തിരുവനന്തപുരം: കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് അന്വേഷിക്കുമെന്ന വാർത്തയിൽ പ്രതികരണവുമായി കിഫ്ബി സിഇഒ കെ എം എബ്രഹാം.  യെസ് ബാങ്കിൽ പണം നിക്ഷേപിച്ചത് മാനദണ്ഡങ്ങൾ പാലിച്ചാണെന്ന് കെ എം എബ്രഹാം വ്യക്തമാക്കി. കിഫ്ബിയുടെ നിക്ഷേപ നയം അനുസരിച്ചാണ് യെസ് ബാങ്കിൽ പണം നിക്ഷേപിച്ചതും പിൻവലിച്ചതുമെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും കെ എം എബ്രഹാം പറഞ്ഞു

250 കോടി രൂപ യെസ് ബാങ്കിൽ നിക്ഷേപിച്ചതിനെ കുറിച്ച് ഇഡി അന്വേഷണം ആരംഭിച്ചതായി കേന്ദ്ര ധനകാര്യമന്ത്രാലയമാണ് ഇന്ന് രാജ്യസഭയെ അറിയിച്ചത്. കിഫ്ബിയിൽ സിഎജി ഓഡിറ്റിംഗ് നടത്തുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ക്കുമ്പോഴാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അന്വേഷണം.

സമാജ് വാദി പാര്‍ടി അംഗം ജാവേദ് അലി ഖാന്‍റെ ചോദ്യത്തിന് രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് കിഫ്ബിക്കെതിരെ എൻഫോഴ്സ്മെ‍ന്‍റ് ഡയറക്ടറേറ്റ് അന്വേഷണം എന്ന വെളിപ്പെടുത്തൽ കേന്ദ്ര ധനമന്ത്രാലയം നടത്തിയത്. 250 കോടി രൂപ യെസ്ബാങ്കിൽ നിക്ഷേപിച്ചതിന് കിഫ്ബിക്കെതിരെയും കിഫ്ബി ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ക്കെതിരെയും പരാതി കിട്ടിയതായും , അന്വേഷണം നടക്കുകയാണെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറാണ് വ്യക്തമാക്കിയത്. 

ഈ ഘട്ടത്തിൽ എന്തെങ്കിലും വിവരങ്ങൾ പങ്കുവെക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറിയിച്ചതായും
ധനമന്ത്രാലയത്തിന്‍റെ മറുപടിയിൽ പറയുന്നു. സ്വര്‍ണ്ണക്കടത്തും, ലൈഫ് മിഷൻ പദ്ധതിയുമൊക്കെ കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നതിനിടെയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ അടിസ്ഥാന സൗകര്യ വികസന രംഗത്തെ പദ്ധതിക്കായി പണമിടപാട്
നടത്തുന്ന കിഫ്ബിക്കെതിരെയും അന്വേഷണം. 

കിഫ്ബിയിലെ ഓഡിറ്റിംഗിനെ ചൊല്ലി സംസ്ഥാന സര്‍ക്കാരും സിഎജിയും തമ്മിൽ തര്‍ക്കം തുടരുന്നതിനിടെയാണ്
കേന്ദ്ര നീക്കമെന്നതും ശ്രദ്ധേയമാണ്.