽ വ്യക്തിവിവരങ്ങൾ എന്തിനാണ് തിരക്കുന്നതെന്ന്  തോമസ് ഐസക്ക് ആരാഞ്ഞു. ഇത് പരിഗണിച്ച കോടതി ഒരാളുടെ സ്വകാര്യത ലംഘിക്കാനാവില്ലെന്ന് പരാമര്‍ശിക്കുകയും വ്യക്തി വിവരങ്ങൾ ആരാഞ്ഞത് എന്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് ചോദിക്കുകയും ചെയ്തു.  

തോമസ് ഐസക്കിന്‍റെ  വ്യക്തിവിവരങ്ങൾ കേസിൽ ആവശ്യമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന് തോന്നിയതുകൊണ്ടാണെന്നും അത് വിവേചനാധികാരമാണെന്നുമായിരുന്നു ഇഡിയുടെ മറുപടി. തുടര്‍ന്ന് വിശദമായ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്ന് ഇഡി ആവശ്യപ്പെട്ടതോടെയാണ് ഹർജി ഇന്ന് പരി​ഗണിക്കാനായി മാറ്റിയത്.  

ഇഡിക്കെതിരെ ഒന്നിച്ചു; തോമസ് ഐസക്കിന് സതീശന്‍റെ പൂര്‍ണ പിന്തുണ, ഡീല്‍ എന്തെന്ന് ചോദിച്ച് ബിജെപി

കിഫ്ബി കേസിലെ ഇഡി അന്വേഷണത്തിന് സ്റ്റേ ഇല്ല; ആവശ്യം തള്ളി ഹൈക്കോടതി, ഫെമ നിയമം ലംഘിച്ചെന്ന് സംശയമുണ്ടെന്ന് ഇഡി

Follow Us:
Download App:
  • android
  • ios