വിരമിച്ച ഹെഡ്മാസ്റ്ററെ ലാത്തി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചതിനാണ് കിളിമാനൂർ എസ് ഐ അരുണിനെ സസ്പെന്‍റ് ചെയ്തത്.

തിരുവനന്തപുരം: വിരമിച്ച ഹെഡ്മാസ്റ്ററെ ലാത്തിക്കടിച്ച് പരിക്കേൽപ്പിച്ച കിളിമാനൂർ എസ്ഐ അരുണിന് സസ്പെൻഷൻ. ഹെഡ്മാസ്റ്ററായി വിരമിച്ച കിളിമാനൂർ സ്വദേശി വിജയകുമാറിനെ അകാരണമായി ലാത്തികൊണ്ടടിച്ച് പരിക്കേൽപ്പിച്ചു എന്നായിരുന്നു പരാതി. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ മാസം 28-ാം തീയതിയായിരുന്നു സംഭവം. കിളിമാനൂർ ചൂട്ടയിൽ വച്ച് വീട്ടിലേക്ക് പോകാൻ ഓട്ടോ കാത്ത് നിന്നപ്പോള്‍ ജീപ്പിലെത്തി കിളിമാനൂർ എസ്ഐ അരുണ്‍ ജീപ്പിലിരുന്ന ലാത്തിവീശി പൃഷ്ഠഭാഗത്ത് അടിച്ചുവെന്നായിരുന്നു പരാതി. ലാത്തിയടിയില്‍ അധ്യാപകന് സാരമായി പരിക്കേറ്റിരുന്നു. 

സംഭവത്തിൽ ആറ്റിങ്ങല്‍ ഡിവൈഎസ്പി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അരുണിനെതിരെ റൂറൽ എസ്പിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിത്. നേരത്തെയും എസ്ഐ അരുണിനെതിരെ മൂന്നാംമുറ പ്രയോഗിച്ചതിനെതിരെ പരാതികളുണ്ടായിട്ടുണ്ട്.