തിരുവനന്തപുരം: സർക്കാരിന്റെ കിരൺ ആരോഗ്യ സർവേയിൽ കനേഡിയൻ ഏജൻസിക്ക് പുറമെ സ്വകാര്യ ആശുപത്രിയും ഉൾപ്പെട്ടിരുന്നു. സർവേയുമായി സഹകരിച്ച വീടുകളിൽ മരണങ്ങൾ സംഭവിച്ചാൽ അതിന്റെ വിശദാംശങ്ങൾ ശേഖരിക്കാൻ അനുമതി നല്‍കിയത് കൊച്ചിയിലെ അമൃത ആശുപത്രിക്ക് ആണ്. ഇതിന്റെ രേഖകൾ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.

14 ജില്ലകളിലെ 10 ലക്ഷം ആളുകൾ, അവരുടെ ആരോഗ്യ സംബന്ധമായ സമഗ്ര വിവരങ്ങൾ , ഇത് കേരള സര്‍ക്കാര്‍ ശേഖരിച്ചശേഷം കനേഡിയൻ ഗവേഷണ ഏജൻസി ആയ പി എച്ച് ആർ ഐ യ്ക്ക് സോഫ്ട്‍വെയറില്‍ നിന്ന് നേരിട്ട് ഡാറ്റ എടുക്കാൻ അനുമതി നൽകി. പി എച്ച് ആർ ഐ തലവൻ ഡോ സലിം യൂസഫ് തന്റെ ഗവേഷണത്തിനായി ഈ വിവരങ്ങൾ ഉപയോഗിച്ചു. ഈ വിവരങ്ങൾ തെളിവ് സഹിതം പുറത്തു വന്നതിന് പിന്നാലെയാണ് മരണ വിവരങ്ങള്‍ ശേഖരിക്കുന്ന വെര്‍ബല്‍ ഓട്ടോപ്സിക്ക് സ്വകാര്യ ആശുപത്രിയായ അമൃത ഇൻസ്റ്റിറ്റ്യൂട്ടിന് അനുമതി നല്‍കിയ വിവരങ്ങളും പുറത്തുവരുന്നത്. 

മരണം എങ്ങനെ സംഭവിച്ചു , എന്തൊക്കെ രോഗങ്ങൾ ഉണ്ടായിരുന്നു , കഴിച്ചിരുന്ന മരുന്നുകൾ അങ്ങനെ വിശദാംശങ്ങളെല്ലാം ഈ ഘട്ടത്തില്‍ ശേഖരിക്കും. മരുന്ന് ഗവേഷണ മേഖലയില്‍ നിര്‍ണായകമായേക്കാവുന്നതാണ് ഈ വിവരങ്ങളും. ഇതും ശേഖരിച്ചത് കനേഡിയൻ ഗവേഷണ ഏജൻസിയായ പി എച്ച് ആര്‍ ഐയുടെ നിര്‍ദേശപ്രകാരമാണെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ മേഖലയില്‍ വിദഗ്ധരായവര്‍ ഉള്ളപ്പോൾ ആ ഡാറ്റാ ശേഖരിക്കുന്ന ചുമതല ഏല്‍പിച്ചത് എന്‍ ജി ഒ ആയ ഹെല്‍ത്ത് ആക്ഷൻ ബൈ പിപ്പിളിന്‍റെ ഡോ വിജയകുമാറിനെ. 

ഡോ വിജയകുമാറാകട്ടെ അത് അമൃതക്ക് കൈമാറുകയും ചെയ്തു. ആരോഗ്യ സെക്രട്ടറിയായിരുന്ന രാജീവ് സദാനന്ദൻ കൂടി അറിഞ്ഞുള്ള കൈമാറൽ. എന്നാല്‍ വെര്‍ബൽ ഓട്ടോപ്സി നടന്നിട്ടില്ലെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിശദീകരണം. പഠിച്ചശേഷം പ്രതികരിക്കാമെന്നായിരുന്നു അമൃത ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ നിലപാട്.