കോഴിക്കോട്: കോഴിക്കോട്ട് പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ പക്ഷികളെ നശിപ്പിക്കുന്നത് തുടരുന്നു. പക്ഷിപ്പനി സ്ഥിരീകരിച്ച കൊടിയത്തൂര്‍, വേങ്ങേരി പ്രദേശങ്ങളില്‍ രോഗവ്യാപനം തടയാനായി മൂന്നാം ദിവസവും പക്ഷികളെ നശിപ്പിക്കുന്നത് തുടരുകയാണ്. കൊടിയത്തൂര്‍ പഞ്ചായത്തില്‍ നടപടികള്‍ ഇന്ന് പൂര്‍ത്തിയാകുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. അതേസമയം, കൊടിയത്തൂര്‍ പഞ്ചായത്തില്‍ പക്ഷികളെ കൊല്ലുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് നടപടികള്‍ തടസപ്പെട്ടു. 

എല്ലാ പക്ഷികളെയും കൊല്ലേണ്ട സാഹചര്യം ഇല്ലെന്നും അധികൃതര്‍ അനാവശ്യമായി ഭീതി സൃഷ്ടിക്കുന്നെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. നിലവില്‍ പൊലീസ് സംരക്ഷണത്തോടെയാണ് നടപടികള്‍ പുരോഗമിക്കുന്നത്. അതിനിടെ കാരശ്ശേരി കാരമുറിയിലെ ജനവാസ കേന്ദ്രത്തിൽ പത്തോളം വവ്വാലുകളെ ചത്ത നിലയിൽ കണ്ടെത്തി. സുബുലുൽ ഹുദാ മദ്രസയുടെ മുൻപിലെ മരത്തിൽ ഉണ്ടായിരുന്ന വവ്വാലുകൾ ആണ് ചത്തുവീണത്. 

മാനന്തവാടി വെറ്റിനറി സർജൻ രജിതാ ജോസഫിൻറെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി സാമ്പിളുകൾ ശേഖരിച്ചു. ഇവ ഭോപ്പാലിലെ ലാബിലേക്ക് അയക്കും. വവ്വാലുകളുടെ ശരീരാവശിഷ്ടങ്ങൾ ഒന്നര മീറ്റർ ആഴത്തിലുള്ള കുഴിയെടുത്ത് സംസ്കരിച്ചു. സ്ഥലത്ത് അണുനശീകരണം നടത്തുകയും ചെയ്തു. പക്ഷിപ്പനി സ്ഥിരീകരിച്ച കൊടിയത്തൂരിനടുത്ത പ്രദേശമാണ് കാരശ്ശേരി.

കൊവിഡ് -19. പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക