കോഴിക്കോട്: കൂരാച്ചുണ്ടിൽ വീട്ടിൽ കയറിയ രണ്ട് കാട്ടുപന്നികളെ വെടിവച്ചു കൊന്നു. ഒരെണ്ണത്തിനെ പന്നിയെ വെടിയുതിര്‍ക്കാന്‍ ലൈസന്‍സുള്ള നാട്ടുകാരനും ഒന്നിനെ വനപാലകരുമാണ് വെടിവച്ചത്. അപകടകാരികളായ കാട്ടുപന്നികളില്‍ നിന്ന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

രാവിലെ ഏഴ് മണിയോടെയാണ് കെഎസ്ഇബി ജീവനക്കാരനായ പൂവ്വത്തുംചോല മോഹനന്‍റെ വീട്ടിലേക്ക് രണ്ട് കാട്ടുപന്നികൾ പാഞ്ഞ് കയറിയത്. നേരെ വീട്ടിലെ ആളില്ലാത്ത റൂമിലെത്തിയ പന്നികൾ ഫർണിച്ചറുകൾ കുത്തി മറിച്ചിടാൻ തുടങ്ങി. വീട്ടുകാർ മുറി പുറത്ത് നിന്ന് അടച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാർ വീട് അടച്ച് പുറത്ത് നിന്ന് പ്രതിഷേധിച്ചു. ശല്യക്കാരനായ പന്നിയെ വെടിവെച്ച് കൊല്ലണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

ഏറെ നാളായി കൂരാച്ചുണ്ട് പ്രദേശത്ത് പന്നി ശല്യം അതിരൂക്ഷമാണ്. പന്നിയെ വെടിവെച്ച് കൊല്ലാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് നിരവധി തവണ കർഷകർ വനംവകുപ്പിന് നിരവധി പരാതികള്‍ നൽകിയിരുന്നു.