Asianet News MalayalamAsianet News Malayalam

'കില'യിൽ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് ചട്ടങ്ങൾ കാറ്റിൽ പറത്തി, കള്ളക്കളി ഇങ്ങനെ

കാലാവധി അവസാനിക്കാൻ മാസങ്ങൾ ബാക്കി നിൽക്കെയാണ് കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങൾ സർക്കാർ വേഗത്തിലാക്കിയത്. തീരുമാനം നിയമവിരുദ്ധമെന്ന് നിയമോപദേശം കിട്ടിയിട്ടും ഫയൽ വേഗത്തിൽ നീങ്ങി. എതിർപ്പുകളെല്ലാം മറികടന്ന്.

kila contract employees to get appointment on regular basis violating norms exclusive report
Author
Thiruvananthapuram, First Published Jan 10, 2021, 8:33 AM IST

തിരുവനന്തപുരം: സർക്കാർ സ്ഥാപനമായ കിലയിൽ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തിയത് ചട്ടങ്ങൾ കാറ്റിൽപ്പറത്തിയാണെന്ന് തെളിയുന്നു. പത്ത് പേരെ സ്ഥിരപ്പെടുത്താനുള്ള നിർദ്ദേശത്തിൽ നിയമവകുപ്പിന്‍റെയും ധനവകുപ്പിന്‍റെയും എതിർപ്പ് മറികടന്നാണ് മന്ത്രിസഭ തീരുമാനമെടുത്തത്. ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ച മന്ത്രിസഭാ യോഗത്തിനുള്ള കുറിപ്പിലാണ് എതിർപ്പുകൾ മറനീങ്ങുന്നത്.

കാലാവധി അവസാനിക്കാൻ മാസങ്ങൾ ബാക്കി നിൽക്കെയാണ് കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങൾ സർക്കാർ വേഗത്തിലാക്കിയത്. തദ്ദേശ സ്വയംഭരണവകുപ്പിന് കീഴിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനിൽ (കില) പത്ത് പേരെ സ്ഥിരപ്പെടുത്തിയതിലെ കള്ളകളികളാണ് മന്ത്രിസഭാ രേഖയിൽ തന്നെ മറനീങ്ങുന്നത്.

2006-ൽ ഉമാദേവിയും കർണ്ണാടക സർക്കാരും (Umadevi v/s Karnataka State Government) തമ്മിലെ കേസിൽ സുപ്രീംകോടതി ഭരണഘടനാ ബഞ്ച് വിധി ഉയർത്തിക്കാട്ടിയാണ് അവസാനകാലത്തെ സ്ഥിരപ്പെടുത്തൽ. എന്നാൽ ഫയൽ നീങ്ങിയപ്പോൾ ആദ്യം നിയമവകുപ്പാണ് ഭരണവകുപ്പിനെ നിയമപ്രശ്നങ്ങൾ അറിയിച്ചത്. തുടർച്ചയായി പത്ത് വർഷം പൂർത്തിയാക്കിയവരെ സ്ഥിരപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്നാണ് നിയമോപദേശം. 

ഉമാദേവി വേഴ്സസ് കർണ്ണാടക സർക്കാർ കേസിലെ വിധിന്യായത്തിൽ പറയുന്ന നിബന്ധനകകൾ പ്രകാരം കിലയിലെ പത്ത് പേർക്ക് സ്ഥിരനിയമനത്തിന് അർഹതയില്ലെന്ന  മറുപടി ഈ സർക്കാർ രേഖയിൽ വ്യക്തമായി പറയുന്നുണ്ട്. ജീവനക്കാരെ സ്ഥിരമായി നിയമിക്കാൻ നിർവ്വാഹമില്ലെന്ന് ധനവകുപ്പും വ്യക്തമാക്കി. ഇപ്പോഴത്തെ പട്ടികയിൽ ഉൾപ്പെട്ടവർ സ്ഥിരപ്പെടുത്തണമെന്ന ആവശ്യവുമായി 2019-ൽ ഹൈക്കോടതിയെ സമീപിച്ചപ്പോൾ സർക്കാർ സർക്കാർ തന്നെ ഈ ആവശ്യം നിരസിച്ചതായും മന്ത്രിസഭാ യോഗത്തിനുള്ള കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. 

നിയമ പ്രശ്നങ്ങൾ  നിലനിൽക്കെ ഡിസംബർ 24-ന് ചേർന്ന മന്ത്രിസഭായോഗം നിയമനങ്ങൾ അംഗീകരിച്ചു. അന്ന് തന്നെ ഉത്തരവുമിറക്കി. കിലക്ക് പിന്നാലെ സർക്കാരിന്‍റെ വിവിധ സ്ഥാപനങ്ങളിൽ കൂട്ട സ്ഥിരപ്പെടുത്തൽ തകൃതിയാണ്. എല്ലായിടത്തും നിയമപ്രശ്നങ്ങൾ ബാധകമെന്നിരിക്കെയാണ് ചട്ടങ്ങൾ അവഗണിച്ചുള്ള  പിൻവാതിൽ നിയമനങ്ങൾ. പിഎസ്‍സിയെ നോക്കുകുത്തിയാക്കിയുള്ള ഈ അനധികൃത നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾ ഉയർത്തുന്ന എതിർപ്പുകളും സർക്കാരിന് കണ്ട ഭാവമില്ല. 

Follow Us:
Download App:
  • android
  • ios