തിരുവനന്തപുരം: കിഫ്‌ബി വിവാദത്തിൽ ഗൂഢാലോചനാ വാദം ധനമന്ത്രി തോമസ് ഐസക് ആവർത്തിക്കുമ്പോൾ തെളിവ് കൊണ്ടുവരാൻ വെല്ലുവിളിച്ച് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. ബിജെപി നേതാവ് റാം മാധവ് ആസൂത്രണം ചെയ്ത ഗൂഢാലോചനയുടെ ഭാഗമായാണ് താൻ കിഫ്ബിക്കെതിരെ കേസ് കൊടുത്തതെന്ന് തെളിയിച്ചാൽ, താൻ ആ നിമിഷം പൊതുപ്രവർത്തനം അവസാനിപ്പിക്കാമെന്നാണ് കുഴൽനാടൻ അവകാശപ്പെടുന്നത്.

കിഫ്ബി വിദേശവായ്പയെടുക്കുന്നതിന് റിസർവ് ബാങ്കിന്‍റെ അനുമതിയില്ലെന്നും, എൻഒസി മാത്രമാണുള്ളതെന്നും ഗുരുതര ആരോപണവും കുഴൽനാടൻ ഉന്നയിക്കുന്നു. അനുമതി ലഭിച്ചു എന്നു കാണിക്കുന്ന രേഖ ധനമന്ത്രി പുറത്തു വിടട്ടെയെന്നും കുഴൽനാടൻ പറയുന്നു. എന്നാൽ ഈ വാദങ്ങളെല്ലാം തോമസ് ഐസക് തള്ളിക്കളയുകയാണ്. ആലപ്പുഴയിലും തിരുവനന്തപുരത്തുമായി ഒരേസമയം രണ്ട് വാർത്താസമ്മേളനങ്ങൾ വിളിച്ചായിരുന്നു മന്ത്രിയുടെയും കുഴൽനാടന്‍റെയും വാക്പോര്. 

അതേസമയം ആർഎസ്എസ് ഗൂഢാലോചനാ വാദം ധനമന്ത്രി ആരോപിക്കുന്നത് അതിബുദ്ധി കൊണ്ടാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ പറഞ്ഞു.

തൃശ്ശൂർ രാമനിലയത്തിൽ വച്ച് താൻ ഗൂഢാലോചന നടത്തിയെന്ന ആരോപണം വെറുതെ ധനമന്ത്രി ഉന്നയിച്ചാൽ പോരാ, തെളിയിക്കണമെന്ന് മാത്യു കുഴൽനാടൻ ആവശ്യപ്പെടുന്നു. ആരോപണം തെളിഞ്ഞാൽ രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കാൻ തയ്യാറാണ്. സംസ്ഥാനത്തിന്‍റെ താത്പര്യം സംരക്ഷിക്കലല്ല ധനമന്ത്രി ചെയ്തത്. കിഫ്ബി കേരളത്തിന്‍റെ സാമ്പത്തിക ആത്മഹത്യയ്ക്കുള്ള തൂക്കുകയറാണ്. മസാല ബോണ്ട് തികഞ്ഞ പരാജയമാണെന്നും കുഴൽനാടൻ.

മസാല ബോണ്ട് വാങ്ങിയത് ആരൊക്കെ, എത്ര ശതമാനം പലിശയ്ക്ക് എന്നത് ധനമന്ത്രി പുറത്തു വിടണമെന്ന് കുഴൽനാടൻ ആവശ്യപ്പെടുന്നു. ബോണ്ടുകൾ ലാവലിൻ കമ്പനിക്ക് വാങ്ങാൻ പരുവത്തിൽ എം.ഒ.യു മാറ്റം വരുത്തിയോ? കിഫ്ബിയിൽ നിന്നുള്ള പണം കുറഞ്ഞ പലിശ നിരക്കിൽ ആക്സിസ് ബാങ്കിൽ മാസങ്ങളോളം നിക്ഷേപിച്ചത് എന്തിന്? കുഴൽനാടൻ ചോദിക്കുന്നു.

താൻ ഹർജി ഏറ്റെടുത്തത് രാഷ്ട്രീയം നോക്കിയല്ല. കേസിൽ തുടരുമെന്നും കുഴൽനാടൻ വ്യക്തമാക്കുന്നു. ധനമന്ത്രി ആരോപിക്കുന്നത് പോലെ, കിഫ്ബി തന്നെ ഭരണഘടനാ വിരുദ്ധം ആണെന്ന അഭിപ്രായം തനിക്ക് ഇല്ല. എന്നാൽ കിഫ്ബിയിൽ അഴിമതിയുണ്ട്. മസാല ബോണ്ട് വായ്പ ഭരണഘടനാ വിരുദ്ധമാണ് എന്ന ചോദ്യത്തിന് മറുപടി പറയാത്തത് എന്താണ്? ധനമന്ത്രി സംവാദത്തിന് തയ്യാറാണോ എന്നും കുഴൽനാടൻ ചോദിക്കുന്നു. വിളിക്കുന്ന വേദിയിൽ സംവാദത്തിന് തയ്യാറെന്നും കുഴൽനാടൻ വെല്ലുവിളിക്കുന്നു. 

തൊഴിലും രാഷ്ട്രീയവും ഒരുമിച്ചു കൊണ്ടുപോകുന്ന ആളാണ് താൻ. ആരോപണങ്ങളിൽ മുറിവേറ്റു എന്ന തോന്നൽ ഉള്ളത് ഇതുകൊണ്ടാണെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കുന്നു. KMNP Law എന്ന, താൻ കൂടി ഭാഗമായ നിയമ സ്ഥാപനമാണ് ഹർജി തയ്യാറാക്കിയത്. കേസിൽ നിന്ന് ഒരു കാരണവശാലും പിൻമാറില്ലെന്നും കുഴൽനാടൻ വ്യക്തമാക്കുന്നു.